ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിലും സഞ്ജു പ്രധാന വിക്കറ്റ് കീപ്പർ; ടീം പ്രഖ്യാപിച്ചു

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്‍റി20 പരമ്പര, ഇന്ത്യ-ആസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പര എന്നിവക്കായുള്ള ഇന്ത്യൻ സംഘത്തെ പ്രഖ്യാപിച്ചു. കൂടുതൽ പുതുമുഖങ്ങളെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ട്വന്റി20 ടീമിൽ മലയാളി താരം സഞ്ജു സാംസൺ പ്രധാന വിക്കറ്റ് കീപ്പറായി തുടരും. സൂര്യകുമാർ യാദവാണ് ക്യാപ്റ്റൻ. ജിതേഷ് ശർമയാണ് രണ്ടാം വിക്കറ്റ് കീപ്പർ. പരിക്കിന്റെ പിടിയിലുള്ള മായങ്ക് യാദവിനെയും ശിവം ദുബെയേയും റിയാൻ പരാഗിനെയും ടീമിലേക്ക് പരിഗണിച്ചില്ല. നവംബർ എട്ട്, പത്ത്, 13, 15 തീയതികളിലാണ് മത്സരങ്ങൾ.

ബോർഡർ ഗവാസ്കർ ട്രോഫിക്കുള്ള ടെസ്റ്റ് സംഘത്തെ രോഹിത് ശർമ നയിക്കും. ജസ്പ്രീത് ബുംറ ഉപനായകനായി തുടരും. വിരാട് കോഹ്ലിയും രവീന്ദ്ര ജദേജയും ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾ ടീമിൽ ഇടംനേടി. ഋഷഭ് പന്ത്, ധ്രുവ് ജുറേൽ എന്നിവരാണ് വിക്കറ്റ് കീപ്പർമാർ. പ്രസിദ്ധ് കൃഷ്ണയും നിതീഷ് കുമാർ റെഡ്ഡിയും ഉൾപ്പെടെ യുവതാരങ്ങളും ടീമിലുണ്ട്. ട്രാവലിങ് റിസർവായി മുകേഷ് കുമാർ, നവദീപ് സൈനി, ഖലീൽ അഹ്മദ് എന്നിവരും സംഘത്തോടൊപ്പമുണ്ട്.

ട്വന്റി20 ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, തിലക് വർമ, ജിതേഷ് ശർമ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രമൺദീപ് സിങ്, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, അർഷ്ദീപ് സിങ്, വിജയകുമാർ വൈശാഖ്, ആവേശ് ഖാൻ, യഷ് ദയാൽ.

ടെസ്റ്റ് ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, അഭിമന്യു ഈശ്വരൻ, ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, സർഫറാസ് ഖാൻ, ധ്രുവ് ജുറേൽ, ആർ. അശ്വിൻ, ആർ. ജദേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ, നിതിഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ.

അഞ്ച് മത്സരങ്ങളടങ്ങിയ ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരം നവംബർ 22ന് ആരംഭിക്കും. ജനുവരി 3-7 ആണ് അവസാന മത്സരം. അടുത്ത വർഷം ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ വരാനിരിക്കെ ഇന്ത്യക്കും ആസ്ട്രേലിയക്കും നിർണായകമാണ് ഈ പരമ്പരയിലെ പ്രകടനം.

Tags:    
News Summary - Sanju Samson in India Squad vs South Africa Border Gavaskar Trophy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.