കേപ് ടൗൺ: പരാജയത്തോടെ പര്യവസാനിച്ച 2023ലെ നിരാശകൾ മറന്ന് പുതുവർഷം വിജയത്തോടെ തുടങ്ങാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം. ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ന്യൂലാൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ആരംഭിക്കും. ട്വന്റി20, ഏകദിന, ടെസ്റ്റ് പരമ്പരകളടങ്ങിയ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന്റെ സമാപനം കൂടിയാണ് ഈ കളി.
ട്വന്റി20 സമനിലയിൽ പിടിക്കുകയും ഏകദിനത്തിൽ പിടിമുറുക്കുകയും ചെയ്ത സന്ദർശകർ ടെസ്റ്റിൽ 0-1ന് പിറകിലാണ്. ജയത്തോടെ പരമ്പര ഒപ്പത്തിനൊപ്പം പിടിക്കാനും പുതിയവർഷം സന്തോഷത്തോടെ തുടങ്ങാനുമാണ് രോഹിത് ശർമയും സംഘവും ഇറങ്ങുന്നത്.
ഒന്നാം ടെസ്റ്റിൽ ദയനീയമായിരുന്നു ഇന്ത്യയുടെ തോൽവി. മൂന്നരദിവസത്തിനകം കളി ഇന്നിങ്സിന് ജയിച്ചു ദക്ഷിണാഫ്രിക്ക. ആതിഥേയ പേസർമാർ വിളയാടിയ സെഞ്ചൂറിയൻ പിച്ചിലെ എക്സ്ട്രാ ബൗൺസിന് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ ഇന്ത്യൻ ബാറ്റർമാർ കൂടാരംകയറി. ഒന്നാം ഇന്നിങ്സിൽ കെ.എൽ. രാഹുൽ നേടിയ ശതകവും രണ്ടാം ഇന്നിങ്സിൽ വിരാട് കോഹ്ലി കുറിച്ച 76 റൺസും ഇല്ലായിരുന്നെങ്കിൽ ദൈന്യത കൂടിയേനെ.
പരിക്ക് കാരണം പുറത്തിരുന്ന ഓൾ റൗണ്ടർ രവീന്ദ്ര ജദേജ തിരിച്ചെത്തും. ന്യൂലാൻഡ്സിലെ പിച്ച് ബാറ്റിങ്ങിനും ഒരു പരിധിവരെ സ്പിൻ ബൗളർമാർക്കും അനുകൂലമാവുമെന്നാണ് വിലയിരുത്തൽ. അങ്ങിനെയെങ്കിൽ രവിചന്ദ്രൻ അശ്വിനെ നിലനിർത്താനാണ് സാധ്യത. പേസർമാരായ ഷാർദുൽ താക്കൂറിനെയും പ്രസിദ്ധ് കൃഷ്ണയെയും മാറ്റി ആവേഷ് ഖാനെയും മുകേഷ് കുമാറിനെയും ആദ്യ ഇലവനിലേക്ക് കൊണ്ടുവരാൻ ആലോചനയുണ്ട്. ജദേജയുടെ വരവ് ഒരു സ്പെഷലിസ്റ്റ് ബാറ്ററെ കുറക്കുന്നതിലേക്ക് നയിച്ചേക്കും. ബാറ്റർമാരുടെ കാര്യത്തിൽ പുനർവിചിന്തനമുണ്ടായില്ലെങ്കിൽ അശ്വിനെയോ ഒരു പേസറെയോ പിൻവലിക്കും.
ടെംബ ബാവുമയുടെ അഭാവത്തിൽ പ്രോട്ടീസിനെ നയിക്കുന്ന ഡീൻ എൽഗർ ഇതോടെ അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കുകയാണ്. ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 185 റൺസടിച്ച എൽഗറിന്റെ യാത്രയയപ്പ് മത്സരത്തിൽ ജയത്തിൽ കുറഞ്ഞൊന്നും ആതിഥേയർ ആഗ്രഹിക്കുന്നില്ല.
ഒന്നാം ടെസ്റ്റിൽ പേസർമാർ മാത്രമാണ് ഇവർക്കായി പന്തെറിഞ്ഞത്. കാഗിസോ റബാദയുടെ നേതൃത്വത്തിൽ മാർകോ ജാൻസെനും നാന്ദ്രെ ബർഗറും ജെറാൾഡ് കോയെറ്റ്സിയും ചേർന്ന് ഇന്ത്യയെ എറിഞ്ഞിട്ടു. പേസർ ലുൻഗി എൻഗിഡിയും സ്പിന്നർ കേശവ് മഹാരാജും രണ്ടാം ടെസ്റ്റിലെ സാധ്യത പട്ടികയിലുണ്ട്.
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, രവീന്ദ്ര ജദേജ, രവിചന്ദ്രൻ അശ്വിൻ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആവേഷ് ഖാൻ, മുകേഷ് കുമാർ, ഷാർദുൽ താക്കൂർ, പ്രസിദ്ധ് കൃഷ്ണ, കെ.എസ്. ഭരത്, അഭിമന്യു ഈശ്വരൻ.
ദക്ഷിണാഫ്രിക്ക: ഡീൻ എൽഗർ (ക്യാപ്റ്റൻ), എയ്ഡൻ മർക്രം, ടോണി ഡി സോർസി, കീഗൻ പീറ്റേഴ്സൺ, ഡേവിഡ് ബെഡിങ്ഹാം, കെയ്ൽ വെറെയ്നെ, മാർകോ ജാൻസെൻ, കാഗിസോ റബാദ, ലുൻഗി, എൻഗിഡി, നാന്ദ്രെ ബർഗർ, കേശവ് മഹാരാജ്, വിയാൻ മൾഡർ, സുബൈർ ഹംസ, ട്രിസ്റ്റൻ സ്റ്റബ്സ്.
ജനുവരി: മൂന്ന് ട്വന്റി20 Vs അഫ്ഗാനിസ്താൻ (ഹോം)
ജനുവരി-മാർച്ച്: അഞ്ച് ടെസ്റ്റ് Vs ഇംഗ്ലണ്ട് (ഹോം)
ജൂൺ: ട്വന്റി20 ലോകകപ്പ് (യു.എസ്/വെസ്റ്റിൻഡീസ്)
ജൂലൈ: മൂന്ന് ട്വന്റി20 Vs ശ്രീലങ്ക (എവേ)
ജൂലൈ: മൂന്ന് ഏകദിനം Vs ശ്രീലങ്ക (എവേ)
സെപ്റ്റംബർ: രണ്ട് ടെസ്റ്റ് Vs ബംഗ്ലാദേശ് (ഹോം)
സെപ്റ്റംബർ: മൂന്ന് ട്വന്റി20 Vs ബംഗ്ലാദേശ് (ഹോം)
ഒക്ടോബർ: മൂന്ന് ടെസ്റ്റ് Vs ന്യൂസിലൻഡ് (എവേ)
നവംബർ-ഡിസംബർ: നാല് ടെസ്റ്റ് Vs ആസ്ട്രേലിയ (എവേ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.