ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മൂന്നാം തവണയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം കൈയടക്കുമ്പോൾ ടൂർണമെന്റിലുടനീളം ഓൾറൗണ്ട് പ്രകടനത്തിലൂടെ നിറഞ്ഞുനിന്ന താരമാണ് വെസ്റ്റിൻഡീസുകാരനായ സുനിൽ നരൈൻ. ഓപണിങ് ബാറ്ററുടെ ദൗത്യമേറ്റെടുത്ത് അദ്ദേഹം നടത്തിയ വെടിക്കെട്ടുകളും നിർണായക ഘട്ടങ്ങളിൽ സ്പിൻ ബൗളറുടെ റോളിലെത്തി നടത്തിയ വിക്കറ്റ് വേട്ടയും കൊൽക്കത്തയുടെ കുതിപ്പിൽ നിർണായകമായിരുന്നു. ഒടുവിൽ അതിനുള്ള അംഗീകാരമായി ടൂർണമെന്റിലെ ഏറ്റവും മൂല്യമുള്ള താരത്തിനുള്ള പുരസ്കാരം മൂന്നാം തവണയും തേടിയെത്തി. ഇതോടെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായി നരൈൻ. സീസണിലെ ഫാന്റസി െപ്ലയർ പുരസ്കാരവും അദ്ദേഹത്തിന് തന്നെയായിരുന്നു.
ഐ.പി.എല്ലിൽ അരങ്ങേറിയ 2012 സീസണിൽ 24 വിക്കറ്റ് വീഴ്ത്തിയായിരുന്നു ആദ്യം ടൂർണമെന്റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. 2018ൽ 357 റൺസും 17 വിക്കറ്റും നേടി രണ്ടാമതും ഐ.പി.എൽ സീസണിലെ താരമായി. ഈ സീസണിൽ 31.44 ശരാശരിയിലും 180.74 സ്ട്രൈക്ക് റേറ്റിലും 488 റൺസാണ് അടിച്ചുകൂട്ടിയത്. 33 സിക്സും 50 ഫോറും ആ ബാറ്റിൽനിന്ന് പിറന്നു. എതിർ ടീമുകളുടെ 17 വിക്കറ്റുകൾ നരൈൻ എറിഞ്ഞുവീഴ്ത്തുകയും ചെയ്തു. ഐ.പി.എല്ലിൽ റൺസ് വഴങ്ങുന്നതിൽ ഏറ്റവും പിശുക്ക് കാണിച്ച ബൗളർമാരിൽ ഒരാൾ കൂടിയായിരുന്നു നരൈൻ. ഓവറിൽ ശരാശരി 6.69 റൺസ് മാത്രമാണ് താരം വഴങ്ങിയത്.
ടീം മെന്ററായെത്തിയ ഗൗതം ഗംഭീറിന്റെ നിർദേശപ്രകാരം സുനിൽ നരെയ്നെ ഓപണറാക്കിയുള്ള പരീക്ഷണം വിജയത്തിലെത്തുകയായിരുന്നു. കഴിഞ്ഞ സീസണിൽ വേണ്ടത്ര അവസരം ലഭിക്കാതെ 14 മത്സരങ്ങളിൽ വെറും 21 റൺസ് നേടിയ താരമാണ് ഇത്തവണ 488ലെത്തിയത്. 2022ൽ 71, 2021ൽ 62, 2020ൽ 121, 2019ൽ 143 എന്നിങ്ങനെയായിരുന്നു നരൈന്റെ ബാറ്റിങ് പ്രകടനം. 357 റൺസടിച്ച 2018ലും 224 റൺസടിച്ച 2017ലും മാത്രമാണ് നേരത്തെ ബാറ്റുകൊണ്ട് തിളങ്ങാനായിരുന്നത്.
സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ഫൈനലിൽ നാലോവറിൽ 16 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയപ്പോൾ ബാറ്റിങ്ങിൽ ആദ്യ പന്ത് സിക്സടിച്ച് തുടങ്ങിയ നരൈൻ രണ്ടാം പന്തിൽ പുറത്താവുകയായിരുന്നു.
ഏറ്റവും കൂടുതൽ റൺസ് നേടിയതിനുള്ള ഓറഞ്ച് ക്യാപ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു സൂപ്പർ താരം വിരാട് കോഹ്‍ലിയാണ് സ്വന്തമാക്കിയത്. രണ്ടാം തവണയാണ് താരം ഈ നേട്ടത്തിലെത്തുന്നത്. സീസണിൽ തകർപ്പൻ ഫോമിലായിരുന്ന കോഹ്‍ലി 15 മത്സരങ്ങളിൽ ഒരു സെഞ്ച്വറിയും അഞ്ച് അർധസെഞ്ച്വറിയുമടക്കം 741 റൺസാണ് അടിച്ചുകൂട്ടിയത്. 61.75 ശരാശരിയുള്ള ആർ.സി.ബി താരത്തിന്റെ സ്ട്രൈക്ക് റേറ്റ് 154.69 ആണ്.
24 വിക്കറ്റ് നേടിയ പഞ്ചാബ് കിങ്സിന്റെ ഹർഷൽ പട്ടേൽ പർപ്പിൾ ക്യാപ് സ്വന്തമാക്കിയപ്പോൾ 303 റൺസും മൂന്ന് വിക്കറ്റും നേടിയ സൺറൈസേഴ്സ് ഹൈദരാബാദിന്റെ നിതീഷ് കുമാർ റെഡ്ഡി എമർജിങ് െപ്ലയറായും തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.