സിഡ്നി: നെറ്റ്സ് പരിശീലന സെഷനിൽ പന്തെറിയാനായി ആസ്ട്രേലിയയിലെത്തിയ ടി. നടരാജൻ ഒടുവിൽ ടെസ്റ്റ് ടീമിൽ ഇടംനേടി ആസ്ട്രേലിയക്കെതിരെ പന്തെറിയാൻ ഒരുങ്ങുന്നു. രണ്ടു ദിവസമായി ഉയർന്നുകേട്ട ഊഹാപോഹങ്ങൾക്ക് അന്ത്യം കുറിച്ച് തമിഴ്നാടിെൻറ യുവ പേസ് ബൗളറെ മൂന്നാം ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെടുത്തി. പരിക്കേറ്റ ഉമേഷ് യാദവിന് പകരക്കാരനായാണ് നടരാജൻ സിഡ്നി ടെസ്റ്റ് ടീമിൽ ഇടം നേടിയത്.
ഒരു ഏകദിനവും ട്വൻറി20യും കളിച്ച നടരാജൻ നെറ്റ് ബൗളറെന്ന നിലയിൽ ടെസ്റ്റ് ടീമിനൊപ്പം തുടരുകയായിരുന്നു. മൂന്ന് ട്വൻറി20 മത്സരങ്ങളിലായി ആറു വിക്കറ്റ് നേടിയ നടരാജനെ ആ മികവ് പരിഗണിച്ചാണ് ടെസ്റ്റ് ടീമിൽ അവസരം നൽകിയത്. 30കാരനായ താരം തമിഴ്നാടിനായി 20 ഫസ്റ്റ്ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
മുഹമ്മദ് ഷമിക്കു പകരക്കാരനായി ഷർദൂൽ ഠാകുറിനെ നേരേത്തതന്നെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. ജനുവരി ഏഴു മുതൽ സിഡ്നിയിലും 14 മുതൽ ബ്രിസ്ബെയ്നിലുമാണ് പരമ്പരയിൽ അവശേഷിക്കുന്ന രണ്ടു ടെസ്റ്റ് മത്സരങ്ങൾ.
രണ്ടാം ടെസ്റ്റിൽ ടീമിനെ വിജയത്തിലേക്കു നയിച്ച അജിൻക്യ രഹാനെ ക്യാപ്റ്റനായി തുടരും. ടീമിൽ തിരികെയെത്തിയ രോഹിത് ശർമയാവും വൈസ് ക്യാപ്റ്റൻ.
അവസാന രണ്ടു ടെസ്റ്റിനുള്ള 18 അംഗ ടീം
അജിൻക്യ രഹാനെ (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ്ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, പൃഥ്വി ഷാ, കെ.എൽ. രാഹുൽ, ചേതേശ്വർ പുജാര, ഹനുമ വിഹാരി, ശുഭ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, നവദീപ് സെയ്നി, കുൽദീപ് യാദവ്, രവീന്ദ്ര ജദേജ, ആർ. അശ്വിൻ, മുഹമ്മദ് സിറാജ്, ഷർദൂൽ ഠാകുർ, ടി. നടരാജൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.