കേപ്ടൗൺ: നിർണായക മത്സരത്തിൽ സഹതാരങ്ങൾ അതിവേഗം മടങ്ങിയിട്ടും ഒറ്റയാനായി പിടിച്ചുനിന്ന് ഇന്നിങ്സ് മുന്നോട്ടുനയിച്ച ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് സെഞ്ച്വറി നഷ്ടം. 79 റൺസുമായി നായകന്റെ കളി പുറത്തെടുത്താണ് മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിവസം ദക്ഷിണാഫ്രിക്ക കാത്തിരുന്ന വിക്കറ്റ് റബാദക്ക് സമ്മാനിച്ച് മടങ്ങിയത്.
റബാദയും ജാൻസണും തീ തുപ്പിയ ദിനത്തിൽ ഇന്ത്യൻ ഇന്നിങ്സ് 223 റൺസിൽ അവസാനിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക സ്റ്റമ്പെടുക്കുമ്പോൾ ഒരുവിക്കറ്റിന് 17 എന്ന നിലയിലാണ്.
മുനകൂർത്ത ആക്രമണവുമായി ദക്ഷിണാഫ്രിക്കൻ ബൗളിങ് ആധിപത്യം കാട്ടിയ ദിവസത്തിൽ ഓപണർമാരായ കെ.എൽ. രാഹുലും മായങ്ക് അഗർവാളും കാര്യമായ സമ്പാദ്യമില്ലാതെ മടങ്ങിയതോടെ ഇന്ത്യൻ തകർച്ചക്കും തുടക്കമായി.
ടീം സ്കോർ 31ൽ നിൽക്കെ 12 റൺസ് എടുത്ത രാഹുൽ ഒളീവിയറിന് വിക്കറ്റ് സമ്മാനിച്ച് പവലിയനിലെത്തി. രണ്ടു റൺകൂടി ചേർക്കുന്നതിനിടെ മായങ്കും വീണു. റബാദക്കായിരുന്നു വിക്കറ്റ്. അതോടെ ഒത്തുപിടിച്ച ചേതേശ്വർ പൂജാര- വിരാട് കോഹ്ലി കൂട്ടുകെട്ട് ഇന്ത്യൻ കപ്പൽ ഉലയാതെ മുന്നോട്ടുകൊണ്ടുപോയി. ടീം സ്കോർ സെഞ്ച്വറി കടക്കുംമുമ്പ് 43 റൺസുമായി പൂജാര കളംവിട്ടു. മാർകോ ജാൻസന്റെ പന്തിൽ വിക്കറ്റ് കീപർ വെരെയ്ന്‍ ക്യാച്ച് സമ്മാനിച്ചായിരുന്നു മടക്കം. പിന്നീടെത്തിയത് അജിങ്ക്യ രഹാനെ.
ഇരുവരും മികച്ച പാർട്ണർഷിപ്പ് തീർക്കുമെന്ന സ്വപ്നം വെറുതെയാക്കി 9 റൺസ് മാത്രം ചേർത്ത് രഹാനെ പവലിയനിൽ. തൊട്ടുപിറകെ കഴിഞ്ഞ കളിയിലെ കളങ്കം തീർക്കാൻ എത്തിയത് ഋഷഭ് പന്ത്. കരുതി ബാറ്റുവീശിയ താരം 50 പന്തിൽ 27 റൺസ് ചേർത്തെങ്കിലും ജാൻസന്റെ അപകടകരമായ പന്തിൽ കീഗൻ പീറ്റേഴ്സണ് വിക്കറ്റ് സമ്മാനിച്ചു.
ഒരുവശത്ത് ബാറ്റർമാർ തുരുതുരാ തിരിച്ചുപോയിട്ടും കപ്പിത്താന്റെ ആവേശവും ജാഗ്രതയും നിലനിർത്തി ബാറ്റുവീശിയ കോഹ്ലി 201 പന്ത് നേരിട്ട് 79 റൺസ് എടുത്ത് റബാദയുടെ പന്തിൽ പുറത്തായി. ഇതോടെ ടീം സ്കോർ 211. വാലറ്റത്ത് മുഹമ്മദ് ഷമിയും ഉമേഷ് യാദവും പിടിച്ചുനിൽക്കാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും 12 റൺസ് കൂടി ചേർത്ത് ഷമി മടങ്ങിയതോടെ ഇന്ത്യൻ ഇന്നിങ്സിന് തിരശ്ശീല. നാലു വിക്കറ്റെടുത്ത കാഗിസോ റബാദയും മൂന്നെണ്ണം വീഴ്ത്തിയ മാർകോ ജാൻസണുമായിരുന്നു ഇന്ത്യൻ നിരയിൽ അപകടം വിതച്ചത്. ഒളീവിയർ, എൻഗിഡി, കേശവ് മഹാരാജ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ബൗളിങ്ങിനെ പിച്ചിച്ചീന്തിയ ക്യാപ്റ്റൻ എൽഗാറിനെ തുടക്കത്തിലേ മടക്കി ജസ്പ്രീത് ബുംറ പ്രതീക്ഷ നൽകി. എട്ടു റൺസെടുത്ത് മർക്രമും ആറു റൺസുമായി കേശവ് മഹാരാജുമാണ് ക്രീസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.