'ആ നിറത്തിലുള്ള പൊന്നാട തന്നെ അണിയിച്ചു'; സഞ്ജു സാംസണെ അഭിനന്ദിച്ച് ശശി തരൂർ

ബംഗ്ലാദേശിനെതിരെ കഴിഞ്ഞ ദിവസം അവസാനിച്ച പരമ്പരയിൽ ഇന്ത്യക്ക് വേണ്ട് സെഞ്ച്വറിയടിച്ച സഞ്ജു സാംസണെ അഭിനന്ദിച്ച് കോൺഗ്രസ് എം.പി ശശി തരൂർ. പരമ്പരക്ക് ശേഷം സ്വന്തം നാടായ തിരുവനന്തപുരത്തെത്തിയ സഞ്ജുവിനെ നേരിട്ടെത്തിയാണ് തരൂർ അഭിനന്ദിച്ചത്. താരത്തെ കണ്ടുമുട്ടിയതിന്‍റെ ഫോട്ടോ തരൂർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

'ബംഗ്ലാദേശിനെതിരെ സെഞ്ച്വറി തികച്ച് തിരിച്ച് നാട്ടിലെത്തിയ സഞ്ജു സാംസണ് ഒരു നായകന്‍റെ സ്വീകരണം നൽകാൻ സാധിച്ചതിൽ അതിയായ സന്തോഷം. അദ്ദേഹത്തിന് അനുമോദനം നൽകുവാനായി ഇന്ത്യൻ ടീമിന്‍റെ നിറത്തിലുള്ള ഒരു പൊന്നാട എനിക്ക് കണ്ടെത്താൻ സാധിച്ചു,' ശശി തരൂർ എക്സിൽ കുറിച്ചു.



ബംഗ്ലാദേശിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യ രണ്ട് മത്സരത്തിൽ ഫോമിന്‍റെ ലക്ഷണങ്ങൾ കാണിച്ച സഞ്ജു മൂന്നാം മത്സരത്തിൽ കത്തിക്കയറുകയായിരുന്നു. മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ 47 പന്ത് നേരിട്ട് എട്ട് കൂറ്റൻ സിക്സറും 11 ഫോറുമടക്കം 111 റൺസാണ് സഞ്ജു സാംസൺ അടിച്ചുക്കൂട്ടിയത്. ആദ്യ മത്സരത്തിൽ 29 റൺസ് നേടിയ സഞ്ജു രണ്ടാം മത്സരത്തിൽ 10 റൺസ് മാത്രം നേടി പുറത്തായി.

താരത്തിന്‍റെ കരിയറിലാദ്യമായാണ് ഒരു ട്വന്‍റി--20 പരമ്പരയിലെ മുഴുവൻ മത്സരവും കളിച്ചത്. നായകൻ സൂര്യകുമാർ യാദവും കോച്ച് ഗൗതം ഗംഭീറും മികച്ച പിന്തുണയാണ് താരത്തിന് നൽകുന്നത്. തന്‍റെ സെഞ്ച്വറിയോടൊപ്പം ഒട്ടനവധി റെക്കോർഡ്  സഞ്ജു തനിക്കൊപ്പം കൂട്ടിയിരുന്നു. ആദ്യമായാണ് ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ അന്താരാഷ്ട്ര ട്വന്‍റി-20 ക്രിക്കറ്റിൽ സെഞ്ച്വറി തികച്ചത്. സഞ്ജുവിന്‍റെ സെഞ്ച്വറിയോടൊപ്പം ബാക്കി ബാറ്റർമാരുടെ വെടിക്കെട്ടും കൂടി ആയപ്പോൾ ഇന്ത്യ 297 റൺസ് എന്ന കൂറ്റൻ സ്കോറിലെത്തിയിരുന്നു. മത്സരം അനായാസം വിജയിച്ച ഇന്ത്യ പരമ്പര തൂത്തുവാരുകയും ചെയ്തു. 

Tags:    
News Summary - shashi tharoor felicitated sanju samson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.