ലഖ്നോ സൂപ്പർ ജയന്‍റ്സിനെതിരായ ഇന്നലത്തെ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ വിജയത്തിലെത്തിച്ച ഇന്നിങ്സോടെ സഞ്ജു സാംസണെ വാഴ്ത്തുകയാണ് ആരാധകർ. നിർണായ ഘട്ടത്തിൽ ക്രീസിലെത്തുകയും 33 പന്തിൽ പുറത്താകാതെ 71 റൺസടിച്ച് ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു രാജസ്ഥാൻ ക്യാപ്റ്റൻ. സഞ്ജുവിന്‍റെ ഇന്നിങ്സിനെ ക്രിക്കറ്റ് പ്രമുഖരും വാഴ്ത്തുമ്പോൾ ഇനിയും ഇന്ത്യൻ ടീമിൽ നിന്ന് മാറ്റിനിർത്താൻ സെലക്ടർമാർക്ക് എങ്ങനെ സാധിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്.
സഞ്ജു സാംസണെ നിരന്തരം അവഗണിക്കുകയാണെന്ന ആരോപണം ഇന്ത്യൻ സെലക്ടർമാർക്കെതിരെ നേരത്തെ തന്നെയുണ്ട്. ഇന്നലത്തെ ഇന്നിങ്സിന് പിന്നാലെ മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ പറഞ്ഞത് ഇങ്ങനെ -'ഞാൻ ഇന്ത്യൻ ടീം സെലക്ടറായിരുന്നെങ്കിൽ ട്വന്‍റി20 ലോകകപ്പ് ടീമിലേക്ക് ആദ്യം തെരഞ്ഞെടുക്കുന്ന കളിക്കാരിലൊരാൾ സഞ്ജുവായിരിക്കും. ട്വന്‍റി20 ലോകകപ്പ് നടക്കുന്ന യു.എസ്.എയിലേക്കും വെസ്റ്റ് ഇൻഡീസിലേക്കുമുള്ള വിമാനത്തിൽ ഉറപ്പായും സഞ്ജുവുമുണ്ടായിരിക്കും'.
പുതിയൊരു സഞ്ജുവിനെയാണ് ഇപ്പോൾ ക്രീസിൽ കാണുന്നതെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് വിലയിരുത്തുന്നു. ഏറെ മെച്ചപ്പെട്ട, ഏറെ സ്ഥിരത കൈവരിച്ച ഒരു സഞ്ജുവാണ് ഇപ്പോൾ. ക്യാപ്റ്റന്‍റെ ഉത്തരവാദിത്തമേറ്റെടുത്തുള്ള ഇന്നിങ്സ് ഇന്നലെ വിജയ റൺസും കണ്ടെത്തി -കൈഫ് പറഞ്ഞു.
സഞ്ജു സാംസണിന്‍റെ ബാറ്റിങ് കണ്ടിരിക്കാൻ തന്നെ ഇഷ്ടമാണെന്നാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ഈ ഐ.പി.എൽ സീസണിലെ സഞ്ജുവിന്‍റെ സ്ഥിരതയാർന്ന പ്രകടനം ഹൃദയംകവരുന്നതാണെന്നും പത്താൻ വിലയിരുത്തു.
ട്വന്‍റി20 ലോകകപ്പ് ടീമിൽ സ്ഥാനം നേടാൻ സഞ്ജുവിന് എന്തുകൊണ്ടും അർഹതയുണ്ടെന്നാണ് ഇന്നലത്തെ ഇന്നിങ്സിന് പിന്നാലെ യൂസഫ് പത്താൻ അഭിപ്രായപ്പെട്ടത്.
ക്യാപ്റ്റന്‍റെ ഇന്നിങ്സാണ് സഞ്ജു ഇന്നലെ കളിച്ചതെന്ന് ഹർഭജൻ സിങ് ചൂണ്ടിക്കാട്ടി. മാച്ച് വിന്നിങ് പ്രകടനമാണ് സഞ്ജു നടത്തിയത്. സഞ്ജുവും ധ്രുവ് ജുറെലുമൊത്തുള്ള കൂട്ടുകെട്ട് രാജസ്ഥാന് വിജയം എളുപ്പമാക്കിയെന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു. രോഹിത് ശർമയ്ക്കുശേഷം ഇന്ത്യൻ ട്വന്റി 20 ക്രിക്കറ്റ് ടീം നായകസ്ഥാനത്തേക്ക് ഹർഭജൻ സിങ് കഴിഞ്ഞ ദിവസം സഞ്ജുവിന്‍റെ പേര് നിർദേശിച്ചിരുന്നു. 'വിക്കറ്റ് കീപ്പർ ബാറ്റർ സ്ഥാനത്തേക്ക് ഇനി അധികം ചർച്ചചെയ്യേണ്ടതില്ല. ഇന്ത്യൻ ടി 20 ലോകകപ്പ് ടീമിലേക്ക് സഞ്ജു നടന്നുകയറും. അടുത്ത ടി 20 ക്യാപ്റ്റനായും സഞ്ജു വളരും. ഒരു സംശയവുമില്ല' എന്നായിരുന്നു ഹർഭജന്‍റെ വാക്കുകൾ.
ഇന്നലത്തെ മത്സരത്തിൽ വിജയറൺ നേടിയ ശേഷമുള്ള സഞ്ജുവിന്‍റെ അസാധാരണമായ ആഹ്ലാദ പ്രകടനം സെലക്ടർമാർക്കുള്ള വ്യക്തമായ സന്ദേശമാണെന്ന് സമൂഹമാധ്യമങ്ങളിൽ പലരും ചൂണ്ടിക്കാട്ടുന്നു. 'സഞ്ജുവിന്‍റെ ഗർജനം ടി20 സെലക്ടർമാർക്കുള്ള വ്യക്തമായ ഒരു പ്രസ്താവനയാണ്' മുഫദ്ലാൽ വോറ എക്സിൽ പറഞ്ഞു. പ്രമുഖ ക്രിക്കറ്റ് പ്രൊഫൈലായ ജോൺസും സഞ്ജുവിന്‍റെ വിജയാഹ്ലാദത്തെ ഏറെ പ്രത്യേകതയുള്ളതായി വിലയിരുത്തി. സഞ്ജു സാംസണിന്‍റെ ബെസ്റ്റ് സെലബ്രേഷൻ എന്നാണ് രാജസ്ഥാൻ റോയൽസ് ടീം എക്സിൽ കുറിച്ചത്.
33 പന്തിൽ നാല് സിക്സറും ഏഴ് ഫോറും ഉൾപ്പെടുന്നതായിരുന്നു സഞ്ജുവിന്‍റെ 71 റൺസ്. ബട്ട്ലറിന്‍റെയും ജയ്സ്വാളിന്‍റെയും പരാഗിന്‍റെയും വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെട്ട് 8.4 ഓവറിൽ 78ന് മൂന്ന് എന്ന നിലയിൽ നിൽക്കെയാണ് സഞ്ജുവും ധ്രുവ് ജുറെലും ക്രീസിൽ ഒത്തുചേരുന്നത്. തുടക്കത്തിൽ പതിയെ മുന്നേറിയ സഞ്ജു ഒരു ഘട്ടമെത്തിയതോടെ കനത്ത ആക്രമണം അഴിച്ചുവിടുകയായിരുന്നു. മികച്ച പിന്തുണ നൽകിയ ധ്രുവ് ജുറെൽ 34 പന്തിൽ 52 റൺസെടുത്ത് പുറത്താകാതെ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.