അരങ്ങേറ്റംകുറിച്ച് ഏതാനും മത്സരങ്ങൾക്കുള്ളിൽതന്നെ തങ്കരശു നടരാജൻ എന്ന തമിഴ്നാട് പേസ് ബൗളർ ഇന്ത്യൻ ടീമിലെ ഇരിപ്പിടം കോൺക്രീറ്റ് ചെയ്തുറപ്പിക്കുകയാണ്. കാൻബറയിലെ ഒന്നാം ഏകദിനത്തിൽ 70 റൺസ് വഴങ്ങിയെങ്കിലും ട്വൻറി20യിൽ നില മെച്ചപ്പെടുത്തി. ഞായറാഴ്ച സിഡ്നിയിൽ ഇന്ത്യൻ വിജയത്തിലും ഈ യുവ പേസ്ബൗളർക്ക് നിർണായക പങ്കുണ്ടായിരുന്നു.
കഴിഞ്ഞ കളിയിലെ ഹീറോ യുസ്വേന്ദ്ര ചഹലും (4 ഓവർ 51 റൺസ്) ദീപക് ചഹറും (4 ഓവർ 48 റൺസ്) അടികൊണ്ട് തളർന്നപ്പോൾ ടി. നടരാജൻ ഓസീസ് ബാറ്റിങ്ങിനെ വിറപ്പിച്ചു. നാല് ഓവറിൽ വെറും 20 റൺസ് വഴങ്ങിയ 'യോർക്കർ നടരാജൻ' രണ്ടു വിക്കറ്റും വീഴ്ത്തി. ഡാർസി ഷോർടിനെയും ഹെൻറിക്വസിനെയുമാണ് മടക്കി അയച്ചത്. ആകെ വഴങ്ങിയത് ഒരു ബൗണ്ടറിമാത്രം.
മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടിയ ഹാർദിക് പാണ്ഡ്യയുടെ വാക്കുകളിൽ എല്ലാമുണ്ട്- ''നടരാജനെ പ്രത്യേകം പരാമർശിക്കണം. അവനാണ് യഥാർഥ മാൻ ഒാഫ് ദ മാച്ച്. എല്ലാ ബൗളർമാരെയും ഓസീസുകാർ അടിച്ചുകൂട്ടിയപ്പോൾ, റൺസ് വഴങ്ങാതെ പന്തെറിഞ്ഞ നടരാജനാണ് അവരെ പിടിച്ചുകെട്ടിയത്. ഈ ജയത്തിെൻറ മുഴുവൻ ക്രെഡിറ്റും നടരാജന്.''
ചെന്നൈയില്‍ നിന്നും ഏകദേശം 340 കി.മി അകലെയുള്ള ചിന്നപ്പാംപാട്ടിയിലെ ദരിദ്ര കുടുംബത്തിലായിരുന്നു നടരാജൻെറ ജനനം. കൂലിപ്പണിക്കാരനായ സേലത്തുകാരൻെറയും സാരി കമ്പനിയിൽ ജോലിക്കാരിയായ ചിന്നപ്പാംപാട്ടി സ്വദേശിയുടെയും മൂത്ത മകനായി ജനനം. ടെന്നീസ് ബോള്‍ ക്രിക്കറ്റ് കളിച്ചാണ് തുടക്കം. 20 വയസുവരെ ആ പന്തു മാത്രമാണ് എറിയാൻ കിട്ടിയത്. 2011ൽ തമിഴ്നാട് ലീഗിലെ നാലാം ഡിവിഷനിൽ കളിക്കാൻ അവസരം ലഭിച്ചു. അവിടുന്നാണ് നടരാജൻെറ കരിയറിലെ ടേണിങ് പോയൻറ്. തമിഴ്നാട് പ്രീമിയർ ലീഗിലെയും ഐ.പി.എല്ലിലെയും മിന്നും പ്രകടനങ്ങളാണ് നടരാജന് ഇന്ത്യൻ ടീമിലിടം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.