പരിക്ക് കാരണം ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാകിബുല്‍ ഹസന്‍ ലോകകപ്പിൽനിന്ന് പുറത്തായതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ച. ശ്രീലങ്കൻ താരം എയ്ഞ്ചലോ മാത്യൂസിനോട് ചെയ്തതിനുള്ള ശിക്ഷയാണ് ഇതെന്നാണ് ആരാധകരുടെയും പക്ഷം. കഴിഞ്ഞ ദിവസം നടന്ന ശ്രീലങ്ക–ബംഗ്ലാദേശ് മത്സരത്തിനിടെയാണ് ഷാകിബിന്റെ ഇടതുകൈയിലെ ചൂണ്ടുവിരലിന് പരിക്കേറ്റത്. എക്‌സ് റേ പരിശോധനക്ക് ശേഷം നാലാഴ്ചയോളം വിശ്രമം വേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചതിനാൽ ബംഗ്ലാദേശിനായി ഈ ലോകകപ്പിൽ ഷാകിബിന് കളിക്കാന്‍ കഴിയില്ലെന്ന് ഉറപ്പാവുകയായിരുന്നു. നവംബര്‍ 11ന് ആസ്‌ട്രേലിയക്കെതിരെയാണ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം.
അതേസമയം, മത്സരത്തിന് മുമ്പ് തന്നെ ഷാകിബിന് പരിക്കേറ്റിരുന്നതായി ബംഗ്ലാദേശ് ഫിസിയോ ബെയ്ജദുല്‍ ഇസ്‌ലാം പറയുന്നു. ടേപ്പ് ഉപയോഗിച്ച് വിരല്‍ ചുറ്റിയും പെയ്ന്‍ കില്ലര്‍ കഴിച്ചുമാണ് ഷാകിബ് മത്സരത്തിനിറങ്ങിയതെന്നും എന്നാൽ, മത്സരത്തിനിടെ പരിക്ക് വഷളായെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ശ്രീലങ്ക–ബംഗ്ലാദേശ് മത്സരത്തിനിടെയുണ്ടായ അസാധാരണ സംഭവങ്ങളെ തുടർന്ന് ഷാകിബിനെതിരെ ക്രിക്കറ്റ് ആരാധകരുടെ രോഷം ഉയർന്നിരുന്നു. ശ്രീലങ്കന്‍ ഇന്നിങ്സിന്റെ 25ാം ഓവറിൽ എയ്ഞ്ചലോ മാത്യൂസിൻ്റെ പുറത്താകലാണ് വിവാദങ്ങൾക്കിടയാക്കിയത്. ഓവറിലെ രണ്ടാം പന്തില്‍ സദീര സമരവിക്രമ പുറത്തായതോടെയാണ് മാത്യൂസ് ക്രീസിലെത്തിയത്. എന്നാല്‍ ഹെല്‍മറ്റിലെ സ്ട്രാപ്പിന്‍റെ പ്രശ്നത്തെ തുടര്‍ന്ന് ബാളൊന്നും നേരിടാതെ താരം മറ്റൊരു ഹെൽമറ്റ് കൊണ്ടുവരാന്‍ ഡഗൗട്ടിലേക്ക് നിര്‍ദേശം നല്‍കി. എന്നാൽ, ഇതെത്തിയപ്പോഴേക്കും സമയമേറെ വൈകിയിരുന്നു. ഇതോടെയാണ് മാത്യൂസിന്‍റെ വിക്കറ്റിനായി ബംഗ്ലാദേശ് താരങ്ങള്‍ അപ്പീല്‍ ചെയ്തത്. ബംഗ്ലാദേശ് നായകനോട് അപ്പീല്‍ പിന്‍വലിപ്പിക്കാന്‍ മാത്യൂസ് ശ്രമിച്ചിരുന്നു. എന്നാല്‍, ഷാകിബ് നിലപാട് മാറ്റാന്‍ തയാറാകാതിരുന്നതോടെ മാത്യൂസിന് മടങ്ങേണ്ടി വന്നു. മറുപടി ബാറ്റിങ്ങിൽ 82 റൺസുമായി സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ഷാകിബിനെ മാത്യൂസ് തന്നെ പുറത്താക്കിയിരുന്നു.
തീരുമാനത്തിൽ ഖേദമില്ലെന്നാണ് ഷാക്കിബ് അൽ ഹസൻ പിന്നീട് പ്രതികരിച്ചത്. താൻ ക്രിക്കറ്റിന്റെ നിയമങ്ങൾക്കനുസൃതമായാണ് കളിക്കുന്നതെന്നും ആർക്കെങ്കിലും പ്രശ്നമുണ്ടെങ്കിൽ നിയമങ്ങൾ മാറ്റാൻ ഐ.സി.സിയോട് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. താന്‍ ചെയ്തത് ശരിയോ തെറ്റോ എന്ന ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും തന്നെ അത് ബാധിക്കുന്നില്ല. ടീമിനെ വിജയത്തിലേക്ക് നയിക്കാൻ നിയമത്തിലുള്ള കാര്യം മാത്രമാണ് ചെയ്തതെന്നും ഷാക്കിബ് വിശദീകരിച്ചു.
മത്സരത്തില്‍ ബംഗ്ലാദേശ് മൂന്ന് വിക്കറ്റിനാണ് ജയിച്ചത്. ശ്രീലങ്ക ഉയര്‍ത്തിയ 280 റണ്‍സിന്റെ വിജയലക്ഷ്യം ബംഗ്ലാദേശ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. ചരിത് അസലങ്കയുടെ സെഞ്ച്വറിയാണ് ശ്രീലങ്കയെ മോശമല്ലാത്ത സ്കോറിലേക്ക് നയിച്ചത്. എന്നാല്‍, നജ്മുല്‍ ഹൊസൈന്‍ ഷാന്റോയുടെയും ഷാകിബ് അല്‍ ഹസന്റെയും അര്‍ധ സെഞ്ച്വറികള്‍ ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഷാന്റോ 90 റണ്‍സാണ് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.