ഏകദിന ലോകകപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറി നെറ്റിസൺസിനിടയിൽ ചിരിപടർത്തിയിരുന്നു. . ‘ലോകകപ്പിന് ടിക്കറ്റ് ചോദിച്ച് എന്നെ സമീപിക്കേണ്ടതില്ലെന്ന് സുഹൃത്തുക്കളെ ഞാന്‍ അറിയിക്കുന്നു. വീട്ടിലിരുന്ന് കളി ആസ്വദിക്കു’ -എന്നായിരുന്നു കോലി ഇന്‍സ്റ്റാ സ്റ്റോറിയില്‍ പറഞ്ഞത്.
കോഹ്ലിയുടെ സ്റ്റോറി പങ്കുവെച്ച് ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശര്‍മയും രംഗത്തുവരികയുണ്ടായി. ‘ഒരു കാര്യം കൂടി കൂട്ടിച്ചേര്‍ക്കാനുണ്ടെന്നും നിങ്ങളുടെ മെസ്സേജുകള്‍ക്ക് മറുപടി കിട്ടിയില്ലെങ്കില്‍ എന്നോട് സഹായം അഭ്യർഥിച്ച് വരരുതെന്നും നിങ്ങള്‍ക്കത് മനസിലാവുമെന്ന് കരുതുന്നതായും’ - അനുഷ്ക മറുപടിയായി പോസ്റ്റ് ചെയ്തു.
എന്നാൽ, കോഹ്‍ലിക്ക് പിന്നാലെ ഇന്ത്യയുടെ മിഡിൽ ഓഡർ ബാറ്ററായ സൂര്യകുമാർ യാദവും ഇപ്പോൾ ആരാധകരോട് അഭ്യർഥനയുമായി എത്തിയിരിക്കുകയാണ്. ലോകകപ്പ് ടിക്കറ്റ് ചോദിച്ച് വരരുതെന്നാണ് സൂര്യകുമാർ ആരാധകരോട് ആവശ്യപ്പെടുന്നത്. ശനിയാഴ്ച നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം വീട്ടിലെ സുഖസൗകര്യങ്ങളിൽ ഇരുന്നുകൊണ്ട് ആസ്വദിക്കാനാണ് താരം തമാശരൂപേണ പറയുന്നത്. തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് സൂര്യയും ഇക്കാര്യം പങ്കുവെച്ചത്.
‘‘സഹോദരൻമാരെ, എല്ലാവരുടെയും വീട്ടിൽ നല്ല ടെലിവിഷനുകളുണ്ട്.. എ.സിയിൽ ഇരുന്നുകൊണ്ട് മാച്ച് കണ്ടാസ്വദിക്കൂ. ദയവ് ചെയ്ത് ടിക്കറ്റിനായി അപേക്ഷിച്ച് വരരുത്...’’ - ഇങ്ങനെയായിരുന്നു സൂര്യകുമാർ യാദവിന്റെ സ്റ്റോറി.
അതേസമയം, ലോകകപ്പിൽ നാളെ നടക്കുന്ന ഇന്ത്യ-പാകിസ്താൻ പോരാട്ടത്തിന്റെ വ്യാജ ടിക്കറ്റുകൾ വിറ്റതിന് നാലുപേരെ അറസ്റ്റ് ചെയ്തതായി അഹ്മദാബാദ് സിറ്റി പൊലീസ് അറിയിച്ചു. 50 ടിക്കറ്റുകളാണ് തട്ടിപ്പ് സംഘം മൂന്ന് ലക്ഷം രൂപക്ക് വിറ്റത്. ജയ്മിൻ പ്രജാപതി (18), ധ്രുമിൽ താകോർ (18), രാജീവ് താകോർ (18) കുഷ് മീണ (21) എന്നിവരാണ് അറസ്റ്റിലായത്.
ആദ്യം ഒരു ഒറിജിനൽ ടിക്കറ്റ് വാങ്ങിയ സംഘം ഇത് സ്കാൻ ചെയ്ത് ഫോട്ടോഷോപ്പ് ഉപയോഗിച്ച് എഡിറ്റ് ചെയ്യുകയും 200 പ്രിന്റ് എടുക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു വ്യാജ ടിക്കറ്റ് വിൽപന. വിറ്റ 50 എണ്ണമടക്കം 200 വ്യാജ ടിക്കറ്റുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 2000 മുതൽ 20,000 വരെ രൂപക്കാണ് ഓരോ വ്യാജ ടിക്കറ്റും സംഘം വിറ്റത്. ഇങ്ങനെ മൂന്ന് ലക്ഷത്തോളം രൂപയാണ് ഇവർ തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.