ന്യൂസിലാൻഡിന് മുന്നിലും തകർന്നടിഞ്ഞ് ശ്രീലങ്ക; 171 റൺസിന് പുറത്ത്

ബംഗളൂരു: ഈ ലോകകപ്പിലെ ഏറ്റവും വേഗതയേറിയ അർധസെഞ്ച്വറിയുമായി കുശാൽ പെരേര നിറഞ്ഞാടിയിട്ടും കുറഞ്ഞ സ്കോറിന് പുറത്തായി ശ്രീലങ്ക. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ 46.4 ഓവറിൽ 171 റൺസെടുക്കുന്നതിനിടെ എല്ലാ വിക്കറ്റും നഷ്ടമാവുകയായിരുന്നു.

22 പന്തിൽ രണ്ട് സിക്സും ഒമ്പത് ഫോറുമടക്കം അർധശതകം പിന്നിട്ട കുശാൽ 28 പന്തിൽ 51 റൺസെടുത്ത് പുറത്തായി. മറ്റു ബാറ്റർമാർക്കൊന്നും കാര്യമായ സംഭാവന നൽകാനായില്ല. കുശാലിനെ ലോക്കി ഫെർഗൂസന്റെ പന്തിൽ മിച്ചൽ സാന്റ്നർ പിടിച്ച് പുറത്താക്കുകയായിരുന്നു. ലോകകപ്പിലെ ശ്രീലങ്കൻ താരത്തിന്റെ അതിവേഗ അർധസെഞ്ച്വറിയെന്ന നേട്ടം രണ്ട് ബാൾ വ്യത്യാസത്തിലാണ് നഷ്ടമായത്. 2015ലെ ലോകകപ്പിൽ സ്കോട്ട്‍ലൻഡിനെതിരെ എയ്ഞ്ചലോ മാത്യൂസ് 20 പന്തിൽ നേടിയ അർധസെഞ്ച്വ​റിയാണ് ശ്രീലങ്കക്കാരന്റെ ഏറ്റവും വേഗതയേറിയ അർധസെഞ്ച്വറി. 22 പന്തിൽ അർധശതകം നേടിയ ദിനേശ് ചണ്ഡിമലിനൊപ്പമാണ് ഇനി കുശാൽ പെരേരയുടെ സ്ഥാനം.

അവസാന വിക്കറ്റിൽ മഹീഷ് തീക്ഷണയും ദിൽഷൻ മധുശങ്കയും ചേർന്ന് നടത്തിയ ചെറുത്തുനിൽപ്പാണ് ലങ്കൻ സ്കോർ 150 കടത്തിയത്. തീക്ഷണ 91 പന്തിൽ പുറത്താവാതെ 38 റൺസെടുത്തപ്പോൾ മധുശങ്ക 48 പന്തിൽ 19 റൺസ് നേടി. ഒമ്പതിന് 128 റൺസെന്ന നിലയിൽ ഒരുമിച്ച ഇരുവരും ചേർന്ന് പത്താം വിക്കറ്റിൽ 43 റൺസാണ് കൂട്ടിച്ചേർത്തത്. ഓപണർ പാതും നിസ്സങ്ക (2), ക്യാപ്റ്റൻ കുശാൽ മെൻഡിസ് (6), സദീര സമരവിക്രമ (1), ചരിത് അസലങ്ക (8) എയ്ഞ്ചലോ മാത്യൂസ് (16), ധനഞ്ജയ ഡിസിൽവ (19), ചമിക കരുണരത്നെ (6), ദുഷ്മന്ത ചമീര (1) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സ്കോർ.

കിവീസിനായി ട്രെൻഡ് ബോൾട്ട് മൂന്ന് വിക്കറ്റ് പിഴുതപ്പോൾ ലോക്കി ഫെർഗൂസൻ, മിച്ചൽ സാന്റ്നർ, രചിൻ രവീന്ദ്ര എന്നിവർ രണ്ട് വീതവും ടിം സൗത്തി ഒന്നും വിക്കറ്റ് നേടി.

Tags:    
News Summary - Sri Lanka collapsed against New Zealand; All out for 171 runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.