മൊഹാലി: സയ്യിദ് മുഷ്താഖലി ട്രോഫിയിൽ അപരാജിത മുന്നേറ്റവുമായി ക്വാർട്ടർ ഫൈനലിൽ കടന്ന കേരളം ഒരിക്കൽ കൂടി അസമിനു മുന്നിൽ മുട്ടുമടക്കി. ക്വാർട്ടറിൽ സഞ്ജു സാംസണിന്റെ സംഘത്തെ ആറു വിക്കറ്റിന് തോൽപിച്ച് അസം സെമിഫൈനലിൽ പ്രവേശിച്ചു.
ആദ്യം ബാറ്റ് ചെയ്ത കേരളം തുടക്കത്തിലെ തകർച്ചക്കുശേഷം കരകയറി നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റിന് 158 റൺസെടുത്തു. അസം 17 പന്ത് ബാക്കിനിൽക്കെ നാലിന് 162ലെത്തി. സുമിത് ഘടികാവോങ്കറുടെയും (50 പന്തിൽ 75) ശിബ്ശങ്കർ റോയിയുടെയും (22 പന്തിൽ 42) വെടിക്കെട്ട് ബാറ്റിങ്ങാണ് അനായാസ ജയമൊരുക്കിയത്.
നേരത്തേ, ഓപണർമാരായ രോഹൻ കുന്നുമ്മലിനെയും (9) വരുൺ നായനാരെയും (7) ഡെക്കായി ക്യാപ്റ്റൻ സഞ്ജു സാംസണിനെയും ആദ്യ നാല് ഓവറിൽ 30 റൺസെടുക്കുന്നതിനിടെ കേരളത്തിന് നഷ്ടമായി. വിഷ്ണു വിനോദ് 17 റൺസെടുത്തും ശ്രേയസ് ഗോപാൽ പൂജ്യത്തിനും പുറത്തായതോടെ അഞ്ചിന് 44. തുടർന്ന് സൽമാൻ നിസാർ (44 പന്തിൽ 57 നോട്ടൗട്ട്) -അബ്ദുൽ ബാസിത് (42 പന്തിൽ 54) കൂട്ടുകെട്ടാണ് കേരളത്തെ മാന്യമായ സ്കോറിലെത്തിച്ചത്. അസമിനുവേണ്ടി ആകാശ് ഗുപ്ത മൂന്നു വിക്കറ്റെടുത്തു.
മറ്റു ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ ബറോഡ മൂന്നു വിക്കറ്റിന് മുംബൈയെയും പഞ്ചാബ് അഞ്ചു വിക്കറ്റിന് ഉത്തർപ്രദേശിനെയും ഡൽഹി 39 റൺസിന് വിദർഭയെയും തോൽപിച്ച് അവസാന നാലിലെത്തി. ശനിയാഴ്ചത്തെ സെമിയിൽ ഡൽഹിയെ പഞ്ചാബും അസമിനെ ബറോഡയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.