ഗാംഗുലിക്ക് ഐ.പി.എൽ ചെയർമാൻ സ്ഥാനം നൽകാമെന്ന്; നിരസിച്ച് മുൻ ഇന്ത്യൻ നായകൻ

മുംബൈ: മുൻ ഇന്ത്യൻ നായകനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്ക് ഐ.പി.എൽ ചെയർമാൻ സ്ഥാനം വെച്ചുനീട്ടിയെന്ന് റിപ്പോർട്ട്. എന്നാൽ, അദ്ദേഹം ഇത് നിരസിച്ചുവെന്നും ബി.സി.സി.ഐയിൽ തന്നെ തുടരാൻ താൽപര്യം പ്രകടിപ്പിച്ചുവെന്നും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഒക്ടോബർ 18ന് ബി.സി.സി.ഐയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഗാംഗുലിക്ക് പുതിയ പദവി നൽകാനുള്ള നീക്കം തുടങ്ങിയത്.

നിലവിൽ ബ്രിജേഷ് പട്ടേലാണ് ഐ.പി.എൽ ചെയർമാൻ. ബി.സി.സി.ഐയിലെ പുതിയ ഭാരവാഹികൾക്കുള്ള ചർച്ചകൾക്കായി ഗാംഗുലി കഴിഞ്ഞയാഴ്ച ഡൽഹിയിലെത്തിയിരുന്നു. ബി.സി.സി.ഐ തലപ്പത്തിരുന്ന് പിന്നീട് സംഘടനയുടെ സബ് കമ്മിറ്റിയുടെ ചുമതലവഹിക്കാൻ താൽപര്യമില്ലെന്ന് ഗാംഗുലി അറിയിച്ചതായാണ് വിവരം. ബി.സി.സി.ഐ പ്രസിഡന്റായി തുടരാൻ ഗാംഗുലി താൽപര്യമറിയിച്ചുവെന്ന് സ്ഥിരീകരിക്കാ​ത്ത റിപ്പോർട്ടുകളുണ്ട്.

ഗാംഗുലിയെ ഐ.പി.എൽ ചെയർമാനായി അവരോധിക്കാനുള്ള നീക്കങ്ങളെല്ലാം ബി.സി.സി.ഐയിൽ പൂർത്തിയായതായാണ് വിവരം. എന്നാൽ ഗാംഗുലി സ്ഥാനമേൽക്കാൻ ഇല്ലെന്ന് അറിയിച്ചതോടെ നിലവിൽ ബി.സി.സി.ഐ ട്രഷർ അരുൺ സിങ് ധൂമൽ ഐ.പി.എൽ തലപ്പത്ത് എത്തുമെന്നാണ് വാർത്തകൾ. 2019ലാണ് എതിരില്ലാതെ സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റായത്. ജയ് ഷായെ ബി.സി.സി.ഐ സെക്രട്ടറിയായും നിയമിച്ചിരുന്നു.

Tags:    
News Summary - Sourav Ganguly was offered IPL chairmanship, but outgoing BCCI chief refused it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.