‘നന്ദി, നല്ല വാക്കുകൾക്കും എന്നിലർപ്പിച്ച വിശ്വാസത്തിനും’; പ്രീതി സിന്‍റക്ക് മറുപടിയുമായി ശശാങ്ക്

അഹ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ നിർണായക സമയത്ത് പഞ്ചാബ് കിങ്സിന്‍റെ ഹീറോയായി അവതരിക്കുകയായിരുന്നു താരലേലത്തിൽ അബദ്ധത്തിൽ ടീം വിളിച്ചെടുത്ത ശശാങ്ക് സിങ്. 29 പന്തുകളിൽനിന്ന് ഈ 32കാരൻ 61 റൺസാണ് നേടിയത്.

ഗുജറാത്തിനെതിരെ കൈവിട്ട കളി ശശാങ്കിന്‍റെ വെടിക്കെട്ട് അർധ സെഞ്ച്വറിയുടെ ബലത്തിലാണ് പഞ്ചാബ് ജയിച്ചുകയറിയത്. പിന്നാലെ ടീം ഉടമയും നടിയുമായ പ്രീതി സിന്‍റ തന്നെ ശശാങ്കിന്‍റെ ആത്മവിശ്വാസത്തെ പ്രശംസിച്ചും അഭിനന്ദിച്ചും രംഗത്തെത്തി. അവസാന ഓവറിലേക്ക് നീണ്ട ആവേശപോരട്ടത്തിൽ ഒരു പന്തു ബാക്കി നിൽക്കെയാണ് മൂന്നു വിക്കറ്റിന്‍റെ തകർപ്പൻ ജയം പഞ്ചാബ് സ്വന്തമാക്കിയത്.

ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്തു. ഈ സീസണിൽ ഒരു ടീം ചെയ്സ് ചെയ്തു കീഴടക്കുന്ന ഉയർന്ന സ്കോറാണിത്. 19 വയസ്സുകാരനായ യുവ ഓൾ റൗണ്ടർ ശശാങ്ക് സിങ് ആണെന്നു തെറ്റിദ്ധരിച്ചാണ്, ലേലത്തിൽ ഈ ശശാങ്കിനെ പഞ്ചാബ് ലേലത്തിൽ വിളിച്ചെടുക്കുന്നത്. അബദ്ധം മനസ്സിലായതോടെ പിൻവാങ്ങണമെന്ന് പഞ്ചാബ് പ്രതിനിധികൾ ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. പിന്നാലെ താരത്തെയും പഞ്ചാബ് ടീമിനെയും ട്രോളി സമൂഹമാധ്യമങ്ങളിൽ നിരവധി പേർ രംഗത്തുവന്നിരുന്നു.

എന്നാൽ, ശശാങ്കിനെ ഇരുകൈയും നീട്ടിയാണ് പഞ്ചാബ് ടീം അധികൃതർ സ്വീകരിച്ചത്. പിന്നീടങ്ങോട്ട് ടീമിന്‍റെ പ്ലെയിങ് ഇലവനിൽ താരം സ്ഥിരം സാന്നിധ്യമാകുന്നതാണ് കണ്ടത്. തന്നെ ചേർത്തുപിടിച്ചതിനും പിന്തുണച്ചതിനും ശശാങ്ക് പ്രീതി സിന്‍റക്ക് നന്ദി പറഞ്ഞു. നല്ല വാക്കുകൾക്കും ടീമിന്‍റെ ഭാഗമായ ഒന്നാം ദിവസം മുതൽ എന്നിലർപ്പിച്ച വിശ്വാസത്തിനും നന്ദിയുണ്ടെന്നായിരുന്നു താരം എക്സിൽ കുറിച്ചത്.

‘മാഡം, നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി, ആദ്യ ദിവസം മുതൽ നിങ്ങൾ എന്നിൽ വിശ്വാസം അർപ്പിച്ചിരുന്നു, പഞ്ചാബ് കിങ്സ് ഫ്രാഞ്ചൈസിക്ക് വേണ്ടി കളിക്കാനായതിൽ വലിയ അഭിമാനമുണ്ട്, എല്ലായ്പ്പോഴും പിന്തുണച്ചതിന് നന്ദി, ഞാൻ വളരെയേറെ കടപ്പെട്ടിരിക്കുന്നു’ -ശശാങ്ക് കുറിച്ചു.

തകർപ്പൻ പ്രകടനത്തിലൂടെ മത്സരത്തിലെ താരമായും ശശാങ്ക് തെരഞ്ഞെടുക്കപ്പെട്ടു . ആറു വീതം സിക്സും ഫോറുമടങ്ങുന്നതായിരുന്നു ഇന്നിങ്സ്. 17 പന്തിൽ 31 റൺസെടുത്ത അശുതോഷ് ശർമയും മികച്ച പിന്തുണ നൽകി.

Tags:    
News Summary - Shashank reacted to Preity Zinta's post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.