രോഹിത് 36ലെത്തി! മുംബൈ ഇന്ത്യൻസിന്‍റെ ക്യാപ്റ്റൻസി മാറ്റത്തെ ന്യായീകരിച്ച് മുൻ ഇതിഹാസം

മുംബൈ ഇന്ത്യൻസിന്‍റെ നായക സ്ഥാനത്തുനിന്ന് രോഹിത് ശർമയെ മാറ്റിയത് ആരാധകരുടെ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഗുജറാത്ത് ടൈറ്റൻസിൽനിന്ന് റെക്കോഡ് തുകക്ക് ടീമിൽ എത്തിച്ച ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയെ അപ്രതീക്ഷിതമായാണ് മുംബൈ ക്യാപ്റ്റനാക്കിയത്.

രണ്ടു സീസണുകളിൽ തുടർച്ചയായി ഗുജറാത്തിനെ ഐ.പി.എൽ ഫൈനലിലെത്തിച്ചതിന്‍റെ ക്രെഡിറ്റുമായാണ് ഹാർദിക് പഴയ തട്ടകമായ മുംബൈയിലെത്തുന്നത്. മുംബൈയുടെ ക്യാപ്റ്റൻസി മാറ്റത്തെ ന്യായീകരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കർ. വരുന്ന സീസണിൽ ക്യാപ്റ്റൻസി മാറ്റം മുംബൈക്ക് ഗുണം ചെയ്യുമെന്നാണ് താരത്തിന്‍റെ വാദം. ‘ടീമിന്‍റെ ഭാവിയെക്കുറിച്ച് അവർ ചിന്തിച്ചിട്ടുണ്ടാകും. രോഹിത് ശർമക്ക് 36 വയസ്സുണ്ട്, കൂടാതെ ക്രിക്കറ്റിന്‍റെ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യയുടെ ക്യാപ്റ്റനെന്ന നിലയിൽ കടുത്ത സമ്മർദവും നേരിടുന്നുണ്ട്. ആ ഭാരം കുറക്കാനും ഉത്തരവാദിത്തം ഹാർദിക് പാണ്ഡ്യയുടെ ചുമലിൽ ഏൽപ്പിക്കാനുമാണ് അവർ ശ്രമിച്ചത്’ -ഗവാസ്കർ പറഞ്ഞു.

കഴിഞ്ഞ സീസണിൽ വെറ്ററൻ ഓപ്പണർ രോഹിത് 16 മത്സരങ്ങളിൽനിന്ന് 332 റൺസാണ് നേടിയത്. കൂടാതെ, മുംബൈയെ പ്ലേഓഫിലെത്തിക്കുകയും ചെയ്തു. ഹാർദിക്കിന് ക്യാപ്റ്റൻസി നൽകുന്നത് മുംബൈക്ക് ഗുണകരമാകും. രോഹിത്തിന് ടോപ് ഓർഡറിൽ സമ്മർദമില്ലാതെ കളിക്കാനുമുള്ള സ്വാതന്ത്ര്യമാണ് അവർ ഇതിലൂടെ നൽകിയത്. മൂന്നാം നമ്പറിലോ അഞ്ചാം നമ്പറിലോ ബാറ്റിങ്ങിനിറങ്ങുന്നതിലൂടെ ഹാർദിക്കിന് ടീം സ്കോർ 200 കടത്താനാകുമെന്നും ഗവാസ്കർ അഭിപ്രായപ്പെട്ടു.

Tags:    
News Summary - Sunil Gavaskar gives honest take on Hardik Pandya becoming new MI captain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.