മുംബൈ: ഡിസ്റ്റിങ്ഷനോടെ ബിരുദാനന്തരബിരുദം പൂർത്തിയാക്കിയ സാറാ ടെണ്ടുൽക്കറെ അഭിനന്ദിച്ച് പിതാവും ക്രിക്കറ്റ് ഇതിഹാസവുമായ സചിൻ ടെണ്ടുൽക്കർ. ലണ്ടൻ യൂനിവേഴ്സിറ്റി കോളജിൽനിന്ന് ക്ലിനിക്കൽ ആൻഡ് പബ്ലിക് ഹെൽത്ത് നൂട്രീഷനിലാണ് സാറ ബിരുദാനന്തരബിരുദം പൂർത്തിയാക്കിയത്.
മകൾ ബിരുദ സർട്ടിഫിക്കറ്റ് വാങ്ങുന്നതിന്‍റെ വിഡിയോക്കൊപ്പം സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് സചിന്‍റെ ഹൃദയസ്പർശിയായ വരികളുള്ളത്. ‘അതൊരു മനോഹര ദിവസമായിരുന്നു’ എന്ന് തുടങ്ങുന്ന കുറിപ്പിനൊപ്പം സാറ, മാതാവ് അഞ്ജലിക്കൊപ്പം നിൽക്കുന്ന ചിത്രവും സചിൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘ഞങ്ങളുടെ മകൾ ലണ്ടൻ യൂനിവേഴ്സിറ്റി കോളജിന്‍റെ മെഡിസിൻ ഡിപ്പാർട്ട്മെന്‍റിൽനിന്ന് ക്ലിനിക്കൽ ആൻഡ് പബ്ലിക് ഹെൽത്ത് നൂട്രീഷനിൽ ഡിസ്റ്റിങ്ഷനോടെ ബിരുദാനന്തരബിരുദം പൂർത്തിയാക്കിയ ദിവസം. മാതാപിതാക്കളെന്ന നിലയിൽ, ഇവിടെയെത്താൻ വർഷങ്ങളായി മകളെടുത്ത പ്രയത്നങ്ങളെല്ലാം കാണാനായതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഇത് എളുപ്പമല്ല. ഭാവിയിലേക്കുള്ള നിന്‍റെ എല്ലാ സ്വപ്നങ്ങളും ഇവിടെയുണ്ട്. നീ അവ എത്തിപിടിക്കുമെന്ന് ഞങ്ങൾക്കറിയാം’ -സചിൻ എക്സിൽ കുറിച്ചു.
നിരവധി ആരാധകരാണ് പോസ്റ്റിനു താഴെ പ്രതികരിച്ചിരിക്കുന്നത്. ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിന്‍റെ സപ്പോർട്ടിങ് സ്റ്റാഫായിരുന്നു സചിൻ. അഞ്ചു തവണ ചാമ്പ്യന്മാരായ മുംബൈ ഇത്തവണ ആരാധകരെ തീർത്തും നിരാശപ്പെടുത്തി. പുതിയ നായകൻ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലിറങ്ങിയ മുംബൈ പോയന്‍റ് ടേബിളിൽ ഏറ്റവും അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.