അബൂദബി: സാധ്യതയുടെ അവസാന കച്ചിത്തുരുമ്പിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ട്വൻറി20 ലോകകപ്പിൽ നേരിയ സെമി പ്രതീക്ഷ നിലനിർത്താൻ ഇന്ത്യ ഇന്ന് അഫ്ഗാനിസ്താനെതിരെ ഇറങ്ങുകയാണ്. ഗ്രൂപ് രണ്ടിൽ ആദ്യ രണ്ടു കളികളിൽ പാകിസ്താനോടും ന്യൂസിലൻഡിനോടും തോറ്റ വിരാട് കോഹ്ലിക്കും സംഘത്തിനും അടുത്ത മൂന്നു കളിയും ജയിക്കണം. ജയിച്ചാൽമാത്രം പോര, റൺശരാശരിയിൽ വൻ മുന്നേറ്റം നടത്തണം. പോരാത്തതിന് മറ്റു മത്സരഫലങ്ങൾ അനുകൂലമാവുകയും വേണം.
മൂന്നു കളികളിൽ നാലു പോയൻറുമായി ഇന്ത്യയെക്കാൾ ഏറെ മുന്നിലാണ് അഫ്ഗാൻ. ഇന്ത്യക്കെതിരെ ജയിച്ചാൽ, അവർക്ക് സെമി പ്രതീക്ഷ വർണാഭമാക്കാം. അതിനാൽ തന്നെ മുഹമ്മദ് നബിയും സംഘവും തങ്ങളുടെ എല്ലാ കരുത്തുമായാവും അങ്കത്തിനിറങ്ങുക.
എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ അത് നിലനിർത്താൻ ശേഷിക്കുന്ന മൂന്നു കളിയിലും മികച്ച വിജയം അനിവാര്യമായ ഇന്ത്യ ഇന്ന് രണ്ടും കൽപിച്ചായിരിക്കും ഇറങ്ങുക. ബാറ്റിങ്ങിലെ മോശം പ്രകടനമാണ് രണ്ടു കളിയിലും ഇന്ത്യയെ കാര്യമായി ബാധിച്ചത്. മുൻനിര ബാറ്റർമാരുടെ മോശം ഫോം ടീമിനെ ഉലച്ചുകളഞ്ഞു.
ഓപണർമാരായ രോഹിത് ശർമയും ലോകേഷ് രാഹുലും ആദ്യ കളിയിൽ പരാജയമായപ്പോൾ പരിക്കേറ്റ സൂര്യകുമാർ യാദവിന് പകരമെത്തിയ ഇഷാൻ കിഷനെ ഉൾക്കൊള്ളിക്കാൻ രണ്ടാം കളിയിൽ രോഹിതിനെ താഴോട്ടിറക്കി. പുറംവേദന മാറിയില്ലെങ്കിൽ സൂര്യകുമാർ ഇന്നും പുറത്തായിരിക്കും. അങ്ങനെയെങ്കിൽ വീണ്ടും അവസരം ലഭിക്കുന്ന കിഷനെ ഓപൺ ചെയ്യിക്കാൻ ഇന്ന് രാഹുലിനെ താഴോട്ടിറക്കുമെന്നാണ് സൂചന. ആര് ഓപൺ ചെയ്താലും തുടക്കം ടീമിന് നിർണായകമാവും. മധ്യനിരയിൽ ഹർദിക് പാണ്ഡ്യയുടെ ഫോമില്ലായ്മയാണ് ഇന്ത്യയെ വലക്കുന്നത്.
ചെറിയ സ്കോറുകളാണ് പ്രതിരോധിക്കാനുണ്ടായിരുന്നത് എന്ന ന്യായമുണ്ടെങ്കിലും ബൗളിങ്ങിലും ഇന്ത്യക്ക് കാര്യമായി തിളങ്ങാനായിട്ടില്ല. ഭുവനേശ്വർ കുമാറിന് പകരം കളിച്ച ശർദുൽ ഠാകുറിന് കഴിഞ്ഞ കളിയിൽ ഒന്നും ചെയ്യാനായില്ല. ആർ. അശ്വിന് മുന്നിൽ അവസരം ലഭിച്ച വരുൺ ചക്രവർത്തിക്ക് രണ്ട് മത്സരങ്ങളിലും തിളങ്ങാനായില്ല. ഇന്ന് അശ്വിനെ പരീക്ഷിക്കാൻ കോഹ്ലി തയാറാവുമോ എന്ന് കണ്ടറിയണം.
ട്വൻറി20 ലോകകപ്പിപേസ് ബൗളിങ് കുന്തമുനകളായ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ഇന്നെങ്കിലും തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അഫ്ഗാൻ നിരയിൽ ലെഗ്സ്പിന്നർ റാഷിദ് ഖാനെയായിരിക്കും ഇന്ത്യൻ ബാറ്റർമാർ ഏറെ ഭയക്കുന്നത്. ബാറ്റിങ്ങിൽ സൂപ്പർ സ്റ്റാറുകളില്ലെങ്കിലും കൂട്ടുത്തരവാദിത്തത്തോടെ മികച്ച സ്കോർ കണ്ടെത്താൻ കഴിയുന്നവരാണ് അഫ്ഗാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.