മുംബൈ: ഇതാണ് ക്യാപ്റ്റൻ. ഇങ്ങനെയാകണം ക്യാപ്റ്റൻ. ഹിമാലയൻ ടാസ്കിനുമുന്നിൽ നാലുറൺസകലെ വീണെങ്കിലുംഹൃദയങ്ങൾ ജയിച്ചാണ് സഞ്ജു സാംസൺ വാംഖഡെ സ്റ്റേഡിയം വിട്ടത്. രണാങ്കണത്തിൽ അവസാന ശ്വാസം വരെ പോരാടിയിട്ടും ജേതാവാകാൻ കഴിയാതെപോയ വീര യോദ്ധാവിന്‍റെ ഭാവമായിരുന്നു സഞ്ജുവിന്.
പഞ്ചാബ് കിങ്സിന്റെ 220 റൺസെന്ന വലിയ റൺമല താണ്ടാനിറങ്ങുേമ്പാൾ സഞ്ജു ഒരു ഹെർക്കുലീസായി. അസാധ്യമെന്ന് കരുതിയ ലക്ഷ്യം അയാൾക്ക് മുന്നിൽ മുട്ടുകുത്തി നിന്നു. ഒടുവിൽ വിജയത്തിന് നാലുറൺസകലെ സഞ്ജു വീഴുേമ്പാൾ ഒരു പക്ഷേ ക്രിക്കറ്റ് ലോകമൊന്നാകെയും ഒരു വേള നിരാശയിലേക്ക് വീണിരിക്കും. 63 പന്തിൽ 119 റൺസുമായി ചെയ്യാവുന്നതിന്‍റെ പരമാവധി ചെയ്തിട്ടും അവസാനപന്തിൽ വിജയത്തിലേക്ക് വേണ്ട അഞ്ചുറൺസ് നേടാനാകാതെ ദീപക് ഹൂഡക്ക് സഞ്ജു പിടികൊടുക്കുകയായിരുന്നു. നായകനായുള്ള ആദ്യ മത്സരത്തിൽ തന്നെ നേടിയ ഗംഭീര സെഞ്ച്വറി സഞ്ജുവിന് വരും മത്സരങ്ങളിലും ഉത്തേജനമാകും.
രണ്ടാമനായി ബാറ്റിങ്ങിനിറങ്ങിയ സഞ്ജുവിനെ പുറത്താക്കാൻ പഞ്ചാബ് നായകൻ കെ.എൽ രാഹുൽ കൈയ്യിലുള്ള അസ്ത്രങ്ങളെല്ലാം പുറത്തെടുത്തെങ്കിലും വീഴാതെ കളംവാണ മലയാളി താരം തന്‍റെ ക്ലാസ് എന്താണെന്ന് ലോകത്തിന് വിളംബരം ചെയ്യുകയായിരുന്നു. ഏഴ് സിക്സറുകളും 12 ബൗണ്ടറികളുമാണ് സഞ്ജുവിന്റെ ബാറ്റിനെ ചുംബിച്ച് വാംഖഡെയിൽ പെയ്തിറങ്ങിയത്.
ഇടവേളകളിൽ കൂട്ടിനെത്തിയ ജോസ് ബട്ലർ (25), ശിവം ദുബെ (23), റ്യാൻ പരാഗ് (25) എന്നിവരെ കൂട്ടുപിടിച്ച് സഞ്ജു കത്തിക്കയറുകയായിരുന്നു. വിക്കറ്റിന് പിന്നിൽ ഒരു തവണ കെ.എൽ രാഹുലും ഉയർത്തിയടിച്ച പന്ത് മായങ്ക് അഗർവാളും കൈവിട്ടത് സഞ്ജുവിന് തുണയായി. സ്വതസിദ്ധമായ ക്ലാസിക് ഷോട്ടുകളാൽ കളം നിറഞ്ഞ സഞ്ജു തനിക്കില്ലെന്ന് പറയപ്പെടുന്ന പക്വതയും തെളിയിച്ചു.
അവസാനത്തെ രണ്ട് പന്തുകളിൽ അഞ്ച് റൺസ് വേണ്ടിയിരിക്കേ അഞ്ചാംപന്തിൽ സിംഗിളെടുക്കാതിരുന്നത് സഞ്ജുവിന്റെ ആത്മവിശ്വാസക്കൂടുതലോ അഹങ്കാരമോ അയി വ്യാഖാനിക്കാം. പക്ഷേ, ഇത് ക്രിക്കറ്റാണ്. ഇത്തരം അനിശ്ചിതത്വങ്ങളും ധീരതകളുമാണ് ഈ കളിയെ മനോഹരമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.