2023ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യയാണ് വേദിയാകുന്നത്. ഒക്ടോബർ അഞ്ച് മുതൽ നവംബർ 19 വരെ, 12 വേദികളിലായി 48 മത്സരങ്ങളുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.
പത്ത് ടീമുകളാണ് കളിക്കുക. നവംബർ 19ന് അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഫൈനൽ മത്സരം അരങ്ങേറും. എന്നാൽ, മൂന്നാമത്തെ ഏകദിനത്തിൽ ആസ്‌ട്രേലിയൻ ടീമിനോടേറ്റ തോൽവി ഇന്ത്യ മറക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയാണ് മുൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കർ. നിർണായക മത്സരത്തിൽ 21 റൺസിന്‍റെ തോൽവി വഴങ്ങിയ ഇന്ത്യക്ക് പരമ്പരയും നഷ്ടമായി.
ടോസ് നേടി ബാറ്റ് ചെയ്ത ഓസീസ് 49 ഓവറിൽ 269 റൺസിന് പുറത്തായിരുന്നു. എന്നാൽ, ഇന്ത്യയുടെ മറുപടി ബാറ്റിങ് 49.1 ഓവറിൽ 248ൽ അവസാനിച്ചു. പരമ്പരയിലെ ആദ്യ മത്സരം അഞ്ചു വിക്കറ്റിന് തോറ്റ ഓസീസ് തുടർന്നുള്ള രണ്ടു മത്സരങ്ങളിലും ശക്തമായി തിരിച്ചടിക്കുന്നതാണ് കണ്ടത്.
‘വലിയ സമ്മർദം സൃഷ്ടിക്കപ്പെട്ടു. സിംഗ്ൾ പോലും നേടാനായില്ല. ബൗണ്ടറികളും പിറന്നില്ല, സിംഗ്ൾസും നേടാനാകുന്നില്ല. അപ്പോൾ സ്വാഭാവികമായും നമ്മൾ പരിചയമില്ലത്ത ഷോട്ടുകൾക്കും മറ്റും മുതിരും. അതിനുവേണ്ടിയാണ് അവർ നോക്കിയിരുന്നത്. പക്ഷേ, തീർച്ചയായും ഇപ്പോൾ ഐ.പി.എൽ ആരംഭിക്കുകയാണ്. ഇതൊരിക്കലും മറക്കരുത്. ഇന്ത്യ ചിലപ്പോൾ ഇത് അബദ്ധത്തിൽ മറന്നേക്കാം, പക്ഷേ അതൊരിക്കലും പാടില്ല, കാരണം, ലോകകപ്പിൽ നമ്മൾ വീണ്ടും ആസ്‌ട്രേലിയയെ നേരിടേണ്ടി വന്നേക്കാം’ -ഗവാസ്കർ പറഞ്ഞു.
നാലു വർഷത്തിനുശേഷം ആദ്യമായാണ് സ്വന്തം മണ്ണിൽ ഇന്ത്യ ഒരു പരമ്പര തോൽക്കുന്നത്. 2019 മാർച്ചിൽ ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലാണ് ഇതിനു മുമ്പ് ഇന്ത്യ തോറ്റത്. 270 അല്ലെങ്കിൽ 300നടുത്ത് സ്കോർ പിന്തിടരുമ്പോൾ, നിങ്ങൾ 90നും 100നും ഇടയിലുള്ള പാർട്ണർഷിപ്പുകൾ കെട്ടിപ്പടുക്കണം, അത് നിങ്ങളെ വിജയത്തിനടുത്തെത്തിക്കും. പക്ഷേ, അതുണ്ടായില്ലെന്നും ഗവാസ്കർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.