നിരാശപ്പെടുത്തി കോഹ്ലിയും പന്തും; മത്സരം തടസ്സപ്പെടുത്തി മഴ; ഇന്ത്യ രണ്ടിന് 65

ജോർജ്ടൗൺ (ഗയാന): ട്വന്‍റി20 ലോകകപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് സെമി മത്സരം മഴമൂലം തടസ്സപ്പെട്ടു. ഇന്ത്യ എട്ടു ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 65 റൺസെടുത്ത് നിൽക്കെയാണ് മഴ എത്തിയത്.

സൂപ്പർതാരം വിരാട് കോഹ്ലി വീണ്ടും നിരാശപ്പെടുത്തി. ഒമ്പത് പന്തുകളിൽ ഒമ്പതു റണ്‍സെടുത്ത കോഹ്ലിയെ പേസർ റീസ് ടോപ്‍ലി ബോൾഡാക്കി. നാലു റൺസെടുത്ത ഋഷഭ് പന്ത് സാം കറണിന്‍റെ പന്തിൽ ജോണി ബെയർസ്റ്റോക്ക് ക്യാച്ച് നൽകി മടങ്ങി. നായകൻ രോഹിത് ശർമയും (26 പന്തിൽ 37) സൂര്യകുമാർ യാദവുമാണ് (ഏഴ് പന്തിൽ 13 ) ക്രീസിൽ.

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ജോസ് ബട്ലർ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മഴ കാരണം വൈകിയാണ് മത്സരം ആരംഭിച്ചത്. സൂപ്പർ എട്ട് റൗണ്ടിൽ ആസ്ട്രേലിയക്കെതിരെ കളിച്ച അതേ ടീമുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. ഇംഗ്ലണ്ട് ടീമിലും മാറ്റമില്ല. മത്സരത്തിന് റിസർവ് ദിനമില്ല. മഴമൂലം വൈകുകയാണെങ്കിൽ മത്സരം പൂർത്തിയാക്കാൻ 250 മിനിറ്റ് അധികം സമയം അനുവദിച്ചിട്ടുണ്ട്. അതിനിടയിലും മത്സരം നടക്കാതെ വന്നാൽ ഗ്രൂപ്പ് ഒന്ന് ചാമ്പ്യന്മാരായ ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടും.

10 ഓവര്‍ മത്സരമെങ്കിലും നടത്താനുള്ള സാഹചര്യമുണ്ടായില്ലെങ്കിൽ കളി ഉപേക്ഷിക്കും. കഴിഞ്ഞ ട്വന്‍റി20 ലോകകപ്പിൽ ആസ്ട്രേലിയയിലെ അഡലെയ്ഡ് ഓവലിൽ നടന്ന സെമി പോരാട്ടത്തിൽ ഇന്ത്യയെ പത്ത് വിക്കറ്റ് തകർത്താണ് ഇംഗ്ലണ്ട് കലാശപ്പോരിന് യോഗ്യത നേടിയതും ചാമ്പ്യന്മാരാകുന്നതും. ഇത്തവണയും സെമിയിൽ അതേ നായകർക്ക് കീഴിലാണ് ഇന്ത്യയും ഇംഗ്ലണ്ടും മുഖാമുഖം വരുന്നത്. അന്നത്തെ തോൽവിക്കുള്ള മധുരപ്രതികാരത്തിനുള്ള അവസരം കൂടിയാണ് ഗയാനയിലെ മത്സരം. ഇത്തവണ തോൽവി അറിയാതെയാണ് ഇന്ത്യ സെമിയിലെത്തിയത്. ഗ്രൂപ് എയിൽ കാനഡക്കെതിരായ കളി മഴയിൽ മുങ്ങിയതൊഴിച്ചാൽ ആധികാരിമായിരുന്നു മെൻ ഇൻ ബ്ലൂവിന്റെ ആറ് ജയങ്ങളും. ഗ്രൂപ് റൗണ്ടിൽ ആസ്ട്രേലിയയോടും സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോടും തോൽവികൾ ഏറ്റുവാങ്ങിയാണ് ഇംഗ്ലീഷുകാരുടെ വരവ്.

ടീം ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോഹ്ലി, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.

ടീം ഇംഗ്ലണ്ട്: ഫിൽ സോൾട്ട്, ജോസ് ബട്‍ലർ (ക്യാപ്റ്റൻ), ജോണി ബെയർസ്റ്റോ, ഹാരി ബ്രൂക്ക്, മൊയീൻ അലി, ലിയാം ലിവിങ്സ്റ്റൺ, സാം കറൻ, ക്രിസ് ജോർദാൻ, ജോഫ്ര ആർച്ചർ, ആദിൽ റാഷിദ്, റീസ് ടോപ്‍ലി.

Tags:    
News Summary - T20 World Cup 2024: Rain Stops Play

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.