രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) പുറത്തുവിട്ട പുതിയ ട്വന്റി 20 റാങ്കിങ്ങിൽ ബാറ്റർമാരിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യയുടെ സൂര്യകുമാർ യാദവ്. 869 പോയന്റ് നേടിയാണ് സൂര്യയുടെ നേട്ടം. 802 പോയന്റുമായി ഇംഗ്ലണ്ടിന്റെ ഫിൽ സാൾട്ടാണ് രണ്ടാമത്. പാകിസ്താൻ ബാറ്റർമാരായ മുഹമ്മദ് റിസ്‍വാൻ, ബാബർ അസം എന്നിവർ മൂന്നും നാലും റാങ്കുകളിലുള്ളപ്പോൾ ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മർക്രാം ആണ് അഞ്ചാമത്. 739 പോയന്റുമായി ഇന്ത്യൻ താരം യശസ്വി ജയ്സ്വാൾ ആറാമതും 661 പോയന്റുമായി ഋതുരാജ് ഗെയ്ക്‍വാദ് ഒമ്പതാമതുമുണ്ട്. ദക്ഷിണാഫ്രിക്കക്കും അഫ്ഗാനിസ്താനുമെതിരായ മത്സരങ്ങളിലെ മികച്ച പ്രകടനമാണ് ജയ്സ്വാളിനെ പതിമൂന്നാം റാങ്കിൽനിന്ന് ആറാം സ്ഥാനത്തെത്തിച്ചത്.
അഫ്ഗാനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ 60ഉം രണ്ടാമത്തേതിൽ 63ഉം റൺസെടുത്ത ശിവം ദുബെ 265ാം റാങ്കിൽനിന്ന് 58ാം റാങ്കിലേക്ക് കുതിച്ചു. വിരാട് കോഹ്‍ലി (44), ഇഷാൻ കിഷൻ (51), ശുഭ്മൻ ഗിൽ (60) കെ.എൽ രാഹുൽ (65), രോഹിത് ശർമ (68), റിങ്കു സിങ്ക് (70) എന്നിങ്ങനെയാണ് മറ്റു ഇന്ത്യൻ ബാറ്റർമാരുടെ റാങ്കുകൾ.
അഫ്ഗാനിസ്താനെതിരായ ട്വന്റി 20 പരമ്പരയിലും മികച്ച ഫോം തുടർന്നതോടെ ബൗളർമാരിൽ കരിയറിലെ ഉയർന്ന റാങ്കിലെത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഇടംകൈയൻ സ്പിന്നർ അക്സർ പട്ടേൽ. പതിനേഴാം റാങ്കിൽനിന്ന് അഞ്ചാം സ്ഥാനത്തേക്കാണ് താരം മുന്നേറിയത്. അഫ്ഗാനെതിരായ ആദ്യ മത്സരത്തിൽ 23 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ താരം രണ്ടാം മത്സരത്തിൽ 17 റൺസ് വഴങ്ങിയും രണ്ട് വിക്കറ്റ് നേടിയിരുന്നു. ആൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ 16ാമതും അക്സർ പട്ടേലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.