ബോളിവുഡ് നടി ഐശ്വര്യ റായിയുമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തിയ മുൻ പാകിസ്താൻ ഓൾ റൗണ്ടർ അബ്ദുൽ റസാഖിനെ രൂക്ഷമായി വിമർശിച്ച് മുൻ പേസർ ശുഐബ് അക്തർ. ഒരു സ്ത്രീയെയും ഇതുപോലെ അപമാനിക്കരുതെന്ന് അക്തർ പറഞ്ഞു.
ലോകകപ്പിൽ പാകിസ്താൻ ടീമിന്‍റെ ദയനീയ പ്രകടനത്തിൽ പാക് ക്രിക്കറ്റ് ബോർഡിനെ വിമർശിക്കുന്നതിനിടെയാണ് ഐശ്വര്യയുമായി ബന്ധപ്പെട്ട് റസാഖ് വിവാദ പരാമർശം നടത്തിയത്. ‘ഐശ്വര്യയെ വിവാഹം ചെയ്തതുകൊണ്ടു മാത്രം ഭംഗിയുള്ള കുഞ്ഞ് ജനിക്കണമെന്നില്ല’ എന്നായിരുന്നു താരത്തിന്‍റെ പരാമർശം. മുൻ താരങ്ങളായ ഷാഹിദ് അഫ്രീദി, ഉമർ ഗുൽ എന്നിവർ കൂടി പങ്കെടുത്ത ചർച്ചയിലായിരുന്നു പരാമർശം. റസാഖിന്‍റെ വാക്കുകൾ കേട്ട് അഫ്രീദിയും ഗുല്ലും പൊട്ടിച്ചിരിക്കുകയും കൈയടിക്കുന്നുമുണ്ട്.
മുൻ മിസ് വേൾഡിന്‍റെ പേര് വലിച്ചിഴച്ചതിൽ മുൻ താരങ്ങൾ ഉൾപ്പെടെ റസാഖിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമങ്ങളിൽ ആരാധകരും രൂക്ഷമായാണ് പ്രതികരിച്ചത്. ‘റസാഖിന്‍റെ അനുചിതമായ തമാശയെ അങ്ങേയറ്റം അപലപിക്കുന്നു. ഒരു സ്ത്രീയെയും ഇതുപോലെ അപമാനിക്കരുത്’ -അക്തർ എക്സിൽ കുറിച്ചു. റസാഖിന്‍റെ സമീപത്തിരുന്ന് ചിരിക്കുന്നതിനും കൈകൊട്ടുന്നതിനും പകരം അവർ പ്രതികരിക്കുകയാണ് വേണ്ടിയിരുന്നതെന്നും അക്തർ കൂട്ടിച്ചേർത്തു.
വിവാദമായതോടെ ന്യായീകരണവുമായി അഫ്രീദി രംഗത്തെത്തി. റസാഖ് പറഞ്ഞത് താൻ വ്യക്തമായി കേട്ടിട്ടില്ലെന്നും പരാമർശമത്തിൽ മാപ്പ് പറയണമെന്ന് അദ്ദേഹത്തോട് പറഞ്ഞതായും താരം വ്യക്തമാക്കി. കൈകൊട്ടി ചിരിച്ചിട്ടില്ലെന്ന് ഉമർ ഗുല്ലും പറയുന്നു.
‘പി.സി.ബിയുടെ ഉദ്ദേശശുദ്ധിയെ കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. ഞാൻ കളിക്കുന്ന സമയത്ത് ക്യാപ്റ്റനെന്ന നിലയിൽ വ്യക്തമായ ലക്ഷ്യവും ഉദ്ദേശശുദ്ധിയുമുള്ള ആളായിരുന്നു യൂനിസ് ഖാൻ. മികച്ച പ്രകടനം പുറത്തെടുക്കാൻ ഇതെനിക്ക് ആത്മവിശ്വാസവും പ്രചോദനവും നൽകി. ഇവിടെയുള്ള എല്ലാവരും പാകിസ്താൻ ക്രിക്കറ്റ് ടീമിനെ കുറിച്ചും താരങ്ങളുടെ പ്രകടനത്തെ കുറിച്ചുമാണ് സംസാരിക്കുന്നത്. സത്യത്തിൽ, മികച്ച താരങ്ങളെ കണ്ടെത്താനും വളർത്തിയെടുക്കാനും നമുക്ക് എത്ര കണ്ട് ഉദ്ദേശശുദ്ധിയുണ്ട് എന്ന കാര്യത്തിൽ എനിക്കു സംശയമുണ്ട്. ഐശ്വര്യ റായിയെ വിവാഹം ചെയ്തതുകൊണ്ടു മാത്രം ഭംഗിയുള്ള കുഞ്ഞ് ജനിക്കുമെന്ന് നിങ്ങൾ ചിന്തിച്ചാൽ അതു നടക്കണമെന്നില്ല’ -എന്നാണ് റസാഖ് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.