മുംബൈ: വേഗമേറിയ പന്തുകൾ കൊണ്ട് ഇന്ത്യൻ പ്രീമിയർ ലീഗ് മൈതാനങ്ങൾക്ക് തീപിടിപ്പിക്കുകയാണ് സൺറൈസേഴ്സ് ഹൈദരാബാദ് പേസർ ഉമ്രാൻ മാലിക്. ഉമ്രാന്റെ തീതുപ്പുന്ന പന്തുകൾക്ക് മുന്നിൽ ബാറ്റ്സ്മാൻമാർക്ക് മുട്ടിടിക്കുകയാണ്. തുടർച്ചയായി 150 കിലോമീറ്ററിന് മുകളിൽ പന്തെറിയുന്ന അപൂർവം ബൗളർമാരിൽ ഒരാളാണ് കശ്മീർ താരം.
കാലക്രമേണ കൃത്യതയോടെ പന്തെറിയുന്ന 22കാരനിൽ വലിയ പ്രതീക്ഷയാണ് ക്രിക്കറ്റ് പണ്ഡിതർ പുലർത്തിപ്പോരുന്നത്. ഇതിനോടകം ഒമ്പത് മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റ് വീഴ്ത്തിയ ഉമ്രാൻ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലും മുൻപന്തിയിലുണ്ട്. ഗുജറാത്ത് ടൈറ്റൻസിനെതിരായ അഞ്ചുവിക്കറ്റ് നേട്ടവും അതിൽ ഉൾപ്പെടും.
ബാറ്റർമാരുടെ പേടിസ്വപ്നമായി ഉമ്രാൻ മാറുന്നതിനിടെ എതിർ ടീം ബാറ്റർമാർക്ക് ഒരു ഉപദേശം നൽകുകയാണ് ഇതിഹാസ താരം സുനിൽ ഗാവസ്കർ. ഉമ്രാനെ നേരിടുമ്പോൾ ബാറ്റർമാർ എന്താണ് ചെയ്യേണ്ടതെന്നായിരുന്നു ചോദ്യം. 'സിംഗിളെടുത്ത് നോൺസ്ട്രൈർ എൻഡിൽ പോയി നിൽക്കൂ'-ഇതായിരുന്നു ഗാവസ്കറുടെ രസകരമായ മറുപടി. ബാറ്റർമാർ സ്റ്റംപുകൾ നന്നായി മറയ്ക്കണമെന്നും ഉമ്രാനെ സ്റ്റംപ് കാണാൻ അനുവദിക്കരുതെന്നും ഗാവസ്കർ കൂട്ടിച്ചേർത്തു.
ടൂർണമെന്റിലെ ഏറ്റവും വേഗതയേറിയ പന്ത് എറിഞ്ഞെങ്കിലും (154 കി.മീ) കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഉമ്രാൻ നിറംമങ്ങിയിരുന്നു. നാലോവറിൽ 48 റൺസ് വഴങ്ങിയ താരത്തിന് വിക്കറ്റ് ഒന്നും കിട്ടിയില്ല. മത്സരത്തിൽ ചെന്നൈ 13 റൺസിന് വിജയിച്ചിരുന്നു. വരും മത്സരങ്ങളിൽ ശക്തമായി തിരിച്ചുവന്ന് ട്വന്റി20 ലോകകപ്പ് ടീമിൽ ഇടം നേടാനാകും ഉമ്രാന്റെ ശ്രമം. ആസ്ട്രേലിയയിലെ വേഗതയേറിയ പിച്ചിൽ സേവനം ഉപകാരപ്പെടുമെന്നതിനാൽ ഉമ്രാൻ സെലക്ടർമാരുടെ റഡാറിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.