ഇസ്‌ലാമാബാദ്: സഹതാരത്തിന്റെ കാമുകിയുമായി ലൈംഗികച്ചുവയോടെ സംസാരിക്കുന്നുവെന്ന പേരിൽ വിഡിയോ പുറത്തുവന്നതോടെ പാകിസ്താൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസം വീണ്ടും കുരുക്കിൽ. ചാറ്റിന്റെ വിഡിയോയും ചിത്രങ്ങളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിക്കുന്നത്. ഒരു സമൂഹ മാധ്യമ അക്കൗണ്ട് വഴിയാണ് ഇത് പുറത്തുവന്നത്. ഈ രീതിയിലുള്ള സംസാരം തുടർന്നാൽ യുവതിയുടെ കാമുകന് ടീമിൽനിന്ന് പുറത്തുപോവേണ്ടി വരില്ലെന്ന് ബാബർ വാഗ്ദാനം ചെയ്തതായും വെളിപ്പെടുത്തലുണ്ട്.
എന്നാൽ, വിഡിയോയിൽ ഉള്ളത് ബാബർ അസം അല്ലെന്ന് ഒരു വിഭാഗം വാദിക്കുന്നു. പാക് നായകനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇതെന്നും ഇവർ ആരോപിക്കുന്നു. ഇത് ഹണി ട്രാപ്പ് ആണെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. വിഡിയോയുടെ ആധികാരികത ഇതുവരെ പുറത്തുവന്നിട്ടില്ല. വിവാദങ്ങളിൽ താരമോ പാക് ക്രിക്കറ്റ് ബോർഡോ പ്രതികരിച്ചിട്ടുമില്ല.
ആദ്യമായല്ല ബാബർ ഇത്തരം വിവാദങ്ങളിൽ അകപ്പെടുന്നത്. വർഷങ്ങൾക്ക് മുമ്പ് ഹാമിസ മുഖ്താർ എന്ന യുവതി പാക് നായകൻ ലൈംഗികമായി ചൂഷണം ചെയ്തെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നുമെന്നുള്ള ആരോപണവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, പിന്നീട് ആരോപണങ്ങളെല്ലാം ഇവർ പിൻവലിച്ചു.
ഇപ്പോൾ പുറത്തുവന്ന വിവാദ വിഡിയോകൾക്ക് പിന്നിൽ കടുത്ത ബാബർ വിമർശകനായ പാക് മാധ്യമപ്രവർത്തകൻ ശുഐബ് ജാട്ട് ആണെന്ന പ്രചാരണവും ഉയർന്നിട്ടുണ്ട്. വിഡിയോകൾ പുറത്തുവിട്ട ഇൻസ്റ്റഗ്രാം അക്കൗണ്ട് ശുഐബിനെ ഫോളോ ചെയ്യുന്നുണ്ട്. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് ആരോപണം. എന്നാൽ, വിവാദവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന പ്രതികരണവുമായി ശുഐബ് ജാട്ട് രംഗത്തുവന്നു. താൻ ഏറെ ആദരിക്കുന്നയാളാണ് ബാബറെന്നും അദ്ദേഹം മികച്ച തീരുമാനങ്ങൾ എടുക്കാതിരിക്കുമ്പോഴാണ് താൻ വിമർശിക്കാറുള്ളതെന്നും നല്ല തീരുമാനങ്ങളെടുക്കുമ്പോൾ പ്രശംസിക്കാറുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.