ഹരാരെ: ട്വന്റി 20 ലോകകപ്പിനുള്ള ആഫ്രിക്കൻ മേഖല യോഗ്യത മത്സരത്തിൽ തകർപ്പൻ ആൾറൗണ്ട് മികവിലൂടെ ചരിത്രം കുറിച്ച് സിംബാബ്വെ താരം സിക്കന്ദർ റാസ. റുവാണ്ടക്കെതിരെയായിരുന്നു റാസയുടെ ക്ലാസ് പ്രകടനം. ബാറ്റിങ്ങിൽ ഓപണറായി ഇറങ്ങിയ നായകൻ 36 പന്തിൽ നാല് സിക്സും ആറ് ഫോറുമടക്കം അടിച്ചുകൂട്ടിയത് 58 റൺസായിരുന്നു. ബൗളിങ്ങിനിറങ്ങിയപ്പോൾ വാലറ്റത്തെ ഹാട്രിക്കിലൂടെ എറിഞ്ഞിടുകയും ചെയ്തു. മത്സരത്തിൽ 144 റൺസിനായിരുന്നു സിംബാബ്വെയുടെ ജയം.
ആദ്യം ബാറ്റ് ചെയ്ത അവർ 20 ഓവറിൽ നാലിന് 215 റൺസാണ് നേടിയത്. മുൻനിര വിക്കറ്റുകൾ സഹതാരങ്ങൾ വീഴ്ത്തിയപ്പോൾ 19ാം ഓവറിൽ ഹാട്രിക് വിക്കറ്റുമായി റാസ റുവാണ്ടയുടെ കഥ കഴിച്ചു. ട്വന്റി 20യിൽ ഹാട്രിക് നേടുന്ന ആദ്യ സിംബാബ്വെ താരമെന്ന നേട്ടവും സ്വന്തം പേരിലാക്കി. മൂന്ന് റൺസ് മാത്രം വഴങ്ങിയായിരുന്നു താരത്തിന്റെ മൂന്ന് വിക്കറ്റ് നേട്ടം. മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട റാസ ഈ വർഷം ആറാം തവണയാണ് മാൻ ഓഫ് ദ മാച്ചാവുന്നത്. ഇക്കാര്യത്തിൽ വിരാട് കോഹ്‍ലിക്കൊപ്പമെത്താനും സിംബാബെ താരത്തിനായി.
യുഗാണ്ടക്കെതിരെ അപ്രതീക്ഷിത തോൽവി വഴങ്ങി ലോകകപ്പ് യോഗ്യത പ്രതിസന്ധിയിലായ സിംബാബ്വെയുടെ തകർപ്പൻ തിരിച്ചുവരവിന് കൂടിയാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ജയത്തോടെ ലോകകപ്പ് പ്രതീക്ഷയിൽ തിരിച്ചെത്തിയിരിക്കുകയാണവർ. നിലവിൽ നാല് പോയന്റുമായി നാലാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.