വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ തകർപ്പൻ അർധ സെഞ്ച്വറിയുമായി ആരാധകരുടെ മനംകവർന്നിരുന്നു മലയാളി താരം സഞ്ജു സാംസൺ. വിൻഡീസിനെതിരായ ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങുന്ന സഞ്ജു മറ്റൊരു നേട്ടത്തിനരികിലാണ്.
മത്സരത്തിൽ 21 റൺസ് നേടിയാൽ ട്വന്‍റി20യിൽ ഇന്ത്യൻ സൂപ്പർ ബാറ്റർമാരടങ്ങുന്ന എലീറ്റ് ക്ലബിൽ ഇനി സഞ്ജുവിന്‍റെ പേരുമുണ്ടാകും. ട്വന്‍റി20യിൽ 6000 റൺസോ, അതിലധികമോ നേടുന്ന 13ാമത്തെ ഇന്ത്യൻ ബാറ്ററാകും സഞ്ജു. സൂപ്പർതാരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ ഉൾപ്പെടെ 12 ഇന്ത്യൻ താരങ്ങളാണ് ഇതിനകം ട്വന്‍റി20യിൽ 6000ത്തിനു മുകളിൽ റൺസ് നേടിയത്.
സഞ്ജു 241 ട്വന്‍റി20 മത്സരങ്ങളിൽനിന്നായി 5979 റൺസാണ് ഇതുവരെ നേടിയത്. 374 മത്സരങ്ങളിൽനിന്ന് 11,965 റൺസുമായി വിരാട് കോഹ്ലിയാണ് കുട്ടിക്രിക്കറ്റിൽ റൺവേട്ടയിലുള്ള ഒന്നാം നമ്പർ ഇന്ത്യൻ ബാറ്റർ. 423 മത്സരങ്ങളിൽനിന്ന് 11,035 റൺസുമായി രോഹിത്ത് രണ്ടാമതും. ലോക പട്ടികയിൽ കോഹ്ലി നാലാമതും രോഹിത് എട്ടാമതുമാണ്.
വിൻഡീസിനെതിരെ ഏകദിന, ടെസ്റ്റ് പരമ്പരകൾ നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ട്വന്റി20 പരമ്പരക്ക് ഇറങ്ങുന്നത്. അഞ്ചു മത്സര പരമ്പരയിലെ ആദ്യ കളി ടറൂബയിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിലാണ്. സീനിയർ താരങ്ങളായ ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോഹ്‍ലി, രവീന്ദ്ര ജദേജ തുടങ്ങിയവർ കളിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.