മാർകോ യാൻസന്‍റെ പന്തിൽ ക്ലീൻ ബോൾഡാകുന്ന സഞ്ജു സാംസൺ

തുടർച്ചയായ സെഞ്ച്വറികൾക്ക് പിന്നാലെ ഡക്ക്; നാണക്കേടിന്റെ പുതിയ റെക്കോഡും സഞ്ജുവിന്

കെബർഹ: ട്വന്റി20 പരമ്പരയിൽ ദക്ഷിണാഫ്രിക്കക്കു മേൽ ആധിപത്യം നേടുകയെന്ന ലക്ഷ്യവുമായാണ് ഞായറാഴ്ച ഇന്ത്യ കളത്തിലിറങ്ങിയത്. എന്നാൽ ബാറ്റിങ്നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞതോടെ ജയപ്രതീക്ഷ അസ്ഥാനത്തായി. ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടി ഇന്ത്യൻ ജയത്തിന് ചുക്കാൻ പിടിച്ച സഞ്ജു സാംസൺ സംപൂജ്യനായി മടങ്ങുന്ന കാഴ്ചയോടെയാണ് സെന്റ് ജോർജ് ഓവലിൽ കളി തുടങ്ങിയത്. ആദ്യ ഓവറിലെ മൂന്നാം പന്തിൽ മാർകോ യാൻസൻ സഞ്ജുവിനെ ക്ലീൻ ബോൾഡാക്കുകയായിരുന്നു.

പൂജ്യത്തിനു പുറത്തായ സഞ്ജു ഇക്കാര്യത്തിലും പുതിയ റെക്കോഡ് കുറിച്ചു. കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ തവണ പൂജ്യനായി മടങ്ങുന്ന താരമെന്ന നാണക്കേടിന്റെ റെക്കോഡാണ് ഞായറാഴ്ച സഞ്ജുവിനെ തേടിയെത്തിയത്. 2024ൽ രാജ്യാന്തര ടി20യിൽ നാലാം തവണയാണ് സഞ്ജു ഡക്കാകുന്നത്. മൂന്ന് തവണ ഡക്കായ യൂസഫ് പഠാൻ, രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവരെയാണ് താരം പിന്നിലാക്കിയത്. തുടർച്ചയായി രണ്ട് ടി20 സെഞ്ച്വറികൾ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോഡ് നേടി, തൊട്ടടുത്ത മത്സരത്തിലാണ് സഞ്ജു സംപൂജ്യനായി മടങ്ങിയത്.

സഞ്ജുവിന് പിന്നാലെ അഭിഷേക് ശർമയും സൂര്യകുമാർ യാദവും നാല് വീതം റൺസെടുത്ത് മടങ്ങിയതോടെ ഇന്ത്യ വൻ തകർച്ചയെ മുന്നിൽ കണ്ടു. അവസാന ഓവർ വരെ പിടിച്ചുനിന്ന ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ മികവിലാണ് ഇന്ത്യ 100 കടന്നത്. 20 ഓവറിൽ 124 റൺസാണ് ടീം ഇന്ത്യ നേടിയത്. മറുപടി ഇന്നിങ്സിൽ വരുൺ ചക്രവർത്തി അഞ്ച് വിക്കറ്റ് നേട്ടത്തോടെ മിന്നുന്ന പ്രകടനം പുറത്തെടുത്തെങ്കിലും അവസാന ഓവറുകകളിൽ പ്രോട്ടീസ് ജയം തട്ടിയെടുത്തു.

ഏഴിന് 86 എന്ന നിലയിൽ പരാജയത്തെ മുന്നിൽ കണ്ട പ്രോട്ടീസിനു വേണ്ടി എട്ടാം വിക്കറ്റിൽ ട്രിസ്റ്റൻ സ്റ്റബ്സും ജെറാൾഡ് കോട്സീയും ഒന്നിച്ചതോടെ മത്സരത്തിന്റെ ഗതി മാറി. വമ്പനടികളുമായി കളം നിറഞ്ഞ കോട്സീ ജയം ഇന്ത്യയിൽനിന്ന് തട്ടിയകറ്റി. ഒമ്പത് പന്തിൽ 19 റൺസാണ് താരം അടിച്ചെടുത്തത്. ഒരു ഭാഗത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നപ്പോൾ മറുവശത്ത് നങ്കൂരമിട്ടു കളിച്ച സ്റ്റബ്സിന്റെ ഇന്നിങ്സ് പ്രോട്ടീസിന്റെ വിജയത്തിൽ നിർണായകമായി. 41 പന്തിൽ ഏഴ് ഫോറിന്റെ അകമ്പടിയോടെ 47 റൺസ് നേടിയ താരം പുറത്താകാതെ നിന്നു. മൂന്ന് വിക്കറ്റ് ജയത്തോടെ പരമ്പരയിൽ ഒപ്പമെത്താനും (1-1) ദക്ഷിണാഫ്രിക്കക്കായി.

Tags:    
News Summary - Sanju Samson Registers Embarrassing Record After Two Consecutive T20I Tons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.