കല്ലെറിയാതെ, പഴിചാരാതെ ചേർന്ന് നിൽക്കുക; കിരീടം കൊണ്ട് അവർ നമ്മെ ഉന്മാദരാക്കുന്ന നാൾ വരും

2011ലെ ലോകകപ്പിനുള്ള ടീം പ്രഖ്യാപനത്തിന് ശേഷം ഒരു ഇരുപത്തിമൂന്ന്കാരൻ ട്വിറ്ററിൽ ഇങ്ങനെ കുറിച്ചിട്ടു... "ലോകകപ്പ് സംഘത്തിൽ ഉൾപ്പെടാനാകാത്തതിൽ തീർത്തും നിരാശനാണ് ഞാൻ. എനിക്ക് ഇവിടെ നിന്ന് മുന്നോട്ടുപോയേ പറ്റൂ. പക്ഷേ സത്യത്തിൽ ഇത് വലിയ തിരിച്ചടിയാണ്..."

എല്ലാം നഷ്ടപ്പെട്ടവന്‍റെ അഗാധമായ ദുഃഖം മാത്രമായിരുന്നില്ല അത്. തോറ്റവനായി സ്വയം മുദ്രകുത്തി നടന്നകലാൻ താൻ തീരുമാനിച്ചിട്ടില്ലെന്ന പ്രഖ്യാപനം കൂടിയായിരുന്നു അത്. അയാളുടെ പേര് രോഹിത് ഗുരുനാഥ്‌ ശർമ്മ എന്നാണ്...

1983ലെ കപിലിന്‍റെ ചെകുത്താന്മാർക്ക് ശേഷം, 28-വർഷത്തെ ഒരു ജനതയുടെ പ്രതീക്ഷകളും കാത്തിരിപ്പുകളും സഫലമാക്കിയ മഹേന്ദ്രസിങ് ധോനിക്ക് ശേഷം, ചരിത്രത്തിലേക്ക് നമ്മെ ഒരിക്കൽ കൂടെ കൈപിടിച്ച് കൊണ്ടുപോകാനായിറങ്ങിയ ഇന്നത്തെ പതിനഞ്ച സംഘത്തിന്‍റെ പടത്തലവൻ, അതേ രോഹിത് ശർമ്മ.

കാണാനാഗ്രഹിച്ചതോ, പ്രതീക്ഷിച്ച പോലെയോ ആയിരുന്നില്ല അഹമ്മാദാബാദിലെ കിരീടധാരണം. ഒരുലക്ഷത്തിലധികം വരുന്ന കാണികളുടെ, ചരിത്രമുഹൂർത്തം കണ്ടാസ്വദിക്കാനിരുന്ന ലക്ഷക്കണക്കിന് ടി.വി പ്രേക്ഷകരുടെ, അതിലുപരി നൂറ്റമ്പത് കോടിയോളം വരുന്ന ഒരു ജനതയുടെ ഹൃദയത്തിന്‍റെ ഡീപ് സ്ക്വയറിലേക്ക് പന്ത് ഫ്ലിക്ക് ചെയ്താണ് ഗ്ലെൻ മാക്‌സ്‌വെൽ ഒരു ജനതയെ കരയിപ്പിച്ചത്.

 

ടോസ് നഷ്ടപ്പെട്ട്‌ ബാറ്റിങിനയക്കപ്പെട്ട ഇന്ത്യ പതിവ് ശൈലിയിൽ തന്നെയാണ് കളിച്ചു തുടങ്ങിയത്. പവർപ്ലേയുടെ തുടക്കത്തിൽ കനകപ്പോരിന്‍റെ അമിത സമ്മർദ്ദം ഇല്ലാതെ രോഹിത് ബാറ്റ് വീശിയപ്പോൾ പന്ത്രണ്ട് വർഷങ്ങൾക്ക് ഇപ്പുറം പ്രതീക്ഷകൾക്ക് ചിറക് മുളക്കുന്നതായി തോന്നി. സ്റ്റെപ്പ് ഇൻ ചെയ്ത്‌ മിച്ചൽ സ്റ്റാർക്കിനെ ഓഫ് സൈഡിലൂടെ ബൗണ്ടറി കടത്തിയപ്പോൾ അപ്പോഴത്തെ അമിതാവേശത്തിൽ വിശ്വകിരീടത്തിൽ ഇന്ത്യയെന്ന് മനസ്സ് കൊണ്ട് കോറിയിട്ടു. അടുത്ത ഓവറുകളിൽ അതിർത്തിവര നിലംതൊടാതെ പറന്നപ്പോൾ ആവേശം ഇരട്ടിക്കുകയും ചെയ്തു.

