'തുടർച്ചയായ രണ്ടു ഡെക്കുകൾ, ഇനി എന്താകുമെന്നറിയാതെ കേരളത്തിലേക്ക് മടങ്ങി'; മത്സരശേഷം മനസ് തുറന്ന് സഞ്ജു

ഹൈദരാബാദ്: വിമർശനകരുടെ നാവടപ്പിക്കുന്ന പ്രകടനമാണ് ഇന്ത്യയുടെ മലയാളിതാരം സഞ്ജു സാംസൺ ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി 20 യിൽ പുറത്തെടുത്തത്. എട്ട് സിക്‌സറുകളും 11 ഫോറുകളും ഉൾപെടെ 47 പന്തിൽ 111 റൺസെടുത്ത സഞ്ജുവിന്റെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിലാണ് മൂന്നാം മത്സരവും ഇന്ത്യ സ്വന്തമാക്കിയത്.

ട്വന്റി 20യിൽ തന്റെ കന്നി സെഞ്ച്വറിയും ഇന്ത്യയുടെ രണ്ടാമത്തെ അതിവേഗ സെഞ്ച്വറിയുമാണ് (40 പന്തിൽ 100) ഹൈദരാബാദിലെ ഉപ്പൽ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ സഞ്ജു നേടിയെടുത്തത്. അന്താരാഷ്ട്ര വേദിയിൽ സ്ഥിരതായാർന്ന പ്രകടനം പുറത്തെടുക്കാൻ കഴിയാതിരുന്ന സഞ്ജുവിനെതിരെ വിമർശനങ്ങളേറെ ഉയരുന്ന സമയത്താണ് ത്രസിപ്പിക്കുന്ന സെഞ്ച്വറിയുമായി മറുപടി നൽകിയത്.

തന്റെ പ്രകടനത്തിൽ വളരെ അധികം സന്തോഷവാനാണെന്നും പരാജയളേറെ നേരിട്ടതാരമാണ് താനെന്നും അത് സമ്മർദങ്ങളെ അതിജീവിക്കാൻ തന്നെ സഹായിച്ചുവെന്നും മത്സര ശേഷം സഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.

"എന്റെ ടീമിനെ സന്തോഷിപ്പിക്കാൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം സന്തോഷവനാണ്. ദേശീയ ടീമിനായി കളിക്കുമ്പോൾ സമ്മർദം ഏറെ ഉണ്ടായിരുന്നു. പക്ഷേ, പരാജയം കൈകാര്യം ചെയ്യുന്നതിൽ തന്റെ അനുഭവം ഒരുപാട് സഹായിച്ചു. കാരണം, ഞാൻ ഒരുപാട് പരാജയങ്ങൾ നേരിട്ടയാളാണ്.

അതുകൊണ്ട് എനിക്കറിയാം പരാജയങ്ങളേയും സമ്മർദങ്ങളെയും എങ്ങനെ അതിജീവിക്കണമെന്ന്. എന്റെ ശ്രദ്ധ കളിയിൽ മാത്രമായിരുന്നു". പരമ്പര വിജയത്തിന് ശേഷം സഞ്ജു പറഞ്ഞു.

“കഴിഞ്ഞ പരമ്പരയിൽ, ഞാൻ രണ്ട് ഡക്ക് നേടി, ഇനി എന്താകും എന്നറിയാതെയാണ് കേരളത്തിലേക്ക് മടങ്ങിയത്, പക്ഷേ ടീം മാനേജ്മെന്റ് ഈ പരമ്പരയിലും എന്നെ പിന്തുണച്ചു, അതിൽ ഞാൻ വളരെ സന്തോഷവാനാണ്. എൻ്റെ ക്യാപ്റ്റനും കോച്ചിനും പുഞ്ചിരിക്കാൻ ഞാൻ എന്തെങ്കിലും നൽകി.” സഞ്ജു പറഞ്ഞു.

ഓപണർ സഞ്ജു സാംസണും നായകൻ സൂര്യകുമാർ യാദവും (35 പന്തിൽ 75) ഹാർദിക് പാണ്ഡ്യയും (18 പന്തിൽ 47) റിയാൻ പരാഗും (13 പന്തിൽ 34) കൂറ്റനടികളുമായി കളം നിറഞ്ഞ മത്സരത്തിൽ ഇന്ത്യ പടുത്തുയർത്തിയത് 297 റൺസെന്ന ട്വന്റി 20 ചരിത്രത്തിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ ആണ്. മത്സരത്തിൽ 133 റൺസിനാണ് ഇന്ത്യയുടെ ജയം. 

Tags:    
News Summary - Sanju Samson Opens Up On Personal Struggles After Match-Winning Ton In 3rd T20I Vs Bangladesh, Says 'I Have Failed A Lot'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.