മുംബൈ: മോശം ഫോമിന്‍റെ പേരിൽ ഇന്ത്യൻ ടീമിൽനിന്ന് മാറ്റിനിർത്തുന്ന ബി.സി.സി.ഐക്ക് ഇരട്ട സെഞ്ച്വറി നേടി മറുപടി നൽകി ബാറ്റർ ശ്രേയസ്സ് അയ്യർ!
രഞ്ജി ട്രോഫി ക്രിക്കറ്റിലൂടെയാണ് താരം തിരിച്ചുവരവ് രാജകീയമാക്കിയത്. താരത്തിന്‍റെ ഇരട്ട സെഞ്ച്വറിയുടെ ബലത്തിൽ ഒഡിഷക്കെതിരെ മുംബൈ കൂറ്റൻ സ്കോർ നേടി ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. 123.5 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 602 റൺസെടുത്താണ് മുംബൈ ഇന്നിങ്സ് അവസാനിപ്പിച്ചത്. ടീമിനായി സിദ്ധേഷ് ലാഡ് സെഞ്ച്വറി നേടി. അഞ്ചാമനായി ക്രീസിലെത്തി ഏകദിന ശൈലിയിൽ ബാറ്റുവീശിയ അയ്യർ, 228 പന്തിൽ 233 റൺസെടുത്താണ് പുറത്തായത്. 24 ഫോറുകളും ഒമ്പത് സിക്സും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്. 101 പന്തിൽ സെഞ്ച്വറി പൂർത്തിയാക്കിയ അയ്യർ, 201 പന്തിൽ 22 ഫോറും എട്ടു സിക്സും സഹിതമാണ് ഇരട്ട സെഞ്ച്വറിയിലെത്തിയത്.
കഴിഞ്ഞ സീസണിൽ ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലേക്ക് നയിച്ചിട്ടും മെഗാ താരലേലത്തിനു മുന്നോടിയായി ഇത്തവണ ടീം താരത്തെ ഒഴിവാക്കിയിരുന്നു. രഞ്ജി ട്രോഫിയിൽ ഒമ്പതു വർഷത്തെ ഇടവേളക്കുശേഷമാണ് താരം വീണ്ടും ഇരട്ട സെഞ്ച്വറി നേടുന്നത്. 2015ലാണ് ഇതിനു മുമ്പ് ഇരട്ട സെഞ്ച്വറി നേടിയത്. 2017–18 സീസണിനുശേഷം ആദ്യമായാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അയ്യർ ഇരട്ട സെഞ്ച്വറി നേടുന്നതും. മുംബൈയിൽ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ആസ്ട്രേലിയക്കെതിരെയാണ് താരം ഇതിനു മുമ്പ് ഡബ്ൾ നേടിയത്. മൂന്നു വർഷവും 38 ഇന്നിങ്സും നീണ്ട കാത്തിരിപ്പിനു ശേഷമാണ് അയ്യർ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സെഞ്ച്വറി കടക്കുന്നതും.
നായകൻ അജിങ്ക്യ രഹാനെ വീണ്ടും നിരാശപ്പെടുത്തി. നേരിട്ട ആദ്യ പന്തിൽ തന്നെ താരം പുറത്തായി. 337 പന്തിൽ 169 റൺസെടുത്ത സിദ്ധേഷ് പുറത്താകാതെ നിന്നു. നാലാം വിക്കറ്റിൽ സിദ്ധേഷും അയ്യരും ട്രിപ്പിൾ സെഞ്ചറി കൂട്ടുകെട്ടുണ്ടാക്കി. 440 പന്തിൽ ഇരുവരും കൂട്ടിച്ചേർത്തത് 354 റൺസാണ്. സൂര്യാൻഷ് ഷെഡ്ഗെ ട്വന്റി20 ശൈലിയിൽ തകർത്തടിച്ച് 36 പന്തിൽ 79 റൺസെടുത്ത് പുറത്താകാതെ നിന്നു. ഏഴു ഫോറും ആറു സിക്സും ഉൾപ്പെടുന്നതാണ് ഷെഡ്ഗെയുടെ ഇന്നിങ്സ്.
ഓപ്പണർ ആൻക്രിഷ് രഘുവംശി (124 പന്തിൽ 13 ഫോറും മൂന്നു സിക്സും സഹിതം 92), ആയുഷ് മാത്രെ (17 പന്തിൽ നാലു ഫോറും സഹിതം 18) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. ഒഡിഷക്കായി ബിപ്ലബ് സാമന്തറായ് 10 ഓവറിൽ 57 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ഹർഷിത് റാത്തോഡ്, സൂര്യകാന്ത് പ്രധാൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.