ന്യൂയോർക്: ട്വന്റി20 ലോകകപ്പ് ഗ്രൂപ് എയിൽ നിന്ന് സൂപ്പർ എട്ടിനരികിലെത്തിയ ഇന്ത്യക്കും യു.എസിനും ഇന്ന് മൂന്നാം മത്സരം. ആദ്യ രണ്ട് കളികളും ജയിച്ച മുൻ ചാമ്പ്യന്മാരും ആതിഥേയരും മുഖാമുഖം വരുമ്പോൾ ജയിക്കുന്നവർക്ക് സംശയലേശമെന്യേ മുന്നേറാം.
ഇന്ത്യക്കാരും ഇന്ത്യൻ വംശജരും നിറഞ്ഞ ടീമിനെതിരെയാണ് രോഹിത് ശർമയും സംഘവും അങ്കം കുറിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യ യഥാക്രമം അയർലൻഡിനെയും പാകിസ്താനെയും തോൽപിച്ച് നാല് പോയന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ്. കാനഡയെയും പാകിസ്താനെയും വീഴ്ത്തിയ യു.എസിനും ഇത്ര പോയന്റുണ്ട്.
ആദ്യ കളിയിൽ ഐറിഷ് സംഘത്തിനെതിരെ അനായാസ ജയം നേടിയ ഇന്ത്യ രണ്ടാം മത്സരത്തിൽ ബാറ്റിങ്ങിൽ പതറിയിരുന്നു. ബൗളർമാരുടെ കരുത്തിൽ പാക് സംഘത്തെ വരിഞ്ഞുമുറുക്കിയാണ് മെൻ ഇൻ ബ്ലൂ 119 റൺസ് വിജയകരമായി പ്രതിരോധിച്ചത്. അയർലൻഡിനെതിരായ ഇലവനെ നിലനിർത്തിയ രോഹിതും പരിശീലകൻ രാഹുൽ ദ്രാവിഡും ഇന്ന് ചില പരീക്ഷണങ്ങൾക്ക് മുതിർന്നാൽ അത്ഭുതപ്പെടാനില്ല.
ഓൾ റൗണ്ടറെന്ന നിലയിൽ അവസരം ലഭിച്ച ശിവം ദുബെ ബാറ്റിങ്ങിൽ പരാജയമായത് പുനർവിചിന്തനത്തിന് പ്രേരിപ്പിക്കുന്നുണ്ട്. പേസറായ ദുബെയെ ബൗളിങ്ങിന് വിളിച്ചതുമില്ല. ബാറ്റർമാരായ യശസ്വി ജയ്സ്വാളും സഞ്ജു സാംസണുമെല്ലാം ബെഞ്ചിലിരിക്കുകയാണ്.
ദുബെയെ മാറ്റിനിർത്തുകയാണെങ്കിൽ ഒരു സ്പെഷലിസ്റ്റ് ബാറ്ററെയോ റിസ്റ്റ് സ്പിന്നർമാരായ യുസ്വേന്ദ്ര ചാഹലിനെയോ കുൽദീപ് യാദവിനെയോ ഇറക്കിയേക്കും. സ്പിൻ ഓൾ റൗണ്ടറായ രവീന്ദ്ര ജദേജയുടെ സ്ഥാനത്തിനും ഭീഷണിയുണ്ട്. വിരാട് കോഹ്ലി ഇനിയും ഫോമിലേക്ക് ഉയരാത്തതും ഇന്ത്യയെ കുഴക്കുന്നു.
മറുഭാഗത്ത് മൊണാങ്ക് പട്ടേൽ നയിക്കുന്ന യു.എസ് നിര തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ബാറ്റർമാരായ മൊണാങ്ക്, ആരോൺ ജോൺസ്, ആൻഡ്രീസ് ഗൗസ് തുടങ്ങിയവർ ഫോം തുടരുന്നു. സൂപ്പർ ഓവർ ഫലം നിർണയിച്ച പാകിസ്താനെതിരായ കളിയിൽ ബൗളിങ് മികവും കണ്ടു.
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോഹ്ലി, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ശിവം ദുബെ, യശസ്വി ജയ്സ്വാൾ, സഞ്ജു സാംസൺ, യുസ്വേന്ദ്ര ചാഹൽ.
യു.എസ്: മൊണാങ്ക് പട്ടേൽ (ക്യാപ്റ്റൻ), ആരോൺ ജോൺസ്, ആൻഡ്രീസ് ഗൗസ്, കോറി ആൻഡേഴ്സൺ, അലി ഖാൻ, ഹർമീത് സിങ്, ജെസ്സി സിങ്, മിലിന്ദ് കുമാർ, നിസർഗ് പട്ടേൽ, നിതീഷ് കുമാർ, നോഷ്തുഷ് കെഞ്ചിഗെ, സൗരഭ് നേത്രാൽവകർ, ഷാഡ്ലി വാൻ ഷാൽക്വിക്ക്, സ്റ്റീവൻ ടെയ്ലർ, ഷയാൻ ജഹാംഗീർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.