ഹരാരെ: ക്രിക്കറ്റ് മത്സരത്തിനിടെ കളിക്കാർ പരസ്പരം കൊമ്പുകോർക്കുന്നത് നിത്യ സംഭവമാണ്. പന്ത് അതിർത്തി കടത്തിയ ശേഷവും വിക്കറ്റെടുത്ത ശേഷവും ക്യാച് എടുത്ത ശേഷവും കളിക്കാർ നൃത്തച്ചുവടുകൾ വെക്കുന്നതും നാം കാണാറുണ്ട്. എന്നാൽ സിംബാബ്വെ-ബംഗ്ലാദേശ് ടെസ്റ്റ് മത്സരത്തിനിടെ ഇവ രണ്ടും ഒരുമിച്ച് സംഭവിച്ചു.
രണ്ടാംദിവസം സിംബാബ്വെ പേസർ ബ്ലെസിങ് മുസർബാനിയുടെ പന്ത് ബംഗ്ലാദേശിന്‍റെ പത്താം നമ്പർ ബാറ്റ്സ്മാനായ തസ്കീൻ അഹ്മദ് വിജയകരമായി പ്രതിരോധിച്ചു. ഷോർട്ട് പിച്ച് പന്ത് പ്രതിരോധിച്ചതിന് പിന്നാല തസ്കിൻ ക്രീസിൽ നിന്ന് ചുവടുവെച്ചു.
ഇത് അത്ര ഇഷ്ടപ്പെടാതിരുന്ന മുസർബാനി തസ്കിന്റെ അടുത്തെത്തി കൊമ്പുകോർക്കുകയായിരുന്നു. ഇരുവരും വാഗ്വാദത്തിൽ ഏർപെട്ട ശേഷം മുസർബാനി തസ്കിന്റെ ഹെൽമെറ്റിൽ മുഖം ഉരസി. ഐ.സി.സി പെരുമാറ്റച്ചട്ട ലംഘനത്തിന് ഇരുവർക്കും പിഴ ലഭിച്ചു. മാച്ച്ഫീയുടെ 15 ശതമാനമാണ് പിഴയായി ഒടുക്കേണ്ടത്.
ആറിന് 132 റൺസ് എന്ന നിലയിൽ പതറിയിരുന്ന ബംഗ്ലദേശിനെ നായകൻ മഹ്മുദുല്ല ലിട്ടൺ ദാസിന്‍റെയും (95) തസ്കിൻ അഹമദിന്‍റെയും (75) പിന്തുണയോടെ കരകയറ്റിയിരുന്നു. വാലറ്റത്ത് പാറപോലെ ഉറച്ച് നിന്ന തസ്കിന്റെ പ്രതിരോധമായിരിക്കാം സിംബാബ്വെ ബൗളറെ പ്രകോപിപ്പിച്ചത്.
ഒമ്പതാം വിക്കറ്റിൽ മഹ്മുദുല്ലയും തസ്കിനും ചേർന്ന് 191 റൺസിന്‍റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ആദ്യ ഇന്നിങ്സിൽ 468 റൺസെടുത്ത ബംഗ്ലദേശ് ആതിഥേയരെ 276ന് പുറത്താക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.