മുംബൈ: സിംബാബ്‍വെക്കെതിരായ ട്വന്റി20 പരമ്പരക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. മുതിർന്ന താരങ്ങളായ രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുമ്ര എന്നിവർക്കുൾപ്പെടെ വിശ്രമം നൽകിക്കൊണ്ടാണ് ടീം പ്രഖ്യാപിച്ചത്. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ശുഭ്മന്‍ ഗിൽ ഇന്ത്യൻ ടീമിനെ നയിക്കും. മലയാളിതാരം സഞ്ജു സാംസൺ പ്രധാന വിക്കറ്റ് കീപ്പറായി ടീമിൽ ഇടംനേടി. മറ്റൊരു വിക്കറ്റ് കീപ്പറായി ധ്രുവ് ജുറെൽ ഇടം നേടിയപ്പോൾ ഇഷൻ കിഷനെ പരിഗണിച്ചില്ലെന്നത് ശ്രദ്ധേയമായി.
ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് എന്നിവർക്കു വിശ്രമം നൽകിയപ്പോൾ, ഐ.പി.എല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത അഭിഷേക് ശര്‍മ, റിയാൻ പരാഗ്, നിതീഷ് കുമാർ റെഡ്ഡി, തുഷാർ ദേശ്പാണ്ഡെ എന്നിവർക്ക് ദേശീയ ടീമിലേക്ക് ആദ്യ വിളിയെത്തി. സ്പിന്നർമാരായ കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചെഹൽ എന്നിവർക്കും വിശ്രമം അനുവദിച്ചതോടെ വാഷിങ്ടൻ സുന്ദർ, രവി ബിഷ്‌ണോയ് എന്നിവർക്ക് അവസരം ലഭിച്ചു. ആവേശ് ഖാൻ, ഖലീൽ അഹമ്മദ്, മുകേഷ് കുമാർ , തുഷാർ ദേശ്പാണ്ഡെ എന്നിവരാണ് സംഘത്തിലുള്ള പേസർമാർ.
സിംബാബ്‍വെ പര്യടനത്തിനുള്ള ഇന്ത്യൻ സംഘം: ശുഭ്മന്‍ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ഋതുരാജ് ഗെയ്ക്‌വാദ്, അഭിഷേക് ശർമ, റിങ്കു സിങ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ), നിതീഷ് റെഡ്ഡി, റിയാൻ പരാഗ്, വാഷിങ്ടൻ സുന്ദർ, രവി ബിഷ്ണോയി, ആവേശ് ഖാൻ, ഖലീൽ അഹമ്മദ്, മുകേഷ് കുമാർ, തുഷാർ ദേശ്പാണ്ഡെ. ജൂലൈ ആറ് മുതൽ ഹരാരെയിലാണ് പരമ്പര നടക്കുന്നത്. ഏഴ്, 10, 13, 14 തീയതികളിലാണ് മറ്റു മത്സരങ്ങൾ.
ലോകകപ്പോടെ രാഹുൽ ദ്രാവിഡ് പരിശീലക സ്ഥാനമൊഴിയുകയാണ്. പകരം ഗൗതം ഗംഭീർ പരിശീലകനാകുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തിൽ ബി.സി.സി.ഐ സസ്പെൻസ് തുടരുകയാണ്. സിംബാബ്‍വെയിലേക്ക് ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ വി.വി.എസ്. ലക്ഷ്മൺ ഇന്ത്യൻ സംഘത്തോടൊപ്പം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.