ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ ഡൽഹി കാപിറ്റൽസിനോട് ഏഴുവിക്കറ്റിന് പരാജയപ്പെട്ടാണ് ചെന്നൈ സൂപ്പർ കിങ്സ് തുടങ്ങിയത്.
ഇതിന് പിന്നാലെ കുറഞ്ഞ ഓവർ നിരക്കിന്‍റെ പേരിൽ ചെന്നൈ നായകൻ എം.എസ്. ധോണിക്ക് 12 ലക്ഷം രൂപ പിഴ ലഭിച്ചത് നാണക്കേടായി. ഐ.പി.എൽ 2021ന്‍റെ പുതിയ പെരുമാറ്റച്ചട്ടം പ്രകാരം നിശ്ചിത സമയത്തിനുള്ളിൽ ഓവറുകൾ തീർക്കാത്തതാണ് ധോണിക്ക് വിനയായത്.
സീസണിൽ ഇതുമായി ബന്ധപ്പെട്ടുണ്ടായ ആദ്യ നടപടിയാണിത്. കഴിഞ്ഞ കുറച്ച് സീസണുകളിലായി മത്സരം നിശ്ചയിച്ച സമയത്തിൽ നിന്ന് നീണ്ടുപോകുന്നുവെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഐ.പി.എൽ അധികൃതർ പെരുമാറ്റചട്ടം പരിഷ്കരിച്ചത്.
14ാം സീസണിൽ സ്ട്രാറ്റജിക് ടൈം ഔട്ട് കൂടാതെ മണിക്കൂറിൽ 14.1ഓവറുകൾ പൂർത്തിയാക്കണമെന്നാണ് ചട്ടം. 20 ഓവർ 90 മിനിറ്റിനകം എറിഞ്ഞ് തീർക്കണം.
ശനിയാഴ്ച നടന്ന മത്സരത്തിൽ ചെന്നൈ മുന്നോട്ടുവെച്ച 189 റൺസ് വിജയലക്ഷ്യം എട്ട് പന്തുകൾ ശേഷിക്കേ ഡൽഹി മറികടന്നിരുന്നു. ഒന്നാം വിക്കറ്റിൽ 138 റൺസ് ചേർത്ത ശിഖർ ധവാനും പൃഥ്വി ഷായും ചേർന്നാണ് ഡൽഹിക്ക് മിന്നും ജയം സമ്മാനിച്ചത്. ഡൽഹി ക്യാപ്റ്റനായി അരങ്ങേറിയ ഋഷഭ് പന്തിന് വിജയത്തോടെ തുടങ്ങാനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.