രോഹിത്തിന് അർധ സെഞ്ച്വറി; ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 172 റൺസ് വിജയലക്ഷ്യം

ജോർജ്ടൗൺ (ഗയാന): ട്വന്‍റി20 ലോകകപ്പ് സെമിയിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 172 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു.

അർധ സെഞ്ച്വറി നേടിയ രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. നായകൻ 39 പന്തിൽ 57 റൺസ് നേടിയാണ് പുറത്തായത്. രണ്ടു സിക്സും നാലു ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. താരത്തിന്‍റെ തുടർച്ചയായ അർധ സെഞ്ച്വറിയാണിത്. സൂപ്പർ എട്ടിൽ ആസ്ട്രേലിയക്കെതിരെ 92 റൺസെടുത്തിരുന്നു. സൂര്യകുമാർ 36 പന്തിൽ 47 റൺസെടുത്തു. ഇരുവരും മൂന്നാം വിക്കറ്റിൽ നേടിയ 70 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യയെ പൊരുതാനുള്ള സ്കോറിലെത്തിച്ചത്.

ഇംഗ്ലണ്ടിനായി ക്രിസ് ജോർദാൻ മൂന്നു വിക്കറ്റ് നേടി. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ജോസ് ബട്ലർ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മഴമൂലം വൈകിയാണ് മത്സരം തുടങ്ങിയത്. പിച്ചിലെ ഈർപ്പം ഇന്ത്യയുടെ ബാറ്റിങ് ദുഷ്കരമാക്കി. സൂപ്പർതാരം വിരാട് കോഹ്ലി വീണ്ടും നിരാശപ്പെടുത്തി. ഒമ്പത് പന്തുകളിൽ ഒമ്പതു റണ്‍സെടുത്ത കോഹ്ലിയെ പേസർ റീസ് ടോപ്‍ലി ബോൾഡാക്കി. അധികം വൈകാതെ നാലു റൺസെടുത്ത ഋഷഭ് പന്ത് സാം കറണിന്‍റെ പന്തിൽ ജോണി ബെയർസ്റ്റോക്ക് ക്യാച്ച് നൽകി മടങ്ങി. ഇന്ത്യ 5.2 ഓവറിൽ രണ്ടു വിക്കറ്റിന് 40 റൺസ്.

രോഹിത്തും സൂര്യകുമാറും ക്രീസിൽ ഒന്നിച്ചതോടെ ടീമിന്‍റെ സ്കോറും കുതിച്ചു. ഇതിനിടെ വീണ്ടും മഴ പെയ്തതോടെ മത്സരം തടസ്സപ്പെട്ടു. മത്സരം പുനരാരംഭിച്ചതോടെ രോഹിത്തും സൂര്യയും ഇന്ത്യൻ സ്കോർ നൂറ് കടത്തി. പിന്നാലെ രോഹിത് ആദിൽ റാഷിദിന്‍റെ പന്തിൽ വമ്പനടിക്ക് ശ്രമിക്കുന്നതിനിടെ ബൗൾഡായി. സൂര്യകുമാറിനെ ആർച്ചറുടെ പന്തിൽ ക്രിസ് ജോർദാൻ ക്യാച്ചെടുത്താണ് പുറത്താക്കിയത്. 13 പന്തിൽ 23 റൺസെടുത്ത ഹാർദിക് പാണ്ഡ്യ ജോർദാന്‍റെ പന്തിൽ സാം കറണിന് ക്യാച്ച് നൽകി മടങ്ങി. തുടർച്ചയായ രണ്ടു സിക്സുകൾ പറത്തിയശേഷമാണ് പാണ്ഡ്യ പുറത്തായത്. തൊട്ടടുത്ത പന്തിൽ ശിവം ദുബെയെയും മടക്കി ജോർദൻ ഇന്ത്യയെ പ്രതിരോധത്തിലാക്കി. വിക്കറ്റ് കീപ്പർ ബട്ലർക്ക് ക്യാച്ച് നൽകിയാണ് താരം പുറത്തായത്.

അക്സർ പട്ടേൽ ആറു പന്തിൽ 10 റൺസെടുത്തു. 17 റൺസുമായി രവീന്ദ്ര ജദേജയും ഒരു റണ്ണുമായി അർഷ്ദീപ് സിങ്ങും പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി റീസ് ടോപ്ലി, ആർച്ചർ, കറൺ, ആദിൽ റാഷിദ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

ആസ്ട്രേലിയക്കെതിരെ കളിച്ച അതേ ടീമുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. ഇംഗ്ലണ്ട് ടീമിലും മാറ്റമില്ല. മത്സരത്തിന് റിസർവ് ദിനമില്ല. മഴമൂലം വൈകുകയാണെങ്കിൽ മത്സരം പൂർത്തിയാക്കാൻ 250 മിനിറ്റ് അധികം സമയം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ട്വന്‍റി20 ലോകകപ്പിൽ ആസ്ട്രേലിയയിലെ അഡലെയ്ഡ് ഓവലിൽ നടന്ന സെമി പോരാട്ടത്തിൽ ഇന്ത്യയെ പത്ത് വിക്കറ്റ് തകർത്താണ് ഇംഗ്ലണ്ട് കലാശപ്പോരിന് യോഗ്യത നേടിയതും ചാമ്പ്യന്മാരാകുന്നതും. ഇത്തവണയും സെമിയിൽ അതേ നായകർക്ക് കീഴിലാണ് ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നത്.

Tags:    
News Summary - T20 World Cup 2024: Rohit Sharma, Suryakumar Yadav Steer India To 171/7 vs England

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.