ദുബൈ: ഐ.പി.എല്ലിൽ ഡൽഹി കാപിറ്റൽസിനെതിരെ 33 റൺസിന്‍റെ തോൽവി വഴിങ്ങിയതിന് പിന്നാലെ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിന് ഇരുട്ടടിയായി കുറഞ്ഞ ഓവർ നിരക്കിനുള്ള പിഴയും വിലക്ക് ഭീഷണിയും.
പഞ്ചാബിനെതിരായ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന്‍റെ പേരിൽ സഞ്ജുവിന് 12 ലക്ഷം രൂപ പിഴ ലഭിച്ചിരുന്നു. ഞായറാഴ്ച തുടർച്ചയായ രണ്ടാം മത്സരത്തിലും കുറ്റം ആവർത്തിച്ചതോടെ പിഴ 24 ലക്ഷമായി. ഒപ്പം സഹതാരങ്ങൾ ആറ് ലക്ഷം രൂപയോ മാച്ച്ഫീയുടെ 25 ശതമാനമോ നൽകണം.
തുടർച്ചയായി രണ്ട് മത്സരങ്ങളിൽ കുറഞ്ഞ ഓവർ നിരക്കിന്‍റെ പേരിൽ പിഴ ലഭിച്ചതോടെ സഞ്ജു വിലക്ക് ഭീതിയിലാണ്. ഒരുതവണ കൂടി ഇത് സംഭവിച്ചാൽ സഞ്ജുവിന് ഒരു മത്സരത്തിൽ വിലക്ക് ലഭിക്കും. സീസണിലെ മൂന്നാമത്തേതും തുടർന്നുള്ള ഓരോ കുറ്റത്തിനും ബൗളിങ് ടീം നായകനിൽ നിന്ന് 30 ലക്ഷം രൂപയാണ് പിഴ ഈടാക്കുക. അടുത്ത ലീഗ് മത്സരത്തിൽ വിലക്കും ലഭിക്കുമെന്നാണ് ഐ.പി.എൽ ചട്ടം.
ക്രിക്കറ്റ് മത്സരത്തിൽ ബൗളിങ് ടീം മണിക്കൂറിൽ എറിഞ്ഞ് തീർക്കേണ്ട ഓവറുകളുടെ എണ്ണമാണിത്. ഐ.സി.സിയുടെ ട്വന്‍റി20 ഓവർ നിരക്കാണ് ഐ.പി.എല്ലിലും സ്വീകരിക്കുന്നത്.
ഒന്നര മണിക്കൂറിനുള്ളിൽ ബൗളിങ് ടീം ഇന്നിങ്സ് പൂർത്തിയാക്കണമെന്നാണ് ചട്ടം. രണ്ടര മിനിറ്റ് ദൈർഖ്യമുള്ള രണ്ട് സ്ട്രാറ്റജിക് ടൈംഔട്ട് അടക്കമാണിത്. മഴ, പരിക്ക്, മൂന്നാമ അമ്പയർ, എന്നിവ മൂലമുള്ള സമയനഷ്ടങ്ങൾ ഒഴിവാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.