എന്നാൽ പ്രതീക്ഷകളുടെ ചിറകുകൾ പതിയെ താഴ്‌ന്ന് തുടങ്ങാൻ അധികസമയം വേണ്ടിവന്നില്ല. ഇന്ത്യ അവസാന ലീഗ് മാച്ച് നെതർലാൻഡ്സിനെ തോൽപ്പിച്ച്‌ നോക്ക്ഔട്ട് സ്റ്റേജിലേക്ക് മാർച്ച് ചെയ്യുമ്പോൾ, നോക്ക്ഔട്ട് സ്റ്റേജിൽ എന്താണോ ഭയപ്പെട്ടത് അതാണ് പിന്നീട് കാണാൻ കഴിഞ്ഞത്. ഇതുവരെ ഒരു പരിധിയിലധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത മധ്യനിര ഒരു പാനിക്ക് സിറ്റുവേഷനെ എങ്ങനെ നേരിടുമെന്നതായിരുന്നു അത്. ഹർദിക് പാണ്ഡ്യയുടെ അഭാവത്തിൽ ഒരു ബാറ്ററുടെ കുറവുള്ള സാഹചര്യത്തിൽ പ്രത്യേകിച്ചും.

'ലീഡിങ് ഫ്രം ദി ഫ്രണ്ട്' എന്ന വാചകത്തെ അന്വർത്ഥമാക്കുന്ന രീതിയിൽ രോഹിത് ശർമ്മ ഓപ്പണിങ്ങിലും തുടർന്ന് വിരാടും റൺസ് നേടിക്കൊണ്ടേയിരിക്കുമ്പോൾ പിന്നീട് വരുന്ന ശ്രേയസിനും രാഹുലിനും കാര്യങ്ങൾ ഏറെക്കുറെ എളുപ്പമാണ്. എന്നാൽ ടോപ് ഓർഡറിൽ ഇരുവരും പരാജയപ്പെടുന്ന ഒരു റെയർ ഒക്കേഷനെ പിന്നീട് വരുന്നവർ എങ്ങനെ റൺസുകളാക്കി മാറ്റും എന്ന ഭയത്തിന്‍റെ ഉത്തരമായിരുന്നു പിന്നീടുള്ള മണിക്കൂറുകൾ...

 

അപകടം ഒട്ടും വിതയ്ക്കാത്ത ഒരു പന്തിൽ ശുഭ്മാൻ ഗില്ലിന്‍റെ ഇന്നിങ്സ് തീർത്ത സ്റ്റാർക്കും അധികം വൈകാതെ ടൂർണമെന്‍റിലെ തന്നെ മികച്ച ക്യാച്ചുകളിലൊന്നിലൂടെ രോഹിതിനെ മടക്കിയയച്ച ട്രാവിസ് ഹെഡും ഇന്ത്യയെ വളരെ നേരത്തെ ബാക്ക്‌ഫുട്ടിലാക്കി. തുടർന്ന് നാലാം നമ്പറിലെ വിശ്വസ്ഥൻ ശ്രേയസ് അയ്യരും കൂടാരം കയറിയതോടെ ഒരിക്കൽ കൂടെ വിരാടിന്‍റെ ബാറ്റിന് ഉത്തരവാദിത്വം കൂടി. 150 കോടി ജനങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും അയാളുടെ കയ്യിലിരിക്കുന്ന തടിക്കഷ്ണത്തിലേക്ക് പരിമിതപ്പെട്ടു.

