'ഫോമിലുള്ള സഞ്ജുവിനെ അവഗണിക്കുന്നത് ബി.സി.സി.ഐയുടെ വൃത്തികെട്ട രാഷ്ട്രീയക്കളി', ആരാധക പ്രതിഷേധം കനക്കുന്നു

ന്യൂഡൽഹി: ​ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റ് ഫൈനൽ ​പ്രതീക്ഷകൾ ഏറക്കുറെ ഇരുളടഞ്ഞതോടെ മിന്നും ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണിന് ഇന്ത്യൻ ടീമിൽ ഇടം നൽകണമെന്ന ആവശ്യം ശക്തമാവുന്നു. ബാറ്റിങ്ങിലും കീപ്പിങ്ങിലും മോശം ഫോമിലുള്ള ഋഷഭ് പന്തിനെ മാറ്റി സഞ്ജുവിനെ തിരിച്ചുവിളിക്കണമെന്ന ആവശ്യമാണ് ശക്തമായത്. സഞ്ജു സാംസൺ എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ വീണ്ടും ട്രെൻഡിങ്ങായി.

മികച്ച ഫോമിൽ കളിക്കു​മ്പോഴും ഏഷ്യ കപ്പിനുള്ള ടീമിൽ പരിഗണിക്കാതിരുന്ന സഞ്ജുവിനെ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പ് ടീമിൽ ഉൾപെടുത്തണമെന്ന ആവശ്യമാണ് ആരാധകർ ഉന്നയിക്കു​ന്നത്. കളത്തിൽ പ്രകടനം മോശമായിട്ടും വടക്കേയിന്ത്യയിലെ തങ്ങൾക്ക് വേണ്ടപ്പെട്ട കളിക്കാരെ ടീമിൽ അരുമകളായി സംരക്ഷിച്ചുനിർത്തുന്നതും ദക്ഷിണേന്ത്യൻ താരങ്ങളായ സഞ്ജു, ദിനേശ് കാർത്തിക്, ആർ. അശ്വിൻ എന്നിവരോട് വിവേചനം കാട്ടുന്നതും പലരും ചൂണ്ടിക്കാട്ടി.


ശ്രീലങ്കയ്‌ക്കെതിരെ 13 പന്തില്‍ 17 റണ്‍സ് മാത്രമാണ് പന്തിന് നേടാനായത്. ഇതിനുപുറമെ ലങ്കക്ക് ജയിക്കാൻ രണ്ടു പന്തിൽ രണ്ടു റൺസ് വേണ്ടിയിരിക്കേ അനായാസ റണ്ണൗട്ട് അവസരവും പന്ത് പാഴാക്കിയിരുന്നു. ട്വന്റി20 ഫോർമാറ്റിൽ പന്തിനേക്കാൾ മിടുക്കനായ താരം സഞ്ജുവാണെന്ന് മുൻ താരങ്ങൾ ഉൾപെടെ പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.

'2022ൽ ട്വൻറി20 മത്സരങ്ങളിൽ സഞ്ജുവിന്റെ ശരാശരി 44.75 ആണ്. പന്തിന്റേത് 24.90ഉം. സഞ്ജു സ്കോർ ചെയ്യുമ്പോൾ എതിരാളി ദുർബലനാണ് എന്നൊക്കെയുള്ള വാദഗതികളുമായി അവർ വരും. സഞ്ജു പുറത്തായാൽ അവന്റെ ഷോട്ട് സെലക്ഷൻ മോശമാണ്, സ്ഥിരതയില്ല എന്നൊക്കെയുള്ള പതിവു കുറ്റ​പ്പെടുത്തലുകളും. പന്തിന്റെ ഈ നിരുത്തരവാദപരമായ കളിയെക്കുറിച്ച് ആർക്കുമൊന്നും പറയാനില്ല. എല്ലാവർക്കും മൗനം പാലിക്കുകയാണ്' -ഒരു ക്രിക്കറ്റ് ആരാധകൻ രോഷം കൊള്ളുന്നു. അവസാന 10 ഇന്നിങ്സുകളില്‍ സഞ്ജു 223 റണ്‍സ് നേടിയപ്പോള്‍ പന്തിന് 170 റണ്‍സേ നേടാനായുള്ളൂ എന്നതും ആരാധകർ ഓർമിപ്പിക്കുന്നു.


'ടീമിൽ പന്തിനെ എടു​ത്തപ്പോഴേ ഇന്ത്യ തോറ്റിരുന്നു. 57 ട്വന്റി20 മത്സരങ്ങളിൽ അവസരം നൽകി പരാജയമാണെന്ന് തെളിഞ്ഞിട്ടും അയാൾക്ക് വീണ്ടും വീണ്ടും അവസരം കിട്ടുന്നു. സഞ്ജു എത്ര മികവു കാട്ടിയാലും ടീമിൽ എടുക്കുന്നുമില്ല. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബി.സി.സി.ഐ) വൃത്തികെട്ട രാഷ്ട്രീയക്കളികളാണ് ഏഷ്യകപ്പിലെ തിരിച്ചടിക്ക് കാരണം' ഒരു ക്രിക്കറ്റ് പ്രേമിയുടെ ട്വീറ്റ് ഇങ്ങനെ.

'സോറി സഞ്ജൂ..നമുക്ക് 40 പന്തിൽനിന്ന് 50 റൺസ് നേടുന്ന കളിക്കാരെയാണ് വേണ്ടത്. 20 പന്തിൽ ഫിഫ്റ്റി അടിക്കുന്നവരെയല്ല' -ഒരു ആരാധകൻ എഴുതി. സ‍ഞ്ജുവിനെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ എന്നാണ് മിക്കവരുടെയും ട്വീറ്റ്. ഏഷ്യാ കപ്പിൽ മോശം ഫോമിൽ കളിച്ച പന്ത്, കെ.എൽ. രാഹുല്‍, ദീപക് ഹൂഡ എന്നിവരേക്കാള്‍ മികച്ചവന്‍ സ‍ഞ്ജുവാണെന്നും ആരാധകർ വിലയിരുത്തുന്നു.

Tags:    
News Summary - Sanju Samson is trending Trending in Twitter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.