ബോക്സോഫീസിൽ 150 കോടി കളക്ഷനും കടന്ന് വമ്പൻ ബ്ലോക്ബസ്റ്ററായിരിക്കുകയാണ് ഫഹദ് ഫാസിൽ - ജിത്തു മാധവൻ ടീമിന്റെ ‘ആവേശം’. പ്രഖ്യാപനം മുതൽ സോഷ്യൽ മീഡിയയിൽ വൻ തരംഗമായിരുന്നു ‘ആവേശം’ സൃഷ്ടിച്ചത്. ചിത്രത്തിൽ ഫഹദിന്റെ രംഗണ്ണൻ ചെയ്ത രസകരമായ ‘കരിങ്കാളിയല്ലേ റീൽ’ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. വൻ വൈറലായ ‘റീൽ’ ഇപ്പോൾ സിനിമാ - കായിക താരങ്ങളും ഏറ്റെടുത്തിരിക്കുകയാണ്.
ഐഎസ്എല്ലില്‍ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്‌സി താരങ്ങൾ കപ്പിന് പിന്നിൽ നിന്ന് ‘കരിങ്കാളി റീൽ’ അനുകരിച്ചത് നെറ്റിസൺസിനിടയിൽ ചിരി പടർത്തിയിരുന്നു. ഇപ്പോഴിതാ കെ.കെ.ആറിന്റെ സൂപ്പർ ഓൾറൗണ്ടർ സുനിൽ നരെയ്നും ‘റീലുമായി’ എത്തിയിരിക്കുകയാണ്.
സെഞ്ച്വറി അടിച്ചാലോ വിക്കറ്റെടുത്താലോ പോലും ഒന്ന് ചിരിക്കാൻ മടിക്കുന്ന നരെയ്ൻ, റീലിനായി ക്യാമറയ്ക്ക് മുന്നിൽ അപൂർവ പുഞ്ചിരി സമ്മാനിച്ചത് ക്രിക്കറ്റ് പ്രേമികളെ ഏറെ രസിപ്പിച്ചിട്ടുണ്ട്. റീലിൽ സ്വന്തം റെക്കോർഡുകൾ പ്രദർശിപ്പിക്കുമ്പോൾ ഭാവരഹിതനായി കാണപ്പെട്ട നരെയ്ൻ, പോയിൻ്റ് പട്ടികയിൽ KKR-ൻ്റെ ഒന്നാം സ്ഥാനം സ്‌ക്രീനിൽ തെളിഞ്ഞപ്പോഴായിരുന്നു പുഞ്ചിരിച്ചത്.
‘ഒരു ഇൻസ്റ്റാഗ്രാം റീലിൻ്റെ ഭാഗമാകാൻ നരെയ്‌നെ എങ്ങനെ സമ്മതിപ്പിച്ചെടുത്തു..? എന്നായിരുന്നു പലരുടേയും സംശയം. "അത് ടീമിന് വേണ്ടിയാണെന്ന് ഞങ്ങൾ പറഞ്ഞപ്പോൾ, അദ്ദേഹം അത് സന്തോഷത്തോടെ ചെയ്തു. എപ്പോഴും ഒരു ടീം പ്ലെയറാണവൻ," - അതിന് മറുപടിയായി കെ.കെ.ആർ കുറിച്ചു.
നരെയ്ൻ 11 മത്സരങ്ങളിൽ നിന്ന് 183 സ്‌ട്രൈക്ക് റേറ്റിൽ നിലവിൽ 461 റൺസ് നേടിയിട്ടുണ്ട്. ബ്രണ്ടൻ മക്കല്ലത്തിനും വെങ്കിടേഷ് അയ്യർക്കും ശേഷം ഐപിഎല്ലിൽ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ കെകെആർ ബാറ്ററായി നരെയ്ൻ മാറിയിരുന്നു. ബൗളിങ്ങിലും ഗംഭീര പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. നരെയ്ൻ 9 മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകൾ നേടിയിട്ടുണ്ട്, 12 മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറക്കാണ് നിലവിൽ പർപ്പിൾ ക്യാപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.