കൊൽക്കത്ത: ലോകകപ്പിലെ രണ്ടാം സെമി ഫൈനലിൽ ആസ്ട്രേലിയക്കെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുത്തു. കൊൽക്കത്തയിലെ ഈഡൻഗാർഡൻസിൽ നടക്കുന്ന കരുത്തരുടെ പോരാട്ടത്തിൽ ചരിത്രം പിറക്കുമോയെന്ന ആകാംക്ഷയിലാണ് ആരാധകർ.
മികച്ച ബാറ്റിങ് നിരയുള്ള ദക്ഷിണാഫ്രിക്ക പക്ഷേ രണ്ട് മത്സരങ്ങളിൽ തീർത്തും ദയനീയമായാണ് കളിച്ചത്. ഇന്ത്യക്കെതിരെ 85 റൺസിന് പുറത്തായ ടെംബ ബാവുമയും സംഘവും ദുർബലരായ നെതർലൻഡ്സിനോട് അവിശ്വസനീയമായ തോൽവിയും നേരിട്ടു. 591 റൺസുമായി ഓപണർ ക്വിന്റൺ ഡികോക് തകർപ്പൻ ഫോമിലാണ്. അവസാന ലോകകപ്പിൽ ടീമിന് കിരീടം നേടിക്കൊടുക്കുകയാണ് ഡികോക്കിന്റെ ലക്ഷ്യം. റാസി വാൻ ഡെർ ഡസൻ, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ എന്നിവരും ബാറ്റിങ്ങിലെ കരുത്തരാണ്. ക്യാപ്റ്റൻ ബാവുമകൂടി ഫോമിലായാൽ കളിയുടെ ഗതി വീണ്ടും മാറും. ലുങ്കി എൻഗിഡിയും മാർക്കോ ജാൻസനുമാകും ന്യൂ ബാൾ ബൗളർമാർ. മധ്യ ഓവറുകളിൽ ഇടങ്കയ്യൻ സ്പിന്നർ കേശവ് മഹാരാജിന്റെ പന്തുകൾ നിർണായകമായേക്കും. തബ്റെയ്സ് ഷംസിയുടെ റിസ്റ്റ് സ്പിന്നും ഈഡനിലെ പിച്ചിന് അനുയോജ്യമാണ്. ഗ്രൂപ് ഘട്ടത്തിൽ റൺസ് പിന്തുടർന്ന രണ്ട് മത്സരങ്ങൾ തോറ്റ ദക്ഷിണാഫ്രിക്ക, ടോസ് നേടിയപ്പോൾ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും തോറ്റ് തുടങ്ങിയ ആസ്ട്രേലിയ നിലവിൽ അത്യുജ്ജ്വല ഫോമിലാണ്. അഫ്ഗാനിസ്താനെതിരെ ഏഴിന് 91ലേക്ക് തകർന്ന ശേഷം ഗ്ലെൻ മാക്സ്വെല്ലിന്റെ 201 റൺസ് പ്രകടനത്തോടെയുള്ള ജയം ടീമിന് നൽകിയ ഊർജം ചെറുതല്ല. പേശീവലിവ് കാരണം അവസാന ഗ്രൂപ് മത്സരം കളിക്കാതിരുന്ന മാക്സ്വെൽ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത് തുടങ്ങിയവരിലാണ് ബാറ്റിങ് പ്രതീക്ഷ. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് നയിക്കുന്ന ബൗളിങ്ങിൽ സ്പിന്നർ ആദം സാംപക്ക് ഇന്ന് തിളങ്ങാൻ അവസരമുള്ള പിച്ചാണ്.
െപ്ലയിങ് ഇലവൻ: ദക്ഷിണാഫ്രിക്ക -ക്വിന്റൺ ഡി കോക്ക്, ടെംബ ബാവുമ, റസി വാൻ ഡർ ഡസൻ, എയ്ഡൻ മർക്രാം, ഹെന്റിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, മാർകൊ ജാൻസൻ, ജെറാൾഡ് കോയറ്റ്സി, കേശവ് മഹാരാജ്, കഗിസൊ റബാദ, തബ്രൈസ് ഷംസി.
ആസ്ട്രേലിയ: ട്രാവിസ് ഹെഡ്, ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത്, മാർനസ് ലബൂഷെയ്ൻ, ജോഷ് ഇംഗ്ലിസ്, െഗ്ലൻ മാക്സ്വെൽ, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്, ആദം സാംബ, ജോഷ് ഹേസൽവുഡ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.