ദുബൈ: വർണവിവേചനവും ഡികോക്കിന്‍റെ പിന്മാറ്റവും അടക്കമുള്ളവ സൃഷ്ടിച്ച വിവാദത്തിനിടയിലും തകർപ്പൻ ജയവുമായി ദക്ഷിണാഫ്രിക്ക ട്വന്‍റി 20 ലോകകപ്പിൽ വിലപ്പെട്ട രണ്ടുപോയന്‍റുകൾ സ്വന്തമാക്കി. വെസ്റ്റിൻഡീസ് നിശ്ചിത ഓവറിൽ ഉയർത്തിയ 143 റൺസ് രണ്ടുവിക്കറ്റ് നഷ്ടത്തിൽ 18.2 ഓവറിൽ ദക്ഷിണാഫ്രിക്ക അനായാസം മറികടന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും വമ്പൻ തോൽവി വഴങ്ങിയ നിലവിലെ ചാമ്പ്യൻമാരായ വിൻഡീസിന്‍റെ നില ഇതോടെ പരുങ്ങലിലായി.
തകർപ്പൻ ഫോം തുടരുന്ന എയ്ഡൻ മാർക്രം (26 പന്തിൽ 51 നോട്ടൗട്ട് ), റോസി വാൻഡർ ഹ്യൂസൻ (51 പന്തിൽ 43 നോട്ടൗട്ട്) എന്നിവർ ചേർന്നപ്പോൾ വിൻഡീസ് ബൗളർമാർക്ക് കാര്യമായൊന്നും ചെയ്യാനില്ലായിരുന്നു. ഡികോക്കിന് പകരക്കാരനായി ടീമിലെത്തിയ റീസ ഹെൻഡ്രിക്സ് 30 പന്തിൽ 39 റൺസ് നേടിയപ്പോൾ നായകൻ ടെമ്പ ബവുമ രണ്ടുറൺസിന് പുറത്തായി.
ആദ്യം ബാറ്റ് ചെയ്ത വിൻഡീസിന്‍റെ ബാറ്റിങ് നിര വീണ്ടും നിരാശപ്പെടുത്തുകയായിരുന്നു. 35 പന്തിൽ 56 റൺസെടുത്ത എവൻ ലൂവിസ് മാത്രമാണ് വിൻഡീസിനായി തിളങ്ങിയത്. ലൂവിസിനൊപ്പം ഓപ്പണറായി ഇറങ്ങിയ ലെൻഡി സിമ്മൺസ് 35 പന്തുകളിൽ നിന്നും വെറും 16 റൺസ് മാത്രമാണ് നേടിയത്. ഒരു ബൗണ്ടറിപോലും നേടാതെയുള്ള സിമ്മൺസിന്‍റെ മെല്ലെപ്പോക്ക് വിൻഡീസ് സ്കോർബോർഡിനെ ഒച്ചിഴയും വേഗത്തിലാക്കി. നികൊളാസ് പുരാൻ (12), ക്രിസ് ഗെയ്ൽ (12), കീരൺ പൊള്ളാർഡ് (26), ആന്ദ്രേ റസൽ (5), ഹെറ്റ്മയർ (1), ഡ്വെയ്ൻ ബ്രാവോ (8നോട്ടൗട്ട്) എന്നിങ്ങനെയാണ് മറ്റുബാറ്റ്സ്മാൻമാരുടെ സ്കോറുകൾ. ദക്ഷിണാഫ്രിക്കക്കായി ഡ്വെയ്ൻ പ്രിട്ടോറിയസ് മൂന്നും കേശവ് മഹാരാജ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.