ഗയാനയിൽ തകർപ്പൻ മഴ; ഇന്ത്യ-ഇംഗ്ലണ്ട് സെമി മത്സരം വൈകുന്നു

ജോർജ്ടൗൺ (ഗയാന): ട്വന്‍റി20 ലോകകപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം സെമി ഫൈനൽ മത്സരം വൈകും. മത്സരം നടക്കുന്ന ഗയാനയിൽ നല്ല മഴ പെയ്യുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇന്ത്യൻ സമയം രാത്രി എട്ടിന് നടക്കുന്ന മത്സരത്തിന് റിസർവ് ദിനമില്ല. മഴമൂലം തടസ്സപ്പെടുകയാണെങ്കിൽ മത്സരം പൂർത്തിയാക്കാൻ 250 മിനിറ്റ് അധികം സമയം അനുവദിച്ചിട്ടുണ്ട്. അതിനിടയിലും മത്സരം നടക്കാതെ വന്നാൽ ഗ്രൂപ്പ് ഒന്ന് ചാമ്പ്യന്മാരായ ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടും. മഴ കാരണം പിച്ച് മൂടിയ നിലയിലാണ്. ഗയാന സമയം രാവിലെ 10.30നാണ് മത്സരം. വൈകീട്ട് ആറുവരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. മത്സരം നടക്കുന്ന ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയം മഴയില്‍ മുങ്ങിനില്‍ക്കുന്നതിന്റെ വിഡിയോ മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ദിനേഷ് കാര്‍ത്തിക്കും ആരാധകരും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

പ്രാദേശിക സമയം 12.10നുള്ളിൽ മത്സരം ആരംഭിക്കാനായാൽ മുഴുവന്‍ ഓവര്‍ മത്സരം നടത്തും. അതിലും വൈകിയാല്‍ മാത്രമേ ഓവറുകള്‍ ചുരുക്കൂ. എന്നാൽ 10 ഓവര്‍ മത്സരമെങ്കിലും നടത്താനുള്ള സാഹചര്യമുണ്ടായില്ലെങ്കിൽ കളി ഉപേക്ഷിക്കും. കഴിഞ്ഞ ട്വന്‍റി20 ലോകകപ്പിൽ ആസ്ട്രേലിയയിലെ അഡലെയ്ഡ് ഓവലിൽ നടന്ന സെമി പോരാട്ടത്തിൽ ഇന്ത്യയെ പത്ത് വിക്കറ്റ് തകർത്താണ് ഇംഗ്ലണ്ട് കലാശപ്പോരിന് യോഗ്യത നേടിയതും ചാമ്പ്യന്മാരാകുന്നതും.

ഇത്തവണയും സെമിയിൽ അതേ നായകർക്ക് കീഴിലാണ് ഇന്ത്യയും ഇംഗ്ലണ്ടും മുഖാമുഖം വരുന്നത്. അന്നത്തെ തോൽവിക്കുള്ള മധുരപ്രതികാരത്തിനുള്ള അവസരം കൂടിയാണ് ഗയാനയിലെ മത്സരം. ഇത്തവണ തോൽവി അറിയാതെയാണ് ഇന്ത്യ സെമിയിലെത്തിയത്. ഗ്രൂപ് എയിൽ കാനഡക്കെതിരായ കളി മഴയിൽ മുങ്ങിയതൊഴിച്ചാൽ ആധികാരിമായിരുന്നു മെൻ ഇൻ ബ്ലൂവിന്റെ ആറ് ജയങ്ങളും. ഒന്നോ രണ്ടോ പേരൊഴിച്ച് ബാറ്റർമാരും ബൗളർമാരും ഒരുപോലെ വിശ്വാസം കാക്കുന്നുണ്ട്. തുടക്കത്തിൽ നിരാശപ്പെടുത്തിയ ക്യാപ്റ്റൻ രോഹിത് ശർമ സൂപ്പർ എട്ടിലെ അവസാന കളിയിൽ ഓസീസിനെതിരെ മിന്നി.

വിരാട് കോഹ്‌ലി ഇനിയും വലിയ സ്കോർ കണ്ടെത്താത്തത് ആശങ്കയായി തുടരുന്നത്. ഓൾ റൗണ്ടറായി നിലനിർത്തുന്ന രവീന്ദ്ര ജദേജ ദയനീയ പരാജയമാണ്. ശിവം ദുബെയെയും ഈ ഗണത്തിൽപ്പെടുത്തിയാണ് കളിപ്പിക്കുന്നതെങ്കിലും പന്തെറിയാൻ അവസരം കൊടുക്കുന്നില്ല. ബാറ്റിങ് പ്രകടനം അത്ര ആശാവഹവുമില്ല. സെമി ഫൈനലായതിനാൽ ഇന്ത്യൻ ഇലവനിൽ പരീക്ഷണങ്ങൾക്ക് സാധ്യതയില്ലെങ്കിലും വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ, സ്പിന്നർ യുസ്വേന്ദ്ര ചാഹൽ തുടങ്ങിയവർ അവസരം കാത്തിരിക്കുന്നുണ്ട്.

ക്യാപ്റ്റൻ ബട്ട്ലറും ഫിൽ സാൾട്ടും ചേർന്ന ഇംഗ്ലീഷ് ഓപണിങ് ജോടി അപകടകാരികളാണ്. ഇവർ നിലയുറപ്പിച്ചാൽ ഇന്ത്യൻ ബൗളർമാർക്ക് പണിയാവും. സ്പിന്നർ ആദിൽ റഷീദിനെയും പേസർ ക്രിസ് ജോർഡനെയും സൂക്ഷിക്കണം. മുഈൻ അലിയും സാം കറന്റെയും ലിയാം ലിവിങ്സ്റ്റണിന്റെയും ഓൾ റൗണ്ട് മികവിലും ഇംഗ്ലണ്ട് വലിയ പ്രതീക്ഷ അർപ്പിക്കുന്നുണ്ട്. ഗ്രൂപ് റൗണ്ടിൽ ആസ്ട്രേലിയയോടും സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോടും തോൽവികൾ ഏറ്റുവാങ്ങിയാണ് ഇവരുടെ വരവ്.

Tags:    
News Summary - T20 World Cup 2024: Rain In Guyana, Toss Likely To Be Delayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.