ദുബൈ: മാന്യൻമാരുടെ കളിയാണ് ക്രിക്കറ്റെന്ന് പൊതുവെ പറയപ്പെടാറുണ്ട്. അതുപോലെ തന്നെ ത്യാഗികളുടെയും കൂടി കളിയാണ് ക്രിക്കറ്റ്. ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസ് അഞ്ചാം ഐ.പി.എൽ കിരീടം സ്വന്തമാക്കിയപ്പോൾ ആ മത്സരത്തിൽ തെൻറ പെരുമാറ്റം കൊണ്ട് ആരാധക ഹൃദയം കീഴടക്കിയ ഒരുവനുണ്ട്. സുര്യകുമാർ യാദവ്.
157 റൺസ് ചേസ് ചെയ്യവേ 11ാം ഓവറിൽ ആശയക്കുഴപ്പത്തിെൻറ പേരിൽ മുംബൈക്ക് വിക്കറ്റ് നഷ്ടമായ വേളയിലാണത്. സ്ട്രൈക്കിലുണ്ടായിരുന്ന രോഹിത് ശർമ സിംഗിൾ എടുക്കാനായി ഓടിത്തുടങ്ങി. എന്നാൽ സൂര്യകുമാർ ഓടാൻ നിൽക്കാതെ തിരികെ പോകാൻ ആവശ്യപ്പെട്ടെങ്കിലും വൈകിപ്പോയിരുന്നു. പിഴവ് വരുത്താതെ അജിൻക്യ രഹാനെ പന്ത് ഋഷഭ് പന്തിന് നൽകുകയും താരം സ്റ്റംപിളക്കുകയും ചെയ്തു.
48 റൺസുമായി അർധസെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന നായകനായി തെൻറ വിക്കറ്റ് ത്യജിച്ച് ഡഗ് ഔട്ടിലേക്ക് തിരികെ നടന്ന സൂര്യകുമാറിെൻറ പ്രവർത്തിയെ വാഴ്ത്തുകയാണ് സോഷ്യൽ മീഡിയ.
20പന്തുകളിൽ നിന്ന് 19 റൺസുമായി താളം കണ്ടെത്താൻ പ്രയാസപ്പെട്ടിരുന്ന യാദവ് ഒട്ടും നിരാശ പോലും പ്രകടിപ്പിക്കാതെയാണ് തിരികെ നടന്നത്. ഏറ്റവും മികച്ച 'ടീം മാൻ' എന്ന വിശേഷണമാണ് സൂര്യകുമാറിന് ട്വിറ്ററാറ്റികൾ ചാർത്തി നൽകിയത്.
'സുവർണ ഹൃദയമുള്ള താരം. രോഹിത്തിന് വേണ്ടി തെൻറ വിക്കറ്റ് ത്യജിച്ചു. എന്തൊരു കളിക്കാരനാണയാൾ' -ഒരാൾ ട്വിറ്ററിൽ എഴുതി. 'ആ സമയത്ത് രോഹിത്ത് നന്നായി ബാറ്റ് ചെയ്യുകയായിരുന്നു. ആദ്യ മത്സരത്തിന് ശേഷം അദ്ദേഹം നങ്കൂരമിട്ട് കളിച്ച ഇന്നിങ്സായിരുന്നു ഇത്. അദ്ദേഹത്തിന് വേണ്ടി എെൻറ വിക്കറ്റ് ത്യജിക്കുന്നതിന് എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല' മത്സര ശേഷം സൂര്യകുമാർ പ്രതികരിച്ചു.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ വിരാട് കോഹ്ലിയുടെ സ്ലെഡ്ജിങ്ങിനെ വകവെക്കാതെ ടീമിനെ വിജയത്തിലെത്തിച്ച സൂര്യകുമാറിെൻറ ആരെയും കൂസാതെയുള്ള പ്രകൃതത്തെ അന്നേ പലരും പ്രശംസിച്ചിരുന്നു.
മികച്ച കളി കെട്ടഴിച്ച് വിട്ടിട്ടും ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ സൂര്യകുമാറിനെ ടീമിൽ ഉൾപെടുത്താത്തതിനെതിരെ രൂക്ഷ വിമർശനം ഉയർന്നു. ആസ്ട്രേലിയൻ പര്യടനത്തിനുള്ള ടീം പ്രഖ്യാപനത്തിെൻറ തൊട്ടടുത്ത ദിവസങ്ങളിലായിരുന്നു കോഹ്ലിയുടെ സ്ലെഡ്ജിങ്ങെന്നതും ശ്രദ്ധേയമാണ്.
40 ശരാശരിയിൽ 480 റൺസുമായി സൂര്യകുമാർ ഈ സീസണും ഗംഭീരമാക്കിയിരുന്നു. 145.01 സ്ട്രൈക്ക് റേറ്റിലായിരുന്നു പൂണെയിൽ ജനിച്ച താരം ബാറ്റ് വീശിയിരുന്നത്. നാല് അർധശതകം നേടിയ താരം റൺവേട്ടക്കാരുടെ പട്ടികയിൽ ഏഴാമനായാണ് ഫിനിഷ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.