ഷാർജ: ദക്ഷിണാഫ്രിക്കക്ക് വിജയത്തിലേക്ക് വേണ്ടത് ആറുപന്തിൽ 15 റൺസ്. ശ്രീലങ്കക്കായി അവസാന ഓവറിന് പന്തെടുത്ത ലഹിരു കുമാര ഡേവിഡ് മില്ലറുടെ ബാറ്റിന്‍റെ ചൂടറിഞ്ഞു. രണ്ടും മൂന്നും പന്തുകൾ പടുകൂറ്റൻ സിക്സറിന് പറത്തിയ മില്ലർ ദക്ഷിണാഫ്രിക്കക്ക് ട്വന്‍റി 20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം വിജയമുറപ്പാക്കുകയായിരുന്നു. ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക ഉയർത്തിയ 142 റൺസ് പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്ക വിറച്ചെങ്കിലും വിലപ്പെട്ട രണ്ട് പോയന്‍റ് സ്വന്തമാക്കി. മാർക്രം, ബാവുമ, പ്രിട്ടോറിയസ് എന്നിവരെ തുടരെ പന്തുകളിൽ പുറത്താക്കി ഹസരങ്ക ഹാട്രിക് നേടിയെങ്കിലും ശ്രീലങ്കക്ക് വിജയിക്കാൻ അത് മതിയായിരുന്നില്ല.
ദക്ഷിണാഫ്രിക്കക്കായി വിവാദത്തിന് ശേഷം മടങ്ങിയെത്തിയ ക്വിന്‍റൺ ഡികോക്കും റീസ ഹെൻട്രിക്സുമാണ് ഓപ്പൺ ചെയ്തത്. എന്നാൽ അധിക സമയം ക്രീസിൽ നിൽക്കും മുേമ്പ ഡികോക്കിനെയും (12), ഹെൻട്രിക്സിനെയും (11) ചമീര മടക്കി. റോസി വാൻഡർ ഹസൻ (16), ടെമ്പ ബാവുമ (46 പന്തിൽ 46), ഏയ്ഡൻ മാർക്രം (19) എന്നിവരെല്ലാം നന്നായി തുടങ്ങിയെങ്കിലും വിജയത്തിലേക്ക് ടീമിനെ എത്തിക്കാനായില്ല. ഡ്വയ്ൻ പ്രിട്ടോറിയസ് ആദ്യ പന്തിൽ തന്നെ പുറത്തായതോെട തോൽവിയിലേക്കെന്ന് തോന്നിച്ച ദക്ഷിണാഫ്രിക്കയെ റബാദയെ (7 പന്തിൽ 13) കൂട്ടുപിടിച്ച് മില്ലർ (13 പന്തിൽ 23) വിജയത്തിലെത്തിക്കുകയായിരുന്നു.
ആദ്യം ബാറ്റുചെയ്ത ശ്രീലങ്കയെ നിസാൻക 58 പന്തിൽ 72 റൺസുമായി മുന്നിൽ നിന്നും നയിച്ചെങ്കിലും ആരും പിന്തുണ നൽകാനുണ്ടായിരുന്നില്ല. അസലങ്ക (14 പന്തിൽ 21), ഷനക (12 പന്തിൽ 11) എന്നിവരൊഴികെ മറ്റാർക്കും രണ്ടക്കം കടകകാനായില്ല. തബ്രീസ് ഷംസി, പ്രിട്ടോറിയസ് എന്നിവർ മൂന്ന് വീക്കറ്റ് വീതവും നോകിയ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ശ്രീലങ്കയുെട മധ്യനിരയെ പിഴുതെറിഞ്ഞ ഷംസിയാണ് മാൻ ഓഫ് ദി മാച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.