ജൊഹാനസ്ബർഗ്: ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണും സായ് സുദർശനും പ്ലെയിങ് ഇലവനിലുണ്ട്. സുദർശന്‍റെ ഏകദിന അരങ്ങേറ്റമാണിത്. മധ്യനിര ബാറ്ററായാണ് സഞ്ജു കളിക്കുക. ലോകകപ്പിനു ശേഷം ആദ്യമായാണ് ഇന്ത്യ ഏകദിനം കളിക്കുന്നത്.
രോഹിത് ശർമയുടെ അഭാവത്തിൽ കെ.എൽ. രാഹുലാണ് ടീമിനെ നയിക്കുന്നത്. വെടിക്കെട്ട് ബാറ്റർ റിങ്കു സിങ് കളിക്കുന്നില്ല. വാണ്ടറേഴ്സ് സ്റ്റേഡിയത്തിലാണ് മത്സരം. ദക്ഷിണാഫ്രിക്കക്കായി നാൻഡ്രെ ബർഗർ ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കും. ലോകകപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ രണ്ട് ട്വന്റി20 പരമ്പരകളാണ് ഇന്ത്യ കളിച്ചത്. ആസ്ട്രേലിയയെ 4-1ന് തോൽപിച്ചപ്പോൾ ദക്ഷിണാഫ്രിക്കയോട് 1-1ന് സമനില പിടിച്ചു.
പരിശീലകൻ രാഹുൽ ദ്രാവിഡും ടീമിനൊപ്പമില്ല. ഏറെ നാൾക്കുശേഷം സീനിയർ താരങ്ങളായ രോഹിത്, വിരാട് കോഹ്‌ലി എന്നിവരിൽ ഒരാൾപോലുമില്ലാതെ കളിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. പരിചയസമ്പന്നരും യുവനിരയും പുതുമുഖങ്ങളുമെല്ലാം ഉൾപ്പെട്ടതാണ് ഇന്ത്യൻ സ്ക്വാഡ്. രാഹുലിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ഇതാദ്യമല്ല ഇറങ്ങുന്നത്. മൂന്ന് ഫോർമാറ്റിലുമായി 13 മത്സരങ്ങളിൽ ബംഗളൂരുകാരൻ ടീമിനെ നയിച്ചപ്പോൾ ഒമ്പതിലും ജയിച്ചു. ഏകദിനത്തിൽ ഒമ്പതിൽ ആറിലെയും ഫലം അനുകൂലമായിരുന്നു.
ട്വന്റി20 പരമ്പരകളിൽ തിളങ്ങിയ സൂര്യകുമാറടക്കമുള്ളവർ പക്ഷെ ഏകദിനത്തിനില്ല. ഓപണർമാരായ യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, ഓൾ റൗണ്ടർ രവീന്ദ്ര ജദേജ, വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ, പേസർ മുഹമ്മദ് സിറാജ് എന്നിവർ ഇനി ടെസ്റ്റ് പരമ്പരയിലാണ് കളിക്കുക.
ടീം ഇന്ത്യ: കെ.എൽ. രാഹുൽ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്‌ക്‌വാദ്, സായ് സുദർശൻ, തിലക് വർമ, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുകേഷ് കുമാർ, ആവേഷ് ഖാൻ, അർഷ്ദീപ് സിങ്.
ടീം ദക്ഷിണാഫ്രിക്ക: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), നാൻഡ്രെ ബർഗർ, ടോണി ഡി സോർസി, റീസ ഹെൻഡ്രിക്‌സ്, ഹെൻറിച് ക്ലാസൻ, കേശവ് മഹാരാജ്, ഡേവിഡ് മില്ലർ, ആൻഡിലെ ഫെഹ്‌ലുക്വായോ, മൾഡർ, തബ്രെയ്‌സ് ഷംസി, റസീ വാൻഡെർ ഡസൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.