സത്യത്തിൽ ആ ഒരു പോയിന്റിൽ നിന്ന് മത്സരത്തിലേക്ക് തിരിച്ചുവരാൻ നിർഭാഗ്യവശാൽ ഇന്ത്യക്കായില്ല. നാളെ സ്‌കോർകാർഡ് എടുത്ത് നോക്കുമ്പോൾ ടീം ടോട്ടൽ 240 എന്ന് കാണുമ്പോൾ ഭേദപ്പെട്ട ബാറ്റിങ് പ്രകടനം നടത്തി എന്ന് തോന്നിപ്പിച്ചേക്കാമെങ്കിലും അങ്ങനെയൊന്നുണ്ടായിരുന്നില്ല. പത്താമത്തെ ഓവറിന് ശേഷം ഇന്ത്യ ആകെ നേടിയത് നാല് ബൗണ്ടറികൾ എന്ന ഒരൊറ്റ സ്റ്റാറ്റ് മതി അവസാനവട്ട കണക്കെടുപ്പിൽ ഇന്ത്യ പരാജയപ്പെട്ടത് എവിടെയെന്ന സംശയദൂരീകരണങ്ങൾക്ക്.

 

 

ലോകകപ്പിലുടനീളം അവിശ്വസനീയമാം വിധം പന്തെറിഞ്ഞ പന്തേറുകാരിലായിരുന്നു പിന്നീടുള്ള പ്രതീക്ഷ. ബൗളേഴ്‌സിന് പ്രത്യേകിച്ച് അസ്സിസ്റ്റൻസ് ഒന്നുമില്ലാതിരുന്ന പിച്ചിൽ, പന്തിന്‍റെ പഴക്കവും മഞ്ഞുവീഴ്ചയും കൂടെയായപ്പോൾ ഇന്തത്യ പതിയെ ചിത്രത്തിൽ നിന്ന് മാഞ്ഞു പോയി.

രണ്ട് വർഷങ്ങൾക്ക് മുന്നേ അഡ്‌ലൈഡിലെ ഓവൽ മൈതാനത്ത് ഒരു ആസ്‌ട്രേലിയക്കാരന്‍റെ രണ്ടാമത്തെ ലിസ്റ്റ് എ ഉയർന്ന സ്‌കോർ സ്വന്തമാക്കിയ അതേ ഇന്നിങ്സിന്‍റെ തനിയാവർത്തനം ലോകകപ്പ് ഫൈനൽ പോലെയൊരു വേദിയിൽ ആവർത്തിക്കപ്പെട്ടപ്പോൾ പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം മുത്താൻ കൊതിച്ച ആ കനകക്കിരീടം കങ്കാരുസഞ്ചിയിലായി. ഡ്രൈവും പഞ്ചും പുള്ളും റാമ്പും സ്വീപ്പും എല്ലാം സമന്വയിപ്പിച്ച മനോഹര ഇന്നിങ്‌സായിരുന്നു അത്.

ഒരു വേൾഡ്കപ്പ് ഫൈനലിൽ ചേസിങ്ങിൽ ഒരു കളിക്കാരൻ നേടുന്ന രണ്ടാമത്തെ മാത്രം സെഞ്ചുറി ആയിരുന്നുവത്. 1996ലെ ഫൈനലിലെ അരവിന്ദ ഡി സിൽവ ആണ് ആദ്യം ആ നേട്ടം സ്വന്തമാക്കിയത്.

 

പവർപ്ളേയിലെ അവസാന ഓവറിൽ രോഹിത് മാക്സ്‌വെല്ലിനെ ഒരു സിക്സിനും ബൗണ്ടറിക്കും ശേഷം തൊട്ടടുത്ത പന്തിൽ തന്നെ ഉയർത്തിയടിച്ചു വിക്കറ്റ് കളയേണ്ടിയിരുന്നില്ല, അപക്വമായ സമീപനം എന്ന് എയറിൽ സുനിൽ ഗാവസ്‌കർ പറയുന്നുണ്ടായിരുന്നു, യഥാർത്ഥത്തിൽ അയാൾ കളിക്കുന്ന അത്തരം കൈവിട്ട ഷോട്ടുകളിലാണ് ഇന്ത്യ കലാശപ്പോര് വരെ യാത്ര ചെയ്തത്. ഇൻഡ്യയുടെ പല ബിഗ്ടോട്ടലുകൾക്കും രോഹിത് നൽകുന്ന അത്തരം കാമിയോസ് സഹായകമായിരുന്നു. ക്രീസിൽ നിലയുറപ്പിച്ചാൽ അയാളോളം അപകടം വിതയ്ക്കുന്ന മറ്റൊരാളുമില്ലെന്ന തരത്തിലുള്ള പരിവർത്തനം തന്നെയാണ് ഇന്നത്തെ ഇന്ത്യയുടെ ആധാരം. കഴിഞ്ഞ കുറച്ചു ഐ.സി.സി ഇവന്റുകളിൽ ഇന്ത്യക്ക് ഇല്ലാതിരുന്നതും ഈ ഇന്‍റൻഷൻ തന്നെയായിരുന്നു. അത്കൊണ്ട് നേടാൻ കഴിയാതിരുന്ന ഒരു ദിവസത്തെ ആധാരമാക്കി അയാളുടെ പോസിറ്റീവ് ഇന്‍റൻഷനെ കുറ്റപ്പെടുത്തേണ്ടതില്ല, ചേർത്ത് നിർത്തുന്നതാണ് ഇന്ത്യൻ ക്രിക്കറ്റിനും ക്രിക്കറ്റ് പ്രേമികൾക്കും അഭികാമ്യം.

