ഇസ്ലാമാബാദ്: മുൻ പാകിസ്താൻ ഓൾറൗണ്ടർ ഷാഹിദ് അഫ്രീദിയുടെ മകൾ അഖ്സ വിവാഹിതയാകുന്നു. പാക് പേസ് ഫാക്ടറിയിലെ ഏറ്റവും പുതിയ കണ്ടെത്തലായ ഷഹീൻ അഫ്രീദിയുമായി അഖ്‌സയുടെ വിവാഹം ഉറപ്പിച്ചതായാണ് റിപ്പോർട്ടുകൾ.
ഇരു കുടുംബങ്ങളും ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രമുഖ പാക് പത്രപ്രവര്‍ത്തകന്‍ ഇഹ്തിശാമുല്‍ ഹഖിന്‍റെ ട്വീറ്റ് ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.
ഷഹീന്‍ ഷാ അഫ്രീദിയുടെ പിതാവ് അയാസ് ഖാൻ ഷാഹിദ് അഫ്രീദിയുടെ കുടുംബത്തോട് വിവാഹം ആലോചിച്ചതായും അവർ സമ്മതം മൂളിയതായും ഹഖ് സ്ഥിരീകരിച്ചു.
വളരെ നേരത്തെ കുടുംബത്തെ അറിയാമെന്നും വിവാഹ ആലോചനയുമായി ചെന്നപ്പോള്‍ അനുകൂലമായാണ് സംസാരിച്ചതെന്നും അയാസ് ഖാന്‍ പറയുന്നതായി പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തി. നിശ്ചയം അടുത്ത് തന്നെയുണ്ടാകുമെന്നും അഖ്‌സയുടെ പഠനം പൂർത്തിയാകുന്നതോടെ രണ്ടുവർഷത്തിനുള്ളിൽ വിവാഹം നടത്തുമെന്നും അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.
അഞ്ച് പെണ്മക്കളടങ്ങുന്നതാണ് അഫ്രീദിയുടെ കുടുംബം. അന്‍ഷ, അജ്‌വ, അസ്മറ, അര്‍വ എന്നിവരാണ് അഖ്‌സയുടെ സഹോദരിമാർ.
പാകിസ്താൻ ടീമിന്‍റെ പേസ് നിരയിലെ അവിഭാജ്യ ഘടകമായ ഷഹീൻ അഫ്രീദി 2018ൽ അഫ്ഗാനിസ്താനെതിരായാണ് അരങ്ങേറിയത്. പാകിസ്താനായി ഇതുവരെ 15 ടെസ്റ്റുകളും 22 എകദിനങ്ങളും 22 ട്വന്‍റി20 മത്സരങ്ങളും ഷഹീന്‍ അഫ്രീദി കളിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിൽ അഞ്ചു വിക്കറ്റെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് ഷഹീന്‍ അഫ്രീദി സ്വന്തമാക്കിയിരുന്നു. 19 വയസായിരുന്നു അന്ന് താരത്തിന്‍റെ പ്രായം.
നിലവിൽ പാകിസ്താൻ സൂപ്പർ ലീഗിൽ ലാഹോർ ഖലന്ധേഴ്സ് താരമാണ്. എന്നാൽ കോവിഡ് വ്യാപനം മൂലം ടൂർണമെന്‍റ് മാറ്റിവെച്ചു. നാല് മത്സരങ്ങളിൽ നിന്ന് ഒമ്പത് വിക്കറ്റുമായി യുവതാരം മികച്ച ഫോമിലായിരുന്നു.
മുൾത്താൻ സുൽത്താൻസിന്‍റെ കളിക്കാരനായി ഷാഹിദ് അഫ്രീദിയും പി.എസ്.എല്ലിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.