ബെംഗളൂരു: വിരാട് കോഹ്‍ലിയെയും ഗൗതം ഗംഭീറിനെയും പോലെ സമീപകാലത്ത് വീറോടെ ‘കൊമ്പുകോർക്കുന്ന’ ക്രിക്കറ്റ് താരങ്ങൾ അധികമുണ്ടാകില്ല. കളത്തിനുപുറത്ത് നിശിത വിമർശനങ്ങളുമായി തുടരുന്നതിനിടയിൽ ഇരുവരും ചിന്നസ്വാമി സ്റ്റേഡിയത്തിൽ മുഖാമുഖം കണ്ടത് വെള്ളിയാഴ്ച രാത്രി നടന്ന റോയൽ ചലഞ്ചേഴ്സ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിലെ സവിശേഷ മുഹൂർത്തം കൂടിയായി.
റോയൽ ചലഞ്ചേഴ്സിന്റെ സ്റ്റാർ െപ്ലയറാണ് കോഹ്‍ലിയെങ്കിൽ ഗംഭീർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്ററാണ്. കളിക്കിടെയാണ് ഗ്രൗണ്ടിൽ ഇരുവരും കണ്ടത്. കണ്ടമാത്രയിലെ ഹസ്തദാനത്തിനുശേഷം ഇരുവരും ആലിംഗനം ചെയ്തത് ടെലിവിഷൻ കാമറകൾ തത്സമയം ഒപ്പിയെടുത്തു. ഇരുവരും തമ്മിൽ സ്നേഹത്തോടെ അൽപസമയം സംഭാഷണത്തിലേർപ്പെടുകയും ചെയ്തു. ഏറെ ശ്രദ്ധ നേടിയ ആ നിമിഷം സമൂഹ മാധ്യമങ്ങളിലും വൈറലായി. ആ ആലിംഗനം വിഷയമായി ട്രോളുകൾക്കും പഞ്ഞമുണ്ടായില്ല.
ക്രിക്കറ്റ് ആരാധകർക്കു മാത്രമല്ല, മുൻ താരങ്ങൾക്കും അതേക്കുറിച്ച് പലതും പറയാനുണ്ടായിരുന്നു. കമന്ററി ബോക്സിലുണ്ടായിരുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റന്മാരായ സുനിൽ ഗവാസ്കറും രവി ശാസ്ത്രിയും വരെ ആ ‘സുന്ദര’ നിമിഷത്തോട് പ്രതികരിച്ചു.
ഈ മുഹൂർത്തം ഫെയർ േപ്ല അവാർഡ് അർഹിക്കുന്നുവെന്നായിരുന്നു ശാസ്ത്രിയുടെ പ്രതികരണം. അതിനോട് ഗവാസ്കറുടെ കമന്റ് ഉടനെത്തി. ‘ഫെയർേപ്ല അവാർഡ് മാത്രമല്ല, അവർക്ക് ഓസ്കാർ അവാർഡ് തന്നെ കൊടുക്കണം’.
കഴിഞ്ഞ വർഷം ഐ.പി.എല്ലിൽ ലഖ്നോ സൂപ്പർ ജയന്റ്സിനൊപ്പമായിരുന്നു ഗംഭീർ. ആ സീസണിൽ കോഹ്‍ലിയും ലഖ്നോ താരം നവീനുൽ ഹഖും കളത്തിൽ വാഗ്വാദത്തിലേർപ്പെട്ടിരുന്നു. മത്സരത്തിനുപിന്നാലെ കളത്തിലിറങ്ങിയ ഗംഭീറും കോഹ്‍ലിയും തമ്മിൽ ഇതേച്ചൊല്ലിയുണ്ടായ വാക്കേറ്റം അന്ന് വാർത്തകളിൽ നിറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.