രോഹിതിന്‍റെ പോസിറ്റീവ് മനോഭാവം വിരാടിന്‍റെ ട്രേഡ്മാർക്ക് ഇന്നിങ്‌സുകൾ കളിക്കാൻ സഹായകരമാവുന്നുവെന്നതും, വിരാട് ഉള്ളതുകൊണ്ടാണ് തനിക്കിങ്ങനെ കളിക്കാനാവുന്നതെന്നതും പരസ്പരപൂരകങ്ങളാണ്‌. ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങൾ ആണ് ഇരുവരും. നേട്ടം ഇന്ത്യൻ ക്രിക്കറ്റിന് ആയത്കൊണ്ട് ക്രിക്കറ്റാരാധകർ എന്ന നിലയ്ക്ക് ഈയൊരു സമീപനത്തെ ഹൃദയം കൊണ്ട് സ്വീരിക്കുകയെന്നതാണ് നമുക്ക് ചെയ്യാനുള്ളത്.

കിരീടം നഷ്ട്ടപ്പെട്ടുവെങ്കിലും സെഞ്ചുറികൾ കൊണ്ട്, റൺമല കൊണ്ട് ഓരോ ദിനങ്ങളെയും വിരാട് ഉന്മാദത്തിലാക്കുമ്പോൾ നാമെങ്ങനെയാണ് തോറ്റവരാവുന്നത്..! സച്ചിനാണോ വിരാടാണോ അത്യുന്നതൻ എന്ന ചോദ്യത്തിനുത്തരം എന്‍റെ കൈയ്യിലില്ല, പക്ഷെ ആ ഒരു ചോദ്യമാണ് ഇന്ത്യൻ ക്രിക്കറ്റിന്‍റെ വിജയം.

2003ലെ സച്ചിന്‍റെ തനിയാവർത്തനമായി വിരാട് മാറി. ടൂർണമെന്‍റിന്‍റെ താരമാവുകയും രണ്ടാം സ്ഥാനുള്ള ഇന്ത്യൻ ക്യാപ്റ്റനുമായി ഇരുന്നൂറോളം റൺസിന്‍റെ അകലം പാലിക്കുകയും ചെയ്തു. സച്ചിൻ പിറകിലാക്കിയത് അന്നത്തെ ക്യാപ്ടനായിരുന്ന സൗരവ് ഗാംഗുലി ആയിരുന്നുവെന്നത് മറ്റൊരു സാമ്യത..! 

 

നല്ലൊരു നാലാം നമ്പറുകാരൻ ഇല്ലാത്തത് കൊണ്ട് മാത്രം കൈവിട്ട ജയങ്ങൾ എത്ര, നഷ്ടപ്പെടുത്തിയ കിരീടങ്ങളെത്ര..! അതിനാണ് ശ്രേയസിലൂടെ ഇന്ത്യ പരിഹാരം കണ്ടെത്തിയിരിക്കുന്നത്. നിലവിൽ ലോകക്രിക്കറ്റിൽ മികച്ച അഞ്ചാം നമ്പറുകാരൻ ആരാണെന്ന് ആരെങ്കിലും ചോദിച്ചാൽ നിങ്ങൾ കെ.എൽ. രാഹുലിലേക്ക് വിരൽ ചൂണ്ടിക്കോളൂ. ഇത്രയും നിസ്വാർത്ഥനായ, ടീം പ്ലെയറെ അധികം ലോകക്രിക്കറ്റിൽ കാണാനാവില്ല. ഒരു മുഴുവൻ സമയ വിക്കറ്റ്കീപ്പർ അല്ലാതിരുന്നിട്ട് പോലും അയാളത് ഭംഗിയായി നിറവേറ്റി.

അമ്പയറുടെ തീരുമാനങ്ങൾ ചോദ്യം ചെയ്യുന്നതിലെ ക്യാപ്റ്റന്‍റെ ഉത്തരവാദിത്വത്തെ അയാൾ മറ്റാരേക്കാളും മനോഹരമായി സപ്പോർട്ട് ചെയ്തു. ബാറ്റെടുത്തോപ്പഴെല്ലാം കെ.എൽ സംഭാവനകൾ നൽകി.

ഫ്ലാറ്റ് പിച്ചുകളിൽ പോലും എതിരാളികളെ നിഷ്പ്രഭമാക്കാൻ തക്ക ശേഷിയുള്ള ബൗളിങ് ലൈൻ അപ്പ്‌ ടീമിന്‍റെ മുഖച്ഛായ തന്നെ മാറ്റി. എക്കണോമിക്കൽ ആയി പന്തെറിയുന്ന ബുമ്രക്കൊപ്പം വിക്കറ്റ് ടേക്കർ ആയ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ചേരുമ്പോൾ ലോകത്തിലെ തന്നെ ശക്തിയുള്ള പേസ് ബാറ്ററിയായി മാറുന്നുവത്. സ്പിൻ വിഭാഗം ജഡേജയിലും കുൽദീപിലും ഭദ്രമാവുമ്പോൾ, പരിക്ക് മാറി ഹാർദിക് ഈ ടീമിനൊപ്പം ചേരുമ്പോൾ നമ്മൾ മുന്നോട്ടെന്നതിൽ തെല്ല് സംശയമില്ല.

 

ആ വിശ്വകിരീടത്തിൽ മുത്തം കൊടുക്കാൻ നമ്മളിനിയും കാത്തിരിക്കണമെന്നത് ഒരു വസ്തുത തന്നെ, ആ നിരാശയിലും ഇന്നത്തെ ഇന്ത്യൻ ക്രിക്കറ്റ് നമുക്ക് സമ്മാനിക്കുന്ന സന്തോഷങ്ങളും ചെറുതല്ല. വിരാടും രോഹിതും ഷമിയും അങ്ങനെയെല്ലാവരും മറ്റ് ടീമുകളുടെ സ്വപ്നമാണ്. മനോഹരമായി കളിച്ച 45 ദിവസത്തെ അത്യുഗ്രൻ ഗെയിമിന് ഒരു ദിവസത്തെ അര മണിക്കൂറിലെ മോശം പ്രകടനം കൊണ്ട് മാർക്കിടരുത്. ഇന്ത്യ കപ്പിൽ മുത്തം കൊടുത്ത 2011ൽ പോലും ഇത്ര ആധികാരികമായിരുന്നില്ല പ്രകടനം..

ഈയൊരു ബ്രാൻഡ് ഓഫ് ക്രിക്കറ്റ് ആണ് ഇന്ത്യ തുടരുന്നെങ്കിൽ തൊണ്ണൂറുകളിലെ അവസാനത്തിലെ, രണ്ടായിരത്തിന്‍റെ തുടക്കത്തിലെ ആസ്‌ട്രേലിയയുമായി താരതമ്യപ്പെടുത്തി ഇന്ത്യയെ കൂട്ടിവായിക്കുന്ന കാലം വിദൂരമല്ല. കല്ലെറിയാതെ, പഴിചാരാതെ ചേർന്ന് നിൽക്കുക എന്നതാണ് നമ്മുടെ കടമ. അത് നമ്മൾ ചെയ്‌താൽ കിരീടം കൊണ്ടും റൺമല കൊണ്ടും വിക്കറ്റ് കൊണ്ടും അവർ നമ്മെ ഉന്മാദരാക്കും. 

Tags:    
News Summary - Stand with team India The day will come when they will drive us crazy with the crown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.