‘സഞ്ജുവിന്റെ ക്യാപ്റ്റൻസിക്ക് പത്തിൽ പത്തു മാർക്ക്’

ജയ്പൂർ: ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസ് വ്യാഴാഴ്ച ചെന്നൈ സൂപ്പർ കിങ്സിനെ ആധികാരികമായി കീഴടക്കിയപ്പോൾ ശ്രദ്ധേയമായത് മലയാളിതാരം സഞ്ജു സാംസണിന്റെ നായകത്വം. ക്യാപ്റ്റനെന്ന നിലയിൽ സഞ്ജുവിന്റെ ബുദ്ധികൂർമതയും കണക്കുകൂട്ടലുകളൊക്കെ കുറിക്കുകൊണ്ട മത്സരം കൂടിയായിരുന്നു അത്. മികവുറ്റ ബാറ്റർമാരുള്ള ചെന്നൈയുടെ ചേസിങ്ങിനെ തന്ത്രപരമായ രീതിയിൽ ബൗളർമാരെ രംഗത്തിറക്കി താളംതെറ്റിച്ച സഞ്ജുവി​ന്റെ ക്യാപ്റ്റൻസിയെ മത്സരശേഷം ആരാധകരും കളിവിദഗ്ധരു​മൊക്കെ വാഴ്ത്തുന്നു. അതിവേഗത്തിൽ പന്തെറിയുന്നവരില്ലാതിരുന്നിട്ടും രാജസ്ഥാൻ ടീം ആധികാരികമായി ജയിച്ച കളിയിൽ സഞ്ജുവിന്റെ നായകപാടവത്തിന് താൻ പത്തിൽ പത്തുമാർക്കും നൽകുമെന്ന് ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടറായിരുന്ന ഇർഫാൻ പത്താൻ ട്വീറ്റ് ചെയ്തു.

‘ഇന്ന് രാജസ്ഥാൻ റോയൽസ് നിരയിൽ മണിക്കൂറിൽ സ്ഥിരമായി 140 കി.മീ വേഗത്തിൽ പന്തെറിയുന്ന ഒരു ബൗളർ പോലുമുണ്ടായിരുന്നില്ല. എന്നിട്ടും ഉയർന്ന കൃത്യതയിൽ അവർ ബൗൾ ചെയ്തുവെന്നതാണ് ശ്രദ്ധേയം. സഞ്ജു സാംസണിന്റെ നായകത്വത്തിന് പത്തിൽ പത്തു മാർക്കും നൽകണം’ -ഇർഫാൻ പത്താന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു.

ഇംപാക്ട് ​െപ്ലയർ നിയമം അനുസരിച്ച് താരങ്ങളെ കളത്തിലിറക്കുന്നതിൽ സഞ്ജു കാഴ്ചവെക്കുന്ന മിടുക്കിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര കഴിഞ്ഞയാഴ്ച ട്വീറ്റ് ചെയ്തിരുന്നു. നിർഭാഗ്യവശാൽ, നായകനെന്ന നിലയിലുള്ള സഞ്ജുവിന്റെ മികവിന് മതിയായ അംഗീകാരം കിട്ടുന്നില്ലെന്നും ആകാശ് ചോപ്ര സൂചിപ്പിച്ചിരുന്നു.

എന്നാൽ, സൂപ്പർ കിങ്സിനെ 32 റൺസിന് കീഴടക്കിയതോടെ സഞ്ജുവിന്റെ ക്യാപ്റ്റൻസി ചർച്ചയാവുകയാണ്. ട്വിറ്ററിൽ സഞ്ജു വീണ്ടും ട്രെൻഡിങ്ങായി മാറി. 2023 ഐ.പി.എല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ സഞ്ജുവാണെന്ന് പലരും ട്വിറ്ററിൽ കുറിച്ചു. അതിനിടെ, സഞ്ജുവിന് ദേശീയ ടീമിൽ അവസരങ്ങൾ ലഭിക്കാത്തത് പരാമർശിച്ചും നിരവധി പേർ എഴുതി.

‘അരങ്ങേറ്റം മുതൽ വിക്കറ്റ് കീപ്പറായും ക്യാപ്റ്റനായുമൊക്കെ എം.എസ്. ധോണി കളി തുടരു​കയാണ്. എന്നാൽ, സഞ്ജു സാംസൺ ഇപ്പോഴും സ്ഥിരമായ അവസരത്തിനായി കാത്തിരിക്കുന്നു. എല്ലാംകൊണ്ടും തികഞ്ഞ അനീതിയാണിത്’ -ഒരാൾ കുറിച്ചു. ‘റാഷിദ് ഖാനെ ക്ലബ് ബൗളറെപ്പോലെ കൈകാര്യം ചെയ്ത സഞ്ജു സാംസണിനെ സീമിനും സ്വിങ്ങിനും സ്പിന്നിനുമെതിരെ കളിക്കാനറിയാത്ത ഇഷാൻ കിഷനുവേണ്ടിയാണ് അവഗണിച്ചിരുന്നതെന്ന് ഞാൻ എന്റെ കുട്ടികളോട് എങ്ങനെ പറയും’-മറ്റൊരാൾ രോഷം കൊള്ളുന്നു.

ചെന്നൈക്കെതിരെ ജയിക്കുകയെന്നത് ഒരിക്കലും എളുപ്പമല്ല. എന്നാൽ, ഒരു സീസണിൽ അതു രണ്ടുതവണ ചെയ്തു കാട്ടാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് സഞ്ജു സാംസണിനാണെന്ന് ഒരു ആരാധകൻ ചൂണ്ടിക്കാട്ടുന്നു. കോച്ച് കുമാർ സംഗക്കാരയും യൂസ്​വേന്ദ്ര ചഹൽ ഉൾപെടെയുള്ള സഹതാരങ്ങളുമൊ​ക്കെ സഞ്ജുവിന്റെ നായകത്വത്തെ പ്രകീർത്തിക്കുകയാണ്. തന്റെ ബൗളിങ്ങിലെ പുരോഗതിക്ക് വലിയൊരളവിൽ സഞ്ജു കാരണക്കാരനാണെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചഹൽ പറഞ്ഞിരുന്നു. 


Tags:    
News Summary - Sanju Samson leadership was 10 on 10 -Irfan Pathan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.