രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ തുടർച്ചയായ രണ്ടാം ടെസ്റ്റിലും ഇരട്ട സെഞ്ച്വറി നേടിയ യുവതാരം യശസ്വി ജയ്സ്വാളും അരങ്ങേറ്റ ടെസ്റ്റിലെ രണ്ടിന്നിങ്സിലും അർധസെഞ്ച്വറി നേടിയ സർഫ്രാസ് ഖാനുമാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകർക്കിടയിലെ ഹീറോകൾ. മുംബൈക്കാരായ രണ്ടുപേരും ചേർന്ന് മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ അഞ്ചാം വിക്കറ്റിൽ അപരാജിതരായി അടിച്ചെടുത്തത് 172 റൺസാണ്. ഇരുവരും ക്രീസിൽ നിൽക്കെ 557 റൺസിന്റെ കൂറ്റൻ ലീഡായതോടെ നായകൻ രോഹിത് ശർമ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു.
236 പന്ത് നേരിട്ട് 12 സിക്സും 14 ഫോറുമടക്കം ജയ്സ്വാൾ 214 റൺസ് അടിച്ചുകൂട്ടിയപ്പോൾ 72 പന്തിൽ മൂന്ന് സിക്സും ആറ് ഫോറുമടക്കം 68 റൺസായിരുന്നു സർഫ്രാസിന്റെ സംഭാവന. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറിയിലേക്ക് നീങ്ങവെ നിർഭാഗ്യകരമായി റണ്ണൗട്ടായ സർഫ്രാസിന് രണ്ടാം ഇന്നിങ്സിലും ഡിക്ലയർ ചെയ്തതിനാൽ സെഞ്ച്വറിയിലെത്താനായില്ല. എന്നാൽ, ഇരുവരും മുൻ ഇതിഹാസ താരങ്ങളുടെയടക്കം പ്രശംസയേറ്റുവാങ്ങുകയാണ്.
മത്സരത്തിൽ യശസ്വി ജയ്സ്വാൾ ഇരട്ട സെഞ്ച്വറി പൂർത്തിയാക്കുമ്പോൾ സർഫ്രാസിന്റെ ആഘോഷമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 200ാം റൺസിനായി പന്ത് ജയ്സ്വാൾ ഓഫ്സൈഡിലേക്ക് തട്ടിയിട്ടപ്പോൾ ഇരുവരും ബാറ്റും കൈയും ആകാശത്തേക്കുയർത്തി ആഘോഷത്തോടെയായിരുന്നു ഓടിയത്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ബി.സി.സി.ഐയും ഈ വിഡിയോ പങ്കുവെച്ചിട്ടുണ്ട്.
അരങ്ങേറ്റ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 62 റൺസിൽ നിൽക്കെ നിർഭാഗ്യകരമായി റണ്ണൗട്ടായ സർഫറാസ് ഖാൻ രണ്ടാം ഇന്നിങ്സിലെ അർധ ശതകത്തിനൊപ്പം റെക്കോഡുകളും സ്വന്തമാക്കി. അരങ്ങേറ്റത്തിലെ രണ്ട് ഇന്നിങ്സിലും അർധശതകം നേടുന്ന നാലാമത്തെ ഇന്ത്യക്കാരനായി. സർഫറാസിന്റെ സ്ട്രൈക് റേറ്റായ 94.2 അരങ്ങേറ്റക്കാരിൽ ലോക റെക്കോഡാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.