അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രഥമ ട്വന്റി20 മത്സരം നടന്നത് 2004ല്‍. ആസ്‌ട്രേലിയയും ന്യൂസിലന്‍ഡും തമ്മിലായിരുന്നു ആ പോരാട്ടം. പരീക്ഷണക്കളി എന്ന നിലയില്‍ മാത്രം ക്രിക്കറ്റ് ലോകം ആസ്വദിച്ച ആ മത്സരം ചരിത്രമാണ്. ഇന്ന് ക്രിക്കറ്റ് എന്നാല്‍ ടി20 ആയിരിക്കുന്നു. ടെസ്റ്റിനും ഏകദിനത്തിനും മുകളില്‍ ആഗോള കാണികളുള്ള ഫോര്‍മാറ്റായി ടി20 വളര്‍ന്ന് പന്തലിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ടെലിവിഷന്‍ സംപ്രേഷണാവകാശം വിറ്റുപോയത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബാളിന്റെ സംപ്രേഷണാവകാശത്തുകയുടെ റെക്കോര്‍ഡെല്ലാം ഭേദിച്ചാണ്. ടെസ്റ്റിലും ഏകദിനത്തിലും ഇതിഹാസങ്ങളായി അറിയപ്പെടുന്ന ചില താരങ്ങള്‍ ടി20 ഫോര്‍മാറ്റില്‍ ഒരേയൊരു അന്താരാഷ്ട്ര മത്സരം മാത്രം കളിച്ചവരായുണ്ട്. അക്കൂട്ടത്തിൽ ക്രിക്കറ്റ് ക്രീസിനെ കാലങ്ങൾ അടക്കിഭരിച്ച മൂന്നു വമ്പൻ താരങ്ങളിതാ...
സചിന്‍ ടെണ്ടുല്‍ക്കര്‍ (ഇന്ത്യ)
ടെസ്റ്റിലും ഏകദിനത്തിലും കൂടുതല്‍ റണ്‍സ് എന്ന റെക്കോര്‍ഡ് സചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ്. നൂറ് അന്താരാഷ്ട്ര സെഞ്ചുറികള്‍ നേടിയ ഏക താരം. എന്നാല്‍, അന്താരാഷ്ട്ര തലത്തില്‍ ഒരു ടി20 മാത്രമാണ് കളിച്ചത്. 2006 ല്‍ ജോന്നഹസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കക്കെതിരെ. ഇന്ത്യ 127 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നു. ഓപണ്‍ ചെയ്തത് ക്യാപ്റ്റന്‍ വീരേന്ദർ സെവാഗും സചിനും. രണ്ട് ബൗണ്ടറികള്‍ ഉള്‍പ്പടെ 10 റണ്‍സെടുത്ത് സചിന്‍ പുറത്തായി. വിക്കറ്റ് ചാള്‍ ലാംഗ്വെല്‍റ്റിന്.
രാഹുല്‍ ദ്രാവിഡ് (ഇന്ത്യ)
ടെസ്റ്റില്‍ വന്‍മതില്‍, ഏകദിനത്തില്‍ സ്ഥിരതയുടെ പര്യായം. ടി20 യിലേക്ക് വരുമ്പോള്‍ രാഹുല്‍ ദ്രാവിഡിനെ വിശേഷിപ്പിക്കേണ്ടത് എങ്ങനെ? വെടിക്കെട്ട് ! നെറ്റി ചുളിക്കേണ്ട. 2011 ല്‍ ആയിരുന്നു ദ്രാവിഡിന്റെ ടി20 അരങ്ങേറ്റം. മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരെ ദ്രാവിഡ് 21 പന്തുകളില്‍ 31 റണ്‍സടിച്ചു. ഓഫ് സ്പിന്നര്‍ സമിത് പട്ടേലിനെ തുടരെ മൂന്ന് തവണയാണ് സിക്‌സര്‍ പറത്തിയത്. മത്സരം ഇന്ത്യ ആറ് വിക്കറ്റിന് തോറ്റു.
ഇന്‍സിമാമുല്‍ ഹഖ് (പാകിസ്ഥാന്‍)
1992 ലോകകപ്പ് നേടിയ പാക്കിസ്ഥാന്‍ ടീമിലെ ഹീറോ. പാക്കിസ്ഥാന് വേണ്ടി കൂടുതല്‍ ഏകദിന റണ്‍സ് നേടിയ താരം. ടെസ്റ്റില്‍ മധ്യനിരയിലെ നെടുംതൂണ്‍ - ഇന്‍സിമാമുല്‍ ഹഖ് ! ടി20ക്ക് അനുയോജ്യമായ ബാറ്റിങ് ശൈലിയാണ് ഇന്‍സിയുടേത്. പക്ഷേ, ഒരു തവണ മാത്രമാണ് അദ്ദേഹം രാജ്യത്തിനായി കുട്ടിക്രിക്കറ്റ് കളിച്ചത്. 2006 ല്‍ ബ്രിസ്റ്റളില്‍ ഇംഗ്ലണ്ടിനെതിരെ. 145 റണ്‍സ് ലക്ഷ്യം പാകിസ്ഥാന്‍ വിജയകരമായി പിന്തുടര്‍ന്നപ്പോള്‍ ഇന്‍സിമാം 11 റണ്‍സുമായി പുറത്താകാതെ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.