മികച്ച ഫോമിലായിരുന്നിട്ടും 2022 ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൽ മലയാളി താരം സഞ്ജു സാംസണിന് ഇടമില്ല. പിന്നാലെ, സഞ്ജുവിന്റെ ആരാധകരും ക്രിക്കറ്റ് പ്രേമികളും വലിയ കലിപ്പിലാണ്. പരിക്കിൽനിന്ന് മുക്തനായ ജസ്പ്രീത് ബുംറയും അക്സർ പട്ടേലുമാണ് ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.
അതേസമയം, ടീം പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, സമൂഹ മാധ്യമങ്ങളിൽ പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സഞ്ജു സാംസൺ. വലിയൊരു തടാകത്തിന് അഭിമുഖമായുള്ള ബാൽക്കണിയിൽ ഒറ്റയ്ക്ക് ഫോണിൽ നോക്കി നിൽക്കുന്ന തന്റെ ചിത്രമാണ് സഞ്ജു പോസ്റ്റ് ചെയ്തത്. അതിന് അടിക്കുറിപ്പൊന്നും തന്നെ നൽകിയിട്ടില്ല. സിംബാബ്‍വെ പര്യടനത്തിലെ വിജയ ചിത്രമായിരുന്നു ഫേസ്ബുക്കിൽ സഞ്ജു അവസാനമായി പോസ്റ്റ് ചെയ്തിരുന്ന ചിത്രം. സഞ്ജു മികച്ച പ്രകടനം പുറത്തെടുത്ത പരമ്പരയായിരുന്നു അത്.
എന്നാൽ, താരത്തിന്റെ ആരാധകർ കമന്റ് ബോക്സിൽ ആശ്വാസ വാക്കുകളുമായി എത്തിയിട്ടുണ്ട്. കൂടെ ഞങ്ങളുണ്ടെന്നും ഈ അവഗണനക്ക് തുടർന്നുള്ള പ്രകടനങ്ങളിലൂടെ മറുപടി നൽകണമെന്നും ലോകകപ്പിൽ മിസ് ചെയ്യുമെന്നുമൊക്കെ ആരാധകർ കുറിച്ചു. 'ദ്രാവിഡിന്റെ അരുമ ശിഷ്യനായിരുന്നിട്ടും, അദ്ദേഹം പരിശീലിപ്പിക്കുന്ന ടീമിൽ സഞ്ജുവിന് അവസരം ലഭിക്കാത്തതിലുള്ള ദുഃഖവും ചിലർ പങ്കുവെച്ചു. റിഷഭ് പന്തിനും മറ്റ് താരങ്ങൾക്കും കൊടുക്കുന്ന അവസരങ്ങളുടെ പത്തിലൊന്ന് സഞ്ജുവിന് കൊടുക്കാനും ചിലർ ഉപദേശിക്കുന്നുണ്ട്.
15 അംഗ ടീമിനെയാണ് ബി.സി.സി.ഐ തിങ്കളാഴ്ച പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ കെ.എല്‍. രാഹുലാണ് ഉപനായകൻ. മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയി, ദീപക് ചാഹര്‍ എന്നിവരെ സ്റ്റാന്‍ഡ് ബൈ ആയി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാൽമുട്ടിലെ ശസ്ത്രക്രിയയെ തുടർന്ന് വിശ്രമത്തിലുള്ള രവീന്ദ്ര ജദേജയും ടീമിലില്ല. പകരം അക്ഷര്‍ പട്ടേല്‍ കളിക്കും. വെറ്ററന്‍ താരം രവിചന്ദ്ര അശ്വിന്‍ ടീമിലിടം നേടി. ഏഷ്യ കപ്പിലെ ടീമിന്‍റെ മോശം പ്രകടനത്തെ തുടർന്ന് ടീമിൽ കാര്യമായ അഴിച്ചുപണിയുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വിക്കറ്റ് കീപ്പറായി സഞ്ജു ടീമിൽ തിരിച്ചെത്തുമെന്നും അടുത്ത വൃത്തങ്ങൾ സൂചന